എടുത്ത തീരുമാനങ്ങളെല്ലാം ആനമണ്ടത്തരം !! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!!പ്രസിഡന്റെടുത്ത തീരുമാനങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ, യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശം 49 ശതമാനം പേർ- സർവേ ഫലം

വാഷിങ്ടൺ: എടുത്ത തീരുമാനങ്ങളെല്ലാം ആന മണ്ടത്തരങ്ങൾ, യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് രാജ്യത്തെ മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ലെന്നും സർവേ പറയുന്നു. ദി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് ട്രംപിന്റെ തീരുമാനങ്ങളെല്ലാം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പറയുന്നത്. പ്രതിരോധം, കുടിയേറ്റം, റഷ്യ-യുക്രൈൻ യുദ്ധം, വെനസ്വേലയിലെ കടന്നുകയറ്റം എന്നിവയെയൊന്നും ഭൂരിപക്ഷം അമേരിക്കക്കാരും പിന്തുണയ്ക്കുന്നില്ല. ട്രംപിന്റെ നയങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ട്രംപ് തെറ്റായ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു.
യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശമായെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, മെച്ചപ്പെട്ടതായി 32 ശതമാനം അഭിപ്രായപ്പെട്ടു. യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപാണെന്നാണ് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. 19 ശതമാനം പേർ അദ്ദേഹം ഏറ്റവും മികച്ച പ്രസിഡന്റുമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നു.
അതേസമയം വിദേശകാര്യങ്ങളിൽ പുലർത്തുന്ന സമീപനം, ജീവിതച്ചെലവ് എന്നീ വിഷയങ്ങളിൽ ട്രംപ് പിന്നാക്കം പോയതായി റിപ്പബ്ലിക്കൻമാർക്കിടയിൽത്തന്നെ അഭിപ്രായമുണ്ട്. ട്രംപിന്റെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നായ താരിഫ് നടപടിയെ 54 ശതമാനം വോട്ടർമാരും എതിർത്തു. അതുപോലെ ട്രംപിന് ഈ വർഷം 80 വയസ് തികയും. അദ്ദേഹത്തിന്റെ കാലാവധി തീരൂമ്പോഴേക്കും യുഎസിന്റെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് അദ്ദേഹമായിരിക്കും. അതേസമയം, ട്രംപിന്റെ പ്രായാധിക്യം ഒരു തടസമായി ഭൂരിപക്ഷം പേരും കാണുന്നില്ലെന്നും സർവേ വിലയിരുത്തുന്നു.






