യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്

മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.
ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്.
യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം നാട്ടിലുണ്ടാക്കുന്ന അമര്‍ഷം തിരിച്ചറിഞ്ഞാണ് ഭരണകൂടം മറ്റുരാജ്യങ്ങളില്‍ നിന്ന് കൂലിക്ക് ആളെയെടുത്ത് യുദ്ധത്തിന് അയക്കുന്നത്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഇറാഖ്, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങി ഏഷ്യയിലെയും ആഫ്രിക്കയിലെയും ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് യുവാക്കള്‍ ചതിക്കപ്പെട്ടും പണത്തില്‍ അകൃഷ്ടരായും റഷ്യന്‍ പട്ടാളത്തിനൊപ്പമെത്തുന്നുണ്ട്. യുദ്ധം തുടങ്ങിയ വര്‍ഷം 3 ലക്ഷം പേരെ കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്തു. ജയിലുകളില്‍നിന്ന് ക്രിമിനലുകളെ മോചിപ്പിച്ച് യുദ്ധത്തിനയച്ചു. എല്ലാവര്‍ക്കും വന്‍തുക ശമ്പളം, കടം ഏറ്റെടുക്കലടക്കം മറ്റ് ആനുകൂല്യങ്ങളും. നിര്‍ബന്ധിത റിക്രൂട്ട്‌മെന്റ് പേടിച്ചു പതിനായിരക്കണക്കിനു യുവാക്കള്‍ റഷ്യ വിട്ടു.
പട്ടാളത്തിന്റെ കരാറിലൊപ്പിടുന്ന റഷ്യക്കാര്‍ക്ക് കിട്ടുന്ന ബോണസ് മാത്രം 50,000 അമേരിക്കന്‍ ഡോളര്‍ (45 ലക്ഷം രൂപ) വരും. ശമ്പളവും മറ്റാനുകൂല്യങ്ങളും വേറെ. നികുതി ഇളവുകള്‍, കടം ഒഴിവാക്കിക്കൊടുക്കല്‍ തുടങ്ങിയവ വേറെയും. റഷ്യയിലെ ചില മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ശരാശരി വാര്‍ഷികവരുമാനം 18 ലക്ഷം രൂപയില്‍ താഴെയാണെന്ന് ഓര്‍ക്കണം. വിദേശികള്‍ക്ക് പണത്തിനൊപ്പം പൗരത്വം കൂടിയാണ് വാഗ്ദാനം.
യുക്രെയ്ന്‍ യുദ്ധത്തിന് പോയവരുടെ കരാറുകള്‍ എപ്പോള്‍ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് റഷ്യന്‍ പട്ടാളമാണ്. അവര്‍ നിശ്ചയിക്കുന്ന പ്രായപരിധി പിന്നിടുന്നവരെയും പരുക്കേറ്റ് യുദ്ധത്തിനിറങ്ങാന്‍ കഴിയാതായവരെയും മാത്രമേ കരാറുകളില്‍ നിന്ന് മോചിപ്പിച്ചിരുന്നുള്ളു. ഇതോടെ പട്ടാളത്തിലേക്ക് റഷ്യയില്‍ നിന്ന് പുതുതായി ആളെ കിട്ടാന്‍ പ്രയാസമായി. അങ്ങനെയാണ് പുറംനാട്ടുകാരിലേക്ക് ശ്രദ്ധ മാറിയത്.
റഷ്യന്‍ പട്ടാളത്തില്‍ ചേരാമെന്ന് ഉറപ്പുകൊടുക്കുന്നവര്‍ക്കും കരാറിലൊപ്പിടുന്നവര്‍ക്കും വേഗത്തില്‍ റഷ്യന്‍ പൗരത്വം നല്‍കാന്‍ നിയമം പാസാക്കി. റഷ്യയില്‍ വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ റെയ്ഡുകള്‍ വര്‍ധിപ്പിച്ചു. അവരെ സമ്മര്‍ദത്തിലാക്കി സൈന്യത്തില്‍ ചേര്‍ത്തു. റഷ്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന ചില വിഭാഗങ്ങള്‍ക്ക് നവംബര്‍ മുതല്‍ സൈനികസേവനം നിര്‍ബന്ധമാക്കി. റിക്രൂട്ടിങ് ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ വാഗ്ദാനം ചെയ്ത് ആളുകളെ എത്തിക്കുകയും തട്ടിപ്പിലൂടെ സൈനികസേവന കരാറുകളില്‍ ഒപ്പിടുവിച്ച് യുദ്ധത്തിനയക്കുകയും ചെയ്തു.
ക്യൂബയും നേപ്പാളും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം റാക്കറ്റുകളെ പിടികൂടുകയും റഷ്യയോട് തങ്ങളുടെ പൗരന്മാരെ തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് തൊഴില്‍ വാഗ്ദാനം ചെയ്ത് 35 പേരെ കടത്തിയ റാക്കറ്റിനെ കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയിരുന്നു. ഇറാഖില്‍ നിന്ന് പോയ അയ്യായിരം പേരെങ്കിലും റഷ്യന്‍ പട്ടാളത്തിനൊപ്പമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥ സംഖ്യ വളരെ അധികമാണ്.
യുക്രെയ്‌നില്‍ യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്ന ഏജന്‍സിയുടെ കണക്കനുസരിച്ച് റഷ്യന്‍ സൈന്യത്തിനുവേണ്ടി പോരാടിയിരുന്ന പതിനെണ്ണായിരത്തിലധികം വിദേശികള്‍ യുക്രെയ്‌നിന്റെ പിടിയിലുണ്ട്. നാല്‍പ്പതോളം രാജ്യങ്ങളിലെ പൗരന്മാര്‍ ഇതില്‍പ്പെടും. 3400 പേരെങ്കിലും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നിട്ടും റഷ്യന്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് തടസമില്ലാതെ തുടരുകയാണെന്നാണ് റഷ്യയില്‍ നിന്നുള്ള ഗവേഷകരും സംഘടനകളും പറയുന്നത്. പണവും പൗരത്വവും തന്നെയാണ് ഇതുവരെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നത്. എന്നാല്‍ യുദ്ധം നാലുവര്‍ഷം പിന്നിടുമ്പോള്‍ റഷ്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇനിയങ്ങോട്ട് കാര്യങ്ങള്‍ ദുഷ്‌കരമാക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്.






