‘മൂന്നാം കേസില്‍ രണ്ടാം കേസിലെ വാദവുമായി എത്തിയ അഭിഭാഷകനോട് കോടതി ഒരു ദയയും കാട്ടിയില്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടുകേസുകളിലെ വിധി ന്യായത്തിലെ ആധുനിക നീതി ബോധം ചര്‍ച്ചയാകുന്നു; ‘കൊച്ചിന്റെ അച്ഛനാകുമെന്നു തെറ്റിദ്ധരിപ്പിച്ചാലും അത് ബലാത്സംഗം’

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ച വിധിയും മൂന്നാമത്തെ കേസില്‍ ജാമ്യം നിഷേധിച്ച ജഡ്ജിയുടെ വിധിയും വീണ്ടും ചര്‍ച്ചയിലേക്ക്. രണ്ടാമത്തെ കേസിനെ അപേക്ഷിച്ച ആധുനിക മാനവികതാ ബോധം കൈക്കൊള്ളുന്ന ജഡ്ജിയുടെ വിധിയിലെ നിരീക്ഷണങ്ങളാണ് വിശകലന വിധേയമാക്കുന്നത്. തെറ്റിദ്ധരിപ്പിച്ചു നേടുന്ന ‘കണ്‍സന്റും’ വ്യാജമായ ഉറപ്പിന്മേല് നേടുന്ന കണ്സെന്റും യഥാര്‍ഥ കണ്‍സന്റായി കണക്കാക്കാന്‍ കഴിയില്ലെന്ന ആധുനിക നീതിബോധമാണ് മൂന്നാമത്തെ കേസില്‍ മജിസ്ട്രേറ്റ് അരുന്ധതി ദിലീപിനെ നയിച്ചത്.
സമാന സാഹചര്യത്തിലുള്ള രണ്ട് കുറ്റകൃത്യങ്ങള്‍. രണ്ടാം കേസില്‍ സാഹചര്യത്തെളിവുകള്‍ അല്പം കൂടെ ശക്തമായിരുന്നു. എന്നിട്ടും ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമാകാമെന്ന് സംശയിച്ച മുതിര്‍ന്ന ന്യായാധിപ ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം കേസില്‍ രണ്ടിലെ അതെ വാദങ്ങളുമായി എത്തിയ പ്രതിഭാഗത്തിനോട്, പക്ഷേ, ഒരു ദയയും മജിസ്ട്രേറ്റ് കാട്ടിയില്ലെന്നും ഇതു സംബന്ധിച്ച സമൂഹമാധ്യ കുറിപ്പില്‍ ശ്രീജന് ബാലകൃഷ്ണന് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
മൂന്നാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് പുറപ്പെടുവിച്ച വിധി, രണ്ടാം കേസില്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ കണ്ടെത്തലുകള്‍ക്ക് നേര്‍വിപരീതമാണ്. സമാന സാഹചര്യത്തിലുള്ള രണ്ട് കുറ്റകൃത്യങ്ങള്‍. രണ്ടാം കേസില്‍ സാഹചര്യത്തെളിവുകള്‍ അല്പം കൂടെ ശക്തമായിരുന്നു. എന്നിട്ടും ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമാകാമെന്ന് സംശയിച്ച മുതിര്‍ന്ന ന്യായാധിപ ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം കേസില്‍ രണ്ടിലെ അതെ വാദങ്ങളുമായി എത്തിയ പ്രതിഭാഗത്തിനോട്, പക്ഷേ, ഒരു ദയയും മജിസ്ട്രേറ്റ് കാട്ടിയില്ല.
