‘ഇക്കണോമിക് സര്‍വേയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറയും; ബജറ്റിലുണ്ടാകില്ല; എയിംസ് കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു പ്രതികരണം; ശ്രീധരന് മുമ്പും പല ഓഫീസുകള്‍ തുടങ്ങിയിട്ടുണ്ട്’; കണക്കിനു കൊട്ടി മുഖ്യമന്ത്രി

തൃശൂര്‍: രാജ്യത്തിന് എല്ലാ അര്‍ത്ഥത്തിലും അഭിമാനിക്കാന്‍ കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് വെച്ചുപുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇക്കണോമിക് സര്‍വെയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങള്‍ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളില്‍ ഒന്നിലധികം വന്നു. കേരളം ദീര്‍ഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസര്‍ക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിര്‍ദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് ആവശ്യം ഉന്നയിച്ചു. എയിംസ് ആവശ്യപ്പെടുമ്പോഴൊക്കെ ഇപ്പോ കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ സമീപനം. പക്ഷേ ഓരോ വര്‍ഷവും കേരളത്തിന് നിരാശയാണ് ഫലം. അത് തന്നെ ഈ വര്‍ഷവും ആവര്‍ത്തിച്ചു.
എയിംസില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ സമീപം. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഒരു പ്രത്യേക പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലുള്ളവര്‍ പഴയ സ്പീഡില്‍ യാത്ര ചെയ്താല്‍ മതിയെന്ന നിലപാപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതിന് പരിഹാരമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ എന്ന പദ്ധതി കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അര്‍ധഅതിവേഗ ട്രെയിനായിരുന്നു പദ്ധതി. സാധാരണ ഗതിയില്‍ കേരളം പോലൊരു സംസ്ഥാനത്തിന് അത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുക. പക്ഷേ, കേരളത്തിന് അംഗീകാരം നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
തുടര്‍ന്ന്, കേന്ദ്രം അനുമതി നല്കുമ്പോള് മുന്നോട്ടുപോകാം എന്ന സമീപനത്തില്‍ സംസ്ഥാന സര്‍ക്കാരെത്തി. അപ്പോഴാണ് ഇ ശ്രീധരന് രംഗത്തുവരുന്നത്. ഏത് പദ്ധതിയായാലും വേഗത്തില്‍ പോകാനുള്ള ട്രെയിന്‍ വേണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ശ്രീധരന് നല്കിയ രൂപരേഖ കേന്ദ്ര റെയില്‍വെ മന്ത്രിയെ അറിയിച്ചു. പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് യോജിപ്പാണോ എന്ന് കേന്ദ്രമന്ത്രിയോട് ചോദിച്ചു. എന്നാല്‍ ഇതുവരേയേക്കും അതിന് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ശ്രീധരന് ഇപ്പോള്‍ ഓഫീസ് തുടങ്ങിയതായി കാണുന്നുണ്ട്. അദ്ദേഹം പല ഓഫീസ് മുന്‍പും തുടങ്ങിയതാണല്ലോ.- മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അഞ്ച് അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും കേരളം ഇല്ല. എന്ത് തെറ്റാണ് കേരളം ചെയ്തത് എന്തൊരു പകയാണ് കേരളത്തോട് കേരളം ബിജെപിയെ അംഗീകരിക്കാത്തതിന്റെ വിദ്വേഷം ഇവിടുത്തെ ജനങ്ങളോട് കാട്ടുകയാണ്. ഫെഡറല്‍ സംവിധാനമാണ് ഇന്ത്യയിലേത്. എന്നാല്‍ ഫെഡറല്‍ തത്വം പൂര്‍ണമായും നിരാകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം തന്നെ കവര്‍ന്നെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






