തുടങ്ങി കോൺഗ്രസിൽ പോസ്റ്റർ യുദ്ധം : സ്ഥാനാർത്ഥിനിർണയത്തിനു മുൻപേ ഒല്ലൂരിൽ പോസ്റ്ററുകൾ : ഇവിടേക്ക് വരത്തന്മാർ വേണ്ട: ഒല്ലൂരുകാരെ അപമാനിക്കരുത്: കെപിസിസി പ്രസിഡന്റിന് കത്തയച്ചതായി സൂചന

തൃശൂർ: സാധാരണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മാത്രം തൃശൂരിൽ നടക്കാറുള്ള പോസ്റ്റർ യുദ്ധം കോൺഗ്രസിൽ ഇക്കുറി നേരത്തെ തുടങ്ങി. സ്ഥാനാർത്ഥിനിർണയത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് ശേഷം ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെക്കുറിച്ച് ഭ്യൂഹങ്ങളും സൂചനകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ സേവ് കോൺഗ്രസിന്റെ പേരിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂർ സീറ്റിൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കണമെന്നും കോൺഗ്രസിന് ‘വരത്തൻമാർ’ വേണ്ടെന്നുമുള്ള ആവശ്യവുമായി വ്യാപക പോസ്റ്ററുകൾ ഒല്ലൂരിലും പരിസരത്തും ഒട്ടിച്ചിട്ടുണ്ട് .
സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ഒല്ലൂരിനെ വരത്തന്മാരുടെ കുപ്പത്തൊട്ടിയാക്കരുത്, ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്, ഒല്ലൂരിൽ കോൺഗ്രസിൽ മത്സരിക്കാൻ വരത്തന്മാർ വേണ്ട’ എന്നിങ്ങനെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്.
ഒല്ലൂരിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വേണമെന്നുമാണ് കോൺഗ്രസ് പ്രാദേശിക ഭാരവാഹികളുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്തയച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് .
ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യനെ ഒല്ലൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അനുയായിയാണ് ജെയ്ജു. മണ്ഡലത്തിൽ മത്സരത്തിന് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, മുൻ എംഎൽഎ എം പി വിൻസെന്റ്, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ എന്നിവരുടെ പേരുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒല്ലൂർ കോൺഗ്രസിൽ പ്രാദേശിക വാദം ഉയർന്നത്.
സിപിഐയുടെ കെ രാജനാണ് നിലവിൽ ഒല്ലൂരിലെ എംഎൽഎ. 2016 മുതൽ കെ രാജനാണ് ഇവിടെ വിജയിച്ചത്. മന്ത്രികൂടിയായ കെ രാജൻ തന്നെയായിരിക്കും ഇത്തവണയും മണ്ഡലത്തിൽനിന്ന് എൽഡിഎഫിനായി മത്സരിക്കുക എന്ന സൂചനയാണ് ഇപ്പോഴുള്ളത്.രാജന് ഒല്ലൂരിൽ തുടർ വിജയം ഉറപ്പാണെന്ന് സിപിഐ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ പരാജയപ്പെട്ടതിനെ തുടർന്ന് തൃശൂർ നഗരത്തിലും ഡിസിസിക്ക് മുന്നിലും ദിവസങ്ങളോളം പോസ്റ്റർ യുദ്ധം നടന്നിരുന്നു. തോൽവിയെ ചൊല്ലി ഡിസിസിയിൽ സംഘർഷവുമുണ്ടായി.






