‘അവസാന ബന്ദിയുടെ മൃതദേഹവും കൈമാറി; ഹമാസ് ഏറെ സഹായിച്ചു’; ഗാസ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; ഇനി ഹമാസിന്റെ നിരായുധീകരണമെന്ന് ട്രംപ്; ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: അവസാനത്തെ ഇസ്രയേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താന്‍ ഹമാസ് സഹായിച്ചെന്നും ഇനി ആയുധംവച്ചു കീഴടങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ആക്സിയോസിന് അനുവദിച്ച അഭിമുഖത്തിലാണ് ഗാസയുടെ ഭാവി സംബന്ധിച്ച കരാറിലെ രണ്ടാംഘട്ടത്തിലേക്കു കടക്കുന്നതിനെക്കുറിച്ചു ട്രംപ് വ്യക്തമാക്കിയത്.
റാന്‍ ഗ്വിലിയുടെ (—) മൃതദേഹം കൂടി കണ്ടെടുത്തതോടെ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. ട്രംപിന്റെ സമാധാന കരാറിനെ സംബന്ധിച്ചിടത്തോളം ഇതു നിര്‍ണായക നിമിഷമായിട്ടാണു വിലയിരുത്തുന്നത്. അതേസമയം, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ഈ ആഴ്ച അവസാനം ‘പരിമിതമായ’ തോതില്‍ വീണ്ടും തുറക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. അതിര്‍ത്തി തുറക്കുന്നതും ഗ്വിലിയുടെ മൃതദേഹം മടക്കിക്കൊണ്ടുവരുന്നതും ട്രംപിന്റെ കരാറിലെ ഒന്നാം ഘട്ടത്തിലെ അവസാനത്തെ പ്രധാന തടസങ്ങളായിരുന്നു.
ഇതു നീങ്ങുന്നതോടെ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കും. ഗാസയെ തീവ്രവാദ മുക്തമാക്കുന്നതും അവിടെ സര്‍ക്കാരിനെയും സുരക്ഷാ സേനയെയും കൊണ്ടുവരുന്നതും ഇതില്‍ ഉള്‍പ്പെടും. മൃതദേഹത്തിനായുള്ള തിരച്ചിലും തിരിച്ചറിയല്‍ പ്രക്രിയയും ‘വളരെ പ്രയാസകരമായിരുന്നെന്നു ട്രംപ് പറഞ്ഞു. തിരച്ചില്‍ സംഘങ്ങള്‍ക്ക് ആ പ്രദേശത്തെ ‘നൂറുകണക്കിന് മൃതദേഹങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. അത് കഠിനമായ കാഴ്ചയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചതിന് ഹമാസിനെ ട്രംപ് അഭിനന്ദിച്ചു. ‘മൃതദേഹം തിരികെ ലഭിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. അവര്‍ ഇതില്‍ ഇസ്രായേലിനോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. അത് എത്രത്തോളം പ്രയാസകരമായിരുന്നു എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ’- ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് ഇക്കാര്യം സ്ഥിരീകരിച്ചു. ‘ഇക്കാര്യത്തില്‍ ഹമാസ് വളരെ സഹകരിച്ചു എന്ന് എനിക്ക് പറയാനാകും. അവര്‍ ഒപ്പിട്ട കരാറിലെ ബാധ്യതകള്‍ അവര്‍ നിറവേറ്റി’. ഇനി വാഗ്ദാനം ചെയ്തതുപോലെ ഹമാസിനെ നിരായുധീകരിക്കുകയാണു വേണ്ടതെന്ന് ട്രംപ് പറയുന്നു.
ഹമാസ് സമാധാനപരമായി ആയുധം ഉപേക്ഷിക്കുമെന്നതിലും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആത്മസംയമനം പാലിക്കുമെന്നതിലും ഇസ്രായേലിലും മേഖലയിലും വലിയ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നാം ഘട്ടത്തില്‍ എല്ലാ ബന്ദികളെയും തിരികെ എത്തിക്കുന്ന കാര്യത്തിലും ഇത്തരത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പല മൃതദേഹങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്തവിധം പ്രയാസകരമായിരിക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നു.
‘എല്ലാ ബന്ദികളെയും ഞങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. ഇതൊരു വലിയ നിമിഷമായിരുന്നു. മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ പോലും തിരികെ വരുന്നത് എത്രത്തോളം പ്രധാനമാണെന്ന് മാതാപിതാക്കള്‍ക്കും മറ്റ് ഇസ്രായേലികള്‍ക്കും മാത്രമേ മനസിലാകൂ. തന്റെ ഉപദേശകരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്ത വിവരം തന്നെ അറിയിച്ചത്. തുടര്‍ന്ന് നെതന്യാഹുവുമായി സംസാരിച്ചു. അദ്ദേഹം സന്തോഷവാനായിരുന്നു- ട്രംപ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ‘ബോര്‍ഡ് ഓഫ് പീസ്’ ഉദ്ഘാടന ചടങ്ങില്‍, അവസാനത്തെ ബന്ദിയെ കണ്ടെത്തുന്നതിന് അമേരിക്കയും ഇസ്രായേലും വളരെ അടുത്താണെന്ന് ട്രംപ് പറഞ്ഞിരുന്നു. അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന സമയത്ത്, വടക്കന്‍ ഗാസയിലെ ഒരു സെമിത്തേരിയില്‍ ഇസ്രായേല്‍ സൈന്യം തിരച്ചില്‍ നടത്താന്‍ തയാറെടുക്കുകയായിരുന്നു. ഹമാസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ഹമാസിനെ നിരായുധീകരിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘നിരായുധീകരണത്തോടൊപ്പം ഹമാസ് അംഗങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പൊതുമാപ്പിനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. നിരായുധീകരണത്തിനായി ഞങ്ങളുടെ പക്കല്‍ മികച്ച പദ്ധതിയുണ്ട്. ഞങ്ങള്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്, അത് സംഭവിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിരായുധീകരണത്തിന് ശേഷം മാത്രമേ ഗാസയുടെ പുനര്‍നിര്‍മ്മാണം നടക്കൂ. അതാണു കരാറെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ‘നിരായുധീകരണം നടക്കുകയും അന്താരാഷ്ട്ര സുരക്ഷാ സേന നിലവില്‍ വരികയും ചെയ്യുമ്പോള്‍, റെഡ് ലൈനിലേക്ക് മാറുമെന്ന കരാര്‍ ഇസ്രായേല്‍ പാലിക്കുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.






