Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പാത്രം കഴുകിയതിന് പരിഹസിക്കുന്നവർക്ക് സുഖം കിട്ടിയെങ്കിൽ സന്തോഷമെന്ന് എം എ ബേബി: കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താൻ കാത്തുസൂക്ഷിച്ചത്: സമൂഹമാധ്യമങ്ങളിൽ ആളാവാൻ വേണ്ടി ചെയ്തതല്ല

 

ന്യൂഡല്‍ഹി: പാത്രം കഴുകിയതിനെ പരിഹസിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവർക്ക് അന്തസ്സുള്ള മറുപടിയുമായി എം എ ബേബി. താൻ പാത്രം കഴുകിയതിനെ

Signature-ad

പരിഹസിക്കുന്നതുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താന്‍ കാത്തുസൂക്ഷിച്ചതെന്നും തന്റെ മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങളാണ് അതൊക്കെയെന്നും എം എ ബേബി പറഞ്ഞു. കാണാപ്പണികള്‍ സ്ത്രീകള്‍ ചെയ്യണമെന്ന കാഴ്ച്ചപ്പാട് ശരിയല്ലെന്നും ബേബി ഓർമിപ്പിച്ചു

സമൂഹമാധ്യമങ്ങളില്‍ ആളാവാന്‍ വേണ്ടി ചെയ്തതല്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ജോലിത്തിരക്കുകള്‍ക്ക് ഇടയില്‍ പാത്രം കഴുകുന്ന ആളാണ് സുനില്‍ പി ഇളയിടം. നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണത്. സ്ത്രീകള്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളല്ല അത്. എല്ലാവരും ഒരുപോലെ ജോലികള്‍ ചെയ്യണം. കുറച്ചുദിവസങ്ങളായി നന്നായി പരിഹസിക്കുന്നുണ്ട്. അങ്ങനെ മനസുഖം കിട്ടി ചിലര്‍ക്ക്. കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ സന്തോഷം’: എം എ ബേബി പറഞ്ഞു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം കേരളത്തിലെ പാര്‍ട്ടി അന്വേഷിക്കുമെന്നും കൃത്യമായ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് എം എ ബേബി പറഞ്ഞത്. പയ്യന്നൂരിനെ ഒഞ്ചിയത്തോട് താരതമ്യപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ സംശയിക്കേണ്ട സാഹചര്യമില്ലെന്നും എം എ ബേബി പറഞ്ഞു. എല്ലാ കാര്യങ്ങളും സൂഷ്മമായി പരിശോധിച്ച് തിരുത്തല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ പയ്യന്നൂരില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ല. കേരളത്തിലെ പൊലീസിന് ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു പ്രശ്‌നങ്ങളും പയ്യന്നൂരിലില്ല. വി കുഞ്ഞികൃഷ്ണന്‍ പരാതി പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്നു. കൃത്യമായി അന്വേഷിക്കാന്‍ സംഘടനാ സംവിധാനത്തില്‍ സമിതിയെയും രൂപീകരിച്ചതാണ്. പുതിയ വിവാദത്തിന് പിന്നില്‍ എന്താണ് ഉണ്ടായതെന്ന് പരിശോധിക്കണം. പാര്‍ട്ടി കണക്കുകളുമായി ബന്ധപ്പെട്ട് ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം’: എം എ ബേബി പറഞ്ഞു.

വി എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് സ്വീകരിക്കില്ലായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. മുന്‍കാലങ്ങളില്‍ സിപിഐഎം നേതാക്കള്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ടെന്നും ബുദ്ധദേവ് ഭട്ടാചാര്യയെപ്പോലുളളവര്‍ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്നും അവാര്‍ഡ് നിരസിക്കുന്നുവെന്നും അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പൊതുപ്രവര്‍ത്തനത്തിന് അത്തരം അംഗീകാരം ആവശ്യമില്ല എന്നായിരുന്നു അവരുടെ മറുപടി. അവരാരും പാര്‍ട്ടിയോട് ചോദിച്ചല്ല തീരുമാനമെടുത്തത്. ബോധ്യങ്ങളാണ് അവരെ അത് പറയാന്‍ പ്രേരിപ്പിച്ചത്. അവാര്‍ഡ് വാങ്ങണോ എന്ന് കുടുംബം തീരുമാനിക്കും. ലീലാവതി ടീച്ചറെയും ടി പത്മനാഭനെയും കലാമണ്ഡലം ഗോപിയെയും എന്തുകൊണ്ടാണ് സര്‍ക്കാര്‍ കാണാഞ്ഞത്? വിഎസിന്റെ കാര്യത്തില്‍ കുടുംബം അന്തിമ തീരുമാനം എടുക്കട്ടെ’: എം എ ബേബി പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊളള വിവാദത്തില്‍ സോണിയാ ഗാന്ധിയെ വലിച്ചിട്ടത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും സോണിയാ ഗാന്ധിയെ ലക്ഷ്യംവെച്ച് ഒരു സിപിഎം നേതാവും ഒന്നും പറയില്ല എന്നതാണ് തന്റെ വിശ്വാസമെന്നും എം എ ബേബി പറഞ്ഞു. സോണിയാ ഗാന്ധിക്ക് തെറ്റായ ചിന്തയുണ്ടെന്ന് ആരും കരുതുന്നില്ലെന്നും വന്‍ സുരക്ഷയുളള സോണിയാ ഗാന്ധിയുടെ അടുത്ത് എങ്ങനെ പോറ്റി പോയി എന്നത് മാത്രമാണ് ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: