22-ാമത്തെ വയസിൽ പഞ്ചസാര ഫാക്ടറിയിൽ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം!! 44 വർഷത്തെ രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത ജൈത്രയാത്ര, 2023ൽ എൻസിപി പിളർത്തി ശിവസേന- ബിജെപി സർക്കാരിനൊപ്പം ചേർന്നത് 53 ൽ 29 എംഎൽഎമാരേയും ഒപ്പംകൂട്ടി വൻ അട്ടിമറിയിലൂടെ, നഷ്ടമായത് ബാരാമതി ഒരിക്കലും തോൽപിക്കാതെ കൊണ്ടുനടന്ന അവരുടെ ‘പവറി’നെ

മുംബൈ: 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തോൽവിയറിയാത്ത ജീവിതമായിരുന്നു എൻസിപി നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റേത്. തുടക്കം 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായതോടെയായി. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ.
1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായി. 1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അദ്ദേഹം രാജിവച്ചു. പിന്നീട് 1991-ൽ തന്നെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി, പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010-12, 2012-14, 2019-22, 2023-24, 2024-26 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. കൂടാതെ 2022-23 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി.
മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളജിൽ പോയെങ്കിലും അതൊന്നു പൂർത്തിയാക്കിയില്ല. 1982ൽ തന്റെ 22-ാാമത്തെ വയസിൽ രാഷ്ട്രീയത്തിലേക്കിറങ്ങി. സുനേത്ര പവാറാണ് ഭാര്യ. ജയ്, പാർത്ത് പവാർ എന്നിവരാണ് മക്കൾ.
2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2023 ജൂലൈ 2ന് എൻസിപിയെ പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന – ബിജെപി സർക്കാരിൽ ചേർന്ന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരേയും കൂടെക്കൂട്ടി അട്ടിമറിനീക്കം നടത്തിയാണ് ശിവസേന- ബിജെപി തട്ടകത്തിലെത്തിയത്. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഥവാ എൻസിപി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാർ സ്വന്തമാക്കി.






