‘അല്‍ഫലാഹ് മെഡിക്കല്‍ കോളജില്‍ വ്യാജ രോഗികള്‍, രേഖകളില്‍ മാത്രം ഡോക്ടര്‍മാര്‍’; 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി; ചെങ്കോട്ട സ്‌ഫോടനത്തില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുമായി ബന്ധമുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇഡി തയാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ നിയമനങ്ങള്‍ മുതല്‍ ചികിത്സയ്ക്കായി എത്തുന്നു എന്ന തരത്തില്‍ വ്യാജ രോഗികളും രേഖകളിലുണ്ടെന്നു കണ്ടെത്തി.
നാഷനല്‍ മെഡിക്കല്‍ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ ക്രമക്കേടുകള്‍ കോളജിന്റെ നടത്തിപ്പുകാര്‍ ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവില്‍ വെളുപ്പിച്ചതായും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഈ മാസം 31ന് കോടതി പരിഗണിച്ചേക്കും.
മെഡിക്കല്‍ കോളജിന്റെ രേഖകളിലുള്ള ഡോക്ടര്‍മാരില്‍ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാരെ നിയമിച്ചതായി വ്യാജരേഖകള്‍ തയാറാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരില്‍ നല്ലൊരു പങ്കും ഫയലുകളില്‍ മാത്രമാണുള്ളത്. അവര്‍ ജോലി ചെയ്യാനായി ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതിനു സമാനമായി വ്യാജ രോഗികളെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ പരിശോധനയില്‍ രോഗികളുടെ എണ്ണം തികയ്ക്കാനായിട്ടായിരുന്നു ഈ തട്ടിപ്പ്.
ഫരീദാബാദ് ആഗ്ര ദേശീയപാതയില്‍ വല്ലഭ്ഗഡില്‍നിന്നു തിരിഞ്ഞ് 8 കിലോമീറ്ററോളം ഗ്രാമവഴികളിലൂടെ സഞ്ചരിച്ചാലാണ് അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ എത്താനാകുക. ചെങ്കോട്ട സ്‌ഫോടനത്തിലെ മുഖ്യപ്രതികളായ ഡോക്ടര്‍മാരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് അല്‍ ഫലാഹ് മെഡിക്കല്‍ കോളജിനെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്. സ്‌ഫോടനമുണ്ടാക്കിയ കാര്‍ 20 ദിവസത്തിലേറെ ക്യാംപസിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. 72 ഏക്കര്‍ വിസ്തൃതിയുള്ളതാണ് മെഡിക്കല്‍ കോളജ് ക്യാംപസ്.
al-falah-medical-college-fraud-scandal.






