ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല, പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല, തടി കേടാക്കേണ്ടി വരും’- നടുറോഡിൽ സിപിഎം നേതാവിന്റെ ഭീഷണി

കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷം. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അവർക്ക് തടി കേടാക്കേണ്ടി വരുമെന്ന് നടുറോഡിൽ വച്ച് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് ഭീഷണി മുഴക്കി. പയ്യന്നൂരിൽ എംഎൽഎ ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂർ സഹകരണ ആശുപത്രിക്കും സർവീസ് സഹകരണ ബാങ്കിന് നേരെയും ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചായിരുന്നു സിപിഎം പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
സിപിഎം നേതാവിന്റെ ഭീഷണി ഇങ്ങനെ-
എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട് മാത്രം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല.
സിപിഎം ജനങ്ങളുടെ പാർട്ടിയാണ്. ഈ പാർട്ടി പ്രവർത്തിക്കുന്നത് ജനങ്ങളുടെ സംഭാവന കൊണ്ടാണ്. ഈ സാഹചര്യത്തിൽ ഞങ്ങൾ ഉത്തരം പറയേണ്ടത് ജനങ്ങളോട് മാത്രമാണ്. ആരോപണങ്ങളുണ്ടായപ്പോൾ ജനങ്ങളോട് പറഞ്ഞിരുന്നു അഞ്ച് പൈസ പോലും പാർട്ടി എടുത്തിട്ടില്ല. അപവാദ പ്രചരണങ്ങൾ ഒരുപാട് കണ്ടവരാണ് പയ്യന്നൂരിലെയും കേരളത്തിലെയും സിപിഎം പ്രവർത്തകർ. ആരോപണങ്ങൾക്ക് മുന്നിലേക്ക് ഏതെങ്കിലും നേതാവിനെ ഇട്ടുകൊടുത്ത് തടി തപ്പുന്നവരല്ല കമ്മ്യൂണിസ്റ്റ് നേതാക്കൾ.
അതേസമയം കണ്ണൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട് പാർട്ടി വകമാറ്റിയെന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞിക്കൃഷ്ണൻ്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കോൺഗ്രസ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ടിഐ മധുസൂധനൻ എംഎൽഎ ഫണ്ട് തട്ടിയെടുത്തെന്നും പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തിക്കുന്നത് തെറ്റായാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നുമായിരുന്നു വി കുഞ്ഞിക്കൃഷ്ണൻ വെളിപ്പെടുത്തൽ.
എന്നാൽ കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെ തള്ളി സിപിഐഎം രംഗത്ത് വന്നു. കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തൽ വാസ്തവവിരുദ്ധമാണെന്നായിരുന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പ്രതികരണം. ഉന്നയിച്ച ആരോപണങ്ങളിലെല്ലാം നേരത്തെ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതായും കെ കെ രാഗേഷ് പറഞ്ഞിരുന്നു.






