മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചു; ഒരുവയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍; കുറ്റസമ്മതം മൂന്നാംവട്ട ചോദ്യം ചെയ്യലില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍. കുട്ടിയെ മടിയിൽ ഇരുത്തി കൈ മുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചതായി കുട്ടിയുടെ പിതാവ് ഷിജില്‍ സമ്മതിച്ചു. ഷിജിലിന്‍റെ കുറ്റസമ്മത മൊഴി പൊലീസ് രേഖപ്പെടുത്തി. കുഞ്ഞിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഇന്ന് ഷിജിലിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് ഷിജിലിനെ ചോദ്യം ചെയ്തത്.
കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍– കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഷിജില്‍ നല്‍കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുള്ളതായും പറയുന്നു. ഈ സാഹചര്യത്തിൽ കൃഷ്ണപ്രിയയും ഷിജിലിനെയും നെയ്യാറ്റിൻകര പൊലീസ്, സ്റ്റേഷൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഒരുതവണ കൂടി ഷിജിലിനെ ചോദ്യം ചെയ്യുകയുണ്ടായി.
കുഞ്ഞിന്‍റെ മരണത്തില്‍ വ്യക്തത വരാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്. പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വയറ്റിൽ ചതവ് കണ്ടിരുന്നു. ഇതേ തുടർന്നാണ് പിതാവ് ഷിജിലിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതും ഷിജില്‍ കുറ്റം സമ്മതിക്കുന്നതും.






