അവരാദം പറയുന്നവരെ ‘നേരെ ചെന്ന് ബലാത്സംഗം’ ചെയ്യണം, ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല… പീഡനക്കേസിൽ ജയിലിൽ പോയാൽ എന്തിനാണ് പേടിക്കുന്നെ? ജയിലിൽ പോയാലും 620 രൂപ കിട്ടും… ഇതുപോലുള്ള സംഭവമുണ്ടായാൽ സ്ത്രീകൾ അതിജീവിതയാകും പുരുഷന്മാർ അവരാദിയായിമാറും, ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത് ബിജെപി പ്രവർത്തകന്റെ പോസ്റ്റ്

തൊടുപുഴ: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അജയ് മാരാർ ആണ് ബലാത്സംഗ ആഹ്വാനവുമായി വീഡിയോയിലൂടെ രംഗത്തെത്തിയത്. യുവതിയെ പിന്തുണച്ചവർക്കെതിരെയും ഇയാൾ മോശം പരാമർശങ്ങളാണ് വീഡിയോയിൽ നടത്തിയിരിക്കുന്നത്.
മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരാദം പറയുന്നവരെ ‘നേരെ ചെന്ന് ബലാത്സംഗം’ ചെയ്യണമെന്നാണ് ഇയാൾ പറയുന്നത്. അതിന് ശേഷം മരിക്കണം. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല. ഇങ്ങനെ സംഭവമുണ്ടായാൽ സ്ത്രീകൾ അതിജീവിതയാകുമെന്നും പുരുഷന്മാർ അവരാദിയായിമാറും. ആ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഇയാൾ പറയുന്നു.
അതുപോലെ വീഡിയോയിൽ പീഡനക്കേസിൽ ജയിലിൽ പോയാൽ എന്തിനാണ് പേടിക്കുതെന്ന് ഇയാൾ ചോദിക്കുന്നു. സന്മനസുള്ള നമ്മുടെ സർക്കാർ എന്ത് കേസിൽ ജയിലിൽ പോയാലും 620 രൂപവെച്ച് നൽകുമെന്ന് ഇയാൾ ജയിൽപുള്ളികളുടെ വേതനം വർധിപ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം ദുരനുഭങ്ങൾ ആണുങ്ങൾക്ക് ഇനിയും നേരിടേണ്ടി വരും.
അതേസമയം ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോഴിക്കോട് സ്വദേശിയായ ദീപക്കിനെയാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനിയായ ഷിംജിതയായിരുന്നു രംഗത്തെത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് ദീപക് ജീവനൊടുക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ദീപക്കിന്റെ മരണത്തിന് പിന്നാലെ യുവതിയെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞിരുന്നു. സംഭവത്തിൽ ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംജിതയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയതായാണ് വിവരം. ഇവർക്കെതിരെ പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്താനും ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വിവരങ്ങൾ ശേഖരിക്കാനുമാണ് പോലീസ് നീക്കം. ഇൻസ്റ്റഗ്രാം വിവരങ്ങൾ ശേഖരിക്കാനായി സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.





