ബോർഡ് ഓഫ് പീസ് ട്രംപിന്റെ പുതിയ ഉടായിപ്പോ? ക്ഷണം നിരസിച്ച ഫ്രാൻസിന് ട്രംപിന്റെ വക 200% താരിഫ് ഭീഷണി!! പുതിയ സംഘടന നിലവിലെ ലോകക്രമത്തിന് ഭീഷണിയെന്ന് വിമർശനം, ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ… സംശയദൃഷ്ടിയോടെ നോക്കി ഇന്ത്യ

വാഷിങ്ടൺ: ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപികരിച്ച ബോർഡ് ഓഫ് പീസിനെ സംശയത്തോടെ നോക്കി ഇന്ത്യയും ഐക്യരാഷ്ട്ര സഭയും. പുതിയ സംഘടന നിലവിൽ വന്നതായി വൈറ്റ് ഹൗസ് അറിയിച്ചതോടെ വിവിധ ലോക നേതാക്കൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം ട്രംപായിരിക്കും ബോർഡിന്റെ സ്ഥിരം മേധാവി. സ്വിറ്റ്‌സർലാൻഡിലെ ദാവോസിൽ ചേർന്ന ലോക എക്കണോമിക് ഫോറത്തിലാണ് ട്രംപ് പുതിയ സംഘടനയിൽ ഒപ്പുവെച്ചത്. ഗാസയിൽ സമാധാനത്തിനായി പ്രവർത്തിക്കുമെന്ന് അവകാശപ്പെട്ടാണ് സംഘടന രൂപം കൊണ്ടത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സംഘടനയോട് മുഖം തിരിച്ചിരിക്കുകയാണ്. ഇന്ത്യ, ചൈന, റഷ്യ, ഫ്രാൻസ്, യുകെ തുടങ്ങി അമേരിക്ക ഒഴികെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ഒരു സ്ഥിര അംഗവും ജി 7ലെ ഒരു അംഗവും ഇതിൽ അംഗത്വമെടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ച ഇന്ത്യ അടക്കം 60 രാജ്യങ്ങളെ സംഘടനയുടെ ഭാഗമാകാൻ വേണ്ടി ട്രംപ് ക്ഷണിച്ചിരുന്നു. പക്ഷെ 19 രാജ്യങ്ങൾ മാത്രമേ ബോർഡ് ഓഫ് പീസിൽ അംഗത്വമെടുത്തിട്ടുള്ളു. പാക്കിസ്ഥാൻ, യുഎഇ, ഖത്തർ, സൗദി, ഇന്തോനേഷ്യ, അർജന്റീന, തുർക്കി, ബഹ്‌റൈൻ, അർമേനിയ, അസർബൈജാൻ, ബൾഗേറിയ, ഹംഗറി, കസാഖിസ്ഥാൻ, കൊസോവോ, ഉസ്ബക്കിസ്ഥാൻ, പരാഗ്വേ, ജോർദാൻ, മൊറോക്കോ, മംഗോളിയ എന്നീ രാജ്യങ്ങളാണ് സംഘടനയിൽ അംഗത്വമെടുത്തത്.
അതേസമയം ഒരു ബില്യൺ ഡോളറാണ് സ്ഥിര അംഗത്വത്തിന് നൽകേണ്ടത്. എന്നാൽ സംഘടനയ്‌ക്കെതിരെ ഗുരുതര വിമർശനങ്ങളാണ് വരുന്നത്. നിലവിലെ ലോകക്രമത്തിന് ഈ സംഘടന ഭീഷണിയാണെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനു ആക്കം കൂട്ടാൻ ക്ഷണം നിരസിച്ച ഫ്രാൻസിന് ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയിനിനും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അതേസമയം ഫോറത്തിൽ വെച്ച് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചതിന് തന്നെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് പ്രശംസിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.






