Breaking NewsIndiaKeralaLead NewsLocalNEWSNewsthen Special

പേടിക്കണ്ട ലോഡ് ഷെഡിംഗ് ഇല്ല ; കേരളത്തില്‍ ഒരു മാസം വൈദ്യുതി ഉത്പാദനമുണ്ടാവില്ല ; ഇടുക്കി വൈദ്യുതി നിലയം നാളെ മുതല്‍ ഒരു മാസം അടച്ചിടും ; പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഉണ്ടാകില്ലെന്ന് വൈദ്യതിമന്ത്രി

 

ഇടുക്കി : ഇടുക്കി വൈദ്യുതി നിലയത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഒരു മാസത്തേക്ക് വൈദ്യുതിനിലയം അടച്ചിടും. സംസ്ഥാനത്ത് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. വൈദ്യുതി ഉത്പാദനമുണ്ടാവില്ലെങ്കിലും കേരളത്തില്‍ ഇതുമൂലം ലോഡ്‌ഷെഡിംഗോ പവര്‍കട്ടോ ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
നിര്‍മ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായാണ് ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടുന്നത്.

Signature-ad

ജനറേറ്ററുകളുടെ വാള്‍വുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാല്‍ സുരക്ഷയെ ബാധിക്കുമെന്നും ചില വാള്‍വുകളില്‍ ഗുരുതര പോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വൈദ്യുതി നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വില്‍പ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും, വൈദ്യുതി നിരക്ക് വര്‍ധനയുണ്ടാവില്ല. ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു.

മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവര്‍ഹൗസ് താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക. നവംബര്‍ 11മുതല്‍ ഡിസംബര്‍ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവര്‍ഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ആകെയുളളത് ആറ് ജനറേറ്ററാണ്. മൂന്ന് ജനറേറ്ററുകള്‍ക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അടയ്ക്കുന്നതോടെ, ഭാഗീകമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇന്‍ലെറ്റ് വാള്‍വിന്റെ സീലുകള്‍ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാനം. ഇവയ്‌ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററെന്നതിനാല്‍ അതിന്റെ പ്രവര്‍ത്തനവും നിര്‍ത്തും.

സാധാരണ ജൂലൈമുതല്‍ ഡിസംബര്‍ വരെയുളള മഴകുറവുളള സമയത്ത് ഓരോ ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് രീതി. എന്നാല്‍ ഇക്കുറി കനത്ത മഴകിട്ടി. വൈദ്യുതോത്പാദനവും കൂടി. ഇതോടെയാണ് പരിഹാരം വൈകിയതും മൂന്നും ഒരുമിച്ച് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നതും. ഉത്പാദനം കൂടിയ മാസങ്ങളില്‍ പഞ്ചാബ്, ദില്ലി, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബാര്‍ട്ടര്‍ സംവിധാനത്തില്‍ വൈദ്യുതി നല്‍കിയിരുന്നു. ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടല്‍ കാലയളവില്‍ തിരികെ കിട്ടുമെന്നതിനാല്‍ വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ല. എന്നാല്‍ മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ലെന്ന കാരണത്താല്‍ നിരവധി കുടിവെളള പദ്ധതികള്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. എന്നാല്‍ വലിയ രീതിയില്‍ ജലനിരപ്പ് താഴാന്‍ സാധ്യതയില്ലെന്നും കുടിവെളളക്ഷാമം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ ഇടവിട്ട മഴ കിട്ടുന്നത് അനുകൂല ഘടകമെന്നും അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: