മുംബൈ: ജീവനക്കാര്‍ കോവിഡ് വാക്സിനെടുത്തില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് താനെ കോര്പറേഷന്.
ഒരു ഡോസ് വാക്സിന് പോലും എടുക്കാത്തവര്‍ക്കാണ് ഈ മുന്നറിയിപ്പ്. ആദ്യ ഡോസ് കോവിഡ് വാക്സിനെടുക്കാത്ത കോര്പറേഷന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ല. കൃത്യ സമയത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്സിന് എടുക്കാത്തവര്‍ക്കും ശമ്പളം നല്‍കില്ലെന്ന് കോര്പറേഷന് ഇറക്കിയ ഔദ്യോഗിക റിലീസില്‍ പറയുന്നു.
തിങ്കളാഴ്ച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മേയര്‍, കമീഷണര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം.സിവില്‍ ഉദ്യോഗസ്ഥര്‍ അവരുടെ മേല്‍ അധികാരികള്‍ക്ക് മുന്നില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. ജനങ്ങളില്‍ വാക്സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും ഒന്നാം ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കൃത്യസമയത്ത് നല്‍കാനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ചൊവ്വാഴ്ച്ച മുതല്‍ നഗരത്തില്‍ വാക്സിനേഷന് ഡ്രൈവ് ആരംഭിക്കുമെന്ന് കോര്പറേഷന് മേയര്‍ പറഞ്ഞു.
‘ഹര് ഗര്‍ ദസ്തക്’ പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ഇതുവരേയും വാക്സിന് സ്വീകരിക്കാത്തവരുടെ വിവരങ്ങള്‍ വീടുകളില്‍ ചെന്ന് ശേഖരിക്കും. സ്വീകരിക്കാത്തവര്‍ക്ക് വാക്സിന് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം അവസാനത്തോടെ നഗരത്തിലെ വാക്സിനേഷന് പൂര്‍ത്തീകരിക്കാനാണ് കോര്‍പറേഷന്റെ ശ്രമം.