ട്രംപിന്റെ ലക്ഷ്യം ഖമേനി? ഇറാന്‍ തീരത്ത് കൂടുതല്‍ അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍; കൂടുതല്‍ വിമാനങ്ങള്‍ മധ്യേഷ്യയിലേക്ക്; ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ദാനില്‍; ഫ്‌ളൈറ്റ് റഡാറിലെ വിവരങ്ങള്‍ പങ്കുവച്ച് വിദഗ്ധര്‍; മുന്നറിയിപ്പ് നല്‍കി നെതന്യാഹു

ടെഹ്‌റാന്‍: ഇറാനില്‍ യുഎസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യുഎസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന്‍ തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചു.
ഫ്‌ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കന്‍ഹീത്തില്‍ നിന്നും പറന്ന രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍-III വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്.
1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും നിരപ്പല്ലാത്ത റണ്‍വേകളില്‍ നിന്ന് പ്രവര്‍ത്തിക്കാനും ഇതിന് കഴിയും. ഇതിനൊപ്പം യു.എസ് സൈന്യത്തിന്റെ 15 എഫ്-15 യുദ്ധവിമാനങ്ങളും ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്ന നാല് റീഫ്യുവലിങ് ടാങ്കറുകളും യുകെയില്‍ നിന്നും ജോര്‍ദാനിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം യു.എസ് സൈന്യത്തിന്റെ നോര്‍ത്ത്‌റോപ്പ് ഗ്രുമാന്‍ എംക്യു-4സി ട്രൈറ്റണ്‍ നിരീക്ഷണ ഡ്രോണ്‍ ഇറാന് തീരത്തിന് സമീപമുണ്ട്. അബുബാദിയില്‍ നിന്നും പറന്ന വിമാനം ഒമാന്‍ ഉള്‍ക്കടലിനും പേര്‍ഷ്യന്‍ ഗള്‍ഫിനും മുകളിലൂടെ ഇറാന്‍, യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവയ്ക്ക് സമീപം പറക്കുന്നതായി ഫ്‌ലൈറ്റ് റഡാര്‍ ഡാറ്റയില്‍ കാണാം. എന്നാല്‍ ഇവയുടെ ലക്ഷ്യസ്ഥാനം എവിടെയാണെന്നതില്‍ വ്യക്തതയില്ല. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മധ്യേഷ്യയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച യു.എസ് ഇറാനില്‍ സൈനികനടപടിക്ക് ഒരുങ്ങുന്നു എന്ന സൂചനയുണ്ടായിരുന്നു. നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ട്രംപ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇറാനില്‍ നടത്തുന്ന ആക്രമണം ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പര്യാപ്തമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് ആക്രമിച്ചാല്‍ ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ ഒരുങ്ങിയിരുന്നില്ലെന്നും യു.എസ് വാര്‍ത്തമാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം പ്രക്ഷുബ്ധമായാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി റഷ്യയിലേക്ക് പലായനം ചെയ്യാന്‍ പദ്ധതികള്‍ തയാറാക്കിയെന്ന് ‘ദി ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യവും സുരക്ഷാ സേനയും പിന്മാറുകയോ, കൂറുമാറുകയോ, ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍, ഖമേനിയും സഹായികളും കുടുംബാംഗങ്ങളും അടങ്ങുന്ന 20 അംഗ സംഘം തലസ്ഥാന നഗരമായ ടെഹ്റാനില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണു വിവരം. ഇറാന്‍ ഭരണകൂടത്തിന്റെ ‘പ്ലാന്‍ ബി’ അനുസരിച്ചാകും മകന്റെയും കുടുംബത്തിനുമൊപ്പം മുങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശത്ത് ഇതിനായി ആസ്തികള്‍ സമ്പാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറിയയില്‍ നടന്ന അട്ടിമറിക്കു പിന്നാലെ ബാഷര്‍ അല്‍ അസദും റഷ്യയില്‍ അഭയം തേടിയിരുന്നു. 14 വര്‍ഷത്തെ അസദിന്റെ ഭരണത്തിനിടെ 64,000 ആളുകളാണ് കൊല്ലപ്പെട്ടത്. 14 ദശലക്ഷം ആളുകളെ ചിതറിച്ചു. ഇതിനുശേഷമാണ് അഹമ്മദ് അല്‍-ഷര അധികാരം പിടിച്ചത്. റഷ്യയിലേക്കു മുങ്ങിയ അസദ് അവിടെ ആഡംബര ജീവിതമാണു നയിക്കുന്നതെന്നു ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍കൂടിയായ അസദ് ഒഫ്താല്‍മോളജിയില്‍ ക്ലാസുകളെടുക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മോസ്‌കോയിലെ ഏറ്റവും സുരക്ഷിത മേഖലയായ റുബ്ല്യോവ്കയിലാണെന്നും സോഴ്‌സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ പാശ്ചാത്യ ഉപരോധമുണ്ടായപ്പോള്‍ ആസ്തികള്‍ മോസ്‌കോയിലേക്കാണ് മാറ്റിയത്. എന്നാല്‍, സിറിയയുമായുള്ള ബന്ധം എല്ലാത്തരത്തിലും വിഛേദിക്കപ്പെട്ടു. മുതിര്‍ന്ന അനുയായികളുമായി ബന്ധപ്പെടുന്നതിനും റഷ്യയില്‍ അസദിനു വിലക്കുണ്ട്.






