വീണ്ടും പിണങ്ങി; മൈന്‍ഡ് ചെയ്യാത്ത രാഹുല്‍ ഗാന്ധിയോടും അതൃപ്തി; കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും എടുക്കാതെ ശശി തരൂര്‍; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; അനുനയിപ്പിക്കാന്‍ നേതാക്കളുടെ തീവ്ര ശ്രമം

തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയ തരൂര്‍, നേതാക്കളുടെ ഫോണും എടുത്തിട്ടില്ല. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി അവഗണിച്ചെന്ന് ആരോപിച്ചാണ് തരൂര്‍ വിട്ടുനിന്നത്.
മഹാ പഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി വേദിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രസംഗിക്കണമെന്നും രാഹുല്‍ എത്തിക്കഴിഞ്ഞാല്‍ ആര്‍ക്കും പ്രസംഗിക്കാന്‍ അവസരമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. അതനുസരിച്ച് ആദ്യം പ്രസംഗിച്ചു. പക്ഷെ രാഹുല്‍ വേദിയിലെത്തിയിട്ടും പിന്നെയും അഞ്ചുപേര്‍ക്ക് കൂടി പ്രസംഗിക്കാന്‍ അവസരം കൊടുത്തു. രാഹുല്‍ എത്തും മുമ്പ് തന്നെ പ്രസംഗം തീര്‍ക്കുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നാണ് തരൂര് കരുതുന്നത്. താന്‍ വേദിയിലിരിക്കുന്നത് കണ്ടിട്ടും പ്രസംഗത്തിനിടെ ഒരിടത്തുപോലും രാഹുല്‍ഗാന്ധി തന്റെ പേര് പരാമര്‍ശിച്ചില്ല. ഇതാണ് തരൂരിന്റ കടുത്ത അതൃപ്തിക്ക് കാരണം.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന തരൂരിനെ രാവിലെ മുതല്‍ ദീപ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തരൂരുമായി അടുപ്പം പുലര്‍ത്തുന്ന എം.കെ.രാഘവന്‍ എംപി വഴി നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടില്ല. അതേസമയം യോഗത്തിന് എത്തില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറയുന്നത്.
കോഴിക്കോട്ടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തശേഷം ഇന്നുതന്നെ തരൂര്‍ കൊച്ചിയിലേക്ക് മടങ്ങിയേക്കും. ഈ മാസം ആദ്യം വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് ക്യാംപില്‍ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെല്ലാം അവസാനിപ്പിച്ച് മുഴുവന്‍സമയവും പങ്കെടുത്ത തരൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നതാണ്.
കോണ്‍ഗ്രസ് നേതൃത്വവുമായി തരൂര്‍ വീണ്ടും അകലുന്നതിന്റെ സൂചനയെന്നാണ് ഇതിനെ വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സമീപകാലത്തെ ചില നിലപാടുകളിലും പാര്‍ട്ടി തീരുമാനങ്ങളിലും അതൃപ്തിയുള്ള തരൂര്‍, ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സാധൂകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നടപടി.
രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ ചില പ്രസ്താവനകളും പാര്‍ട്ടി പുനഃസംഘടനയിലെ അവഗണനയുമാണ് തരൂരിനെ ചൊടിപ്പിച്ചത്. പ്രത്യേകിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും തരൂര്‍ കരുതുന്നതായാണ് സൂചന. യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത് ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിയോജിപ്പിന്റെ ഭാഗമാണെന്നും വിലയിരുത്തുന്നു.
കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് രംഗത്തെത്തിയ ജി-23 ഗ്രൂപ്പിലെ പ്രമുഖനായിരുന്നു തരൂര്‍. ഹൈക്കമാന്‍ഡുമായി പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുള്ള അദ്ദേഹം, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ വിട്ടുനില്‍ക്കലിനും പിന്നിലെന്ന് കരുതപ്പെടുന്നു. അടുത്തിടെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ വിയോജിച്ച് ദേശീയ മാധ്യമങ്ങളില്‍ തരൂര്‍ എഴുതിയ ലേഖനവും ചര്‍ച്ചയായിരുന്നു.
മോദിയെ അനുകൂലിച്ചും കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ എതിര്‍ത്തും മുമ്പും തരൂര്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തെ നേരിട്ട് ആക്രമിച്ചതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ തരൂരിന്റെ അഭിപ്രായങ്ങള്‍ വിവാദമായിരുന്നു. സ്ഥാനാര്‍ഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവര്‍ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലര്‍ത്തുന്നവര്‍ക്ക് പ്രകടനം മോശമായാല്‍ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കരണംകൂടി വേണം എന്നിങ്ങനെയായിരുന്നു തരൂരിന്റെ ആവശ്യങ്ങള്‍.
അടിയന്തരാവസ്ഥക്കാലത്തെ ക്രൂരത വിവരിച്ചും വിമര്‍ശിച്ചും തരൂര്‍ എഴുതിയ ലേഖനം കോണ്‍ഗ്രസിനെ ഉലച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തിയ തരൂരിന്റെ നിലപാട് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ തരൂരിനെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍, സ്വയം സ്ഥാനാര്‍ഥിയായും തരൂര്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചതാണ്.
ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി മോദി ഫലപ്രദമായി നേരിട്ടുവെന്ന് പ്രൊജക്റ്റ് സിന്‍ഡിക്കറ്റില്‍ തരൂര്‍ ലേഖനം എഴുതിയതും വിവാദമായിരുന്നു. എന്നാല്‍ നേതൃത്വം ഇതുവരെയും തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാകുന്ന നടപടി സ്വീര്‍കരിച്ചിട്ടും വിശദീകരണം തേടിയിട്ടില്ല. കോണ്‍ഗ്രസിനും ബിജെപിക്കുമിടയിലെ പാലമാണ് തരൂര്‍ എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.