രണ്ട് വിധികളുടെയും താരതമ്യം നീതിനിര്‍വഹണത്തിലെ രണ്ട് കാലഘട്ടത്തിലെ വീക്ഷണങ്ങള്‍ തമ്മിലെ സംഘര്‍ഷമാണ് വെളിവാക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും കവലകളിലും കൂട്ടംകൂടി ഇപ്പോഴും രാഹുലിന് ജയ് വിളിച്ച്, പരാതിക്കാരികളെ അധിക്ഷേപിച്ച് ആനന്ദം കണ്ടെത്തുന്ന മനോനില, ഉഭയ സമ്മതത്തെ പറ്റി പതിറ്റാണ്ടുകള്‍ പഴക്കമുള്ള സാമൂഹിക നിര്‍വചനത്തെ അടിസ്ഥാനപ്പെടുത്തിയതാണ്. തിരുവനന്തപുരം സെഷന്‍സ് കോടതിയും ആ വീക്ഷണം പിന്‍പറ്റി തെളിവുകള്‍ വിശകലനം ചെയ്തതിനാലാണ് രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇന്നത്തെ വിധിയെഴുതിയ മജിസ്ട്രേറ്റ് കണ്‍സെന്റിനെ ആധുനിക ഫെമിനിസ്റ്റ് വീക്ഷണത്തില്‍ ശരിയായി നിരീക്ഷിക്കുന്നു. തിരുവല്ലയിലെ ഹോട്ടലില്‍ മുറിയെടുത്തത് പരാതിക്കാരിയാണ് എന്ന വാദം മുതല്‍ ആ സംഭവത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞും ഇരുവരും സൗഹൃദത്തില്‍ പെരുമാറിയതിന്റെ ഇലക്ട്രോണിക് തെളിവുകള്‍ വരെ നിരത്തി രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും പ്രഥമ ദൃഷ്ട്യാ ബലാത്സംഗം ആണ് തെളിയുന്നതെന്ന് വ്യക്തമായി തന്നെ കോടതി കണ്ടെത്തുന്നു.
Manipulated Consent and consent obtained under false promises are not absolute consent എന്ന ആധുനിക നീതിശാസ്ത്ര ബോധം മജിസ്ട്രേറ്റിനെ നയിക്കുന്നുണ്ട്. ഒന്നുകൂടി സിംപിള്‍ ആയി പറഞ്ഞാല്‍, പഴയ സിനിമയില്‍ ടി.ജി. രവിയും ബാലന് കെ നായരും ചെയ്യുന്ന പോലെ ചെയ്താല്‍ മാത്രമേ ബലാത്സംഗം ആകൂവെന്നില്ല, എനിക്ക് നിന്റെ കൊച്ചിന്റെ അച്ഛന് ആകണം എന്ന് തെറ്റിദ്ധരിപ്പിച്ചു സമ്മതം വാങ്ങിയാലും ബലാത്സംഗം ആകുമെന്ന് ചുരുക്കം.
പരാതി നല്കാന് വൈകിയത് ദുരുദ്ദേശപരമാണെന്ന വാദം അതിനുള്ള വ്യക്തമായ കാരണങ്ങള്‍ മൊഴിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുന്നുണ്ട്. പ്രതിയുടെ സ്വാധീനവും ഭീഷണിയും മാനിപുലേഷനും ഒക്കെയാണ് ആ കാരണങ്ങള്‍. ഇവിടെയും രണ്ടാം കേസില്‍ സമാന വാദങ്ങള്‍ നിഷ്കരുണം തള്ളിയ മുതിര്‍ന്ന ജഡ്ജിയെ പിന്മുറക്കാരി സമര്‍ഥമായി ആയി തിരുത്തുന്നുണ്ട്.
രാഹുലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലോകത്തോട് മുഴുവന്‍ പുച്ഛം വാരി വിതറുന്ന ശരീര ഭാഷയോടെ അദ്ദേഹത്തിന്റെ അഭിഭാഷകന് മാധ്യമങ്ങളോട് ചോദിച്ച ചില ചോദ്യങ്ങള്‍ക്കും ഈ വിധി ഉത്തരം പറയുന്നുണ്ട്. എന്തിന് അറസ്റ്റ്? നോട്ടീസ് നല്കിയാല് ഹാജരാകില്ലേ? എന്താണ് കേസ് എന്നൊക്കെ ഈ പോലീസുകാര്‍ എന്തൊരു മണ്ടന്മാരാണ് എന്ന മട്ടില്‍ അദ്ദേഹം അന്നു ചോദിച്ചിരുന്നു. ആ ഉത്തമനായ പ്രതി കസ്റ്റഡിയില്‍ ആയിട്ട് പോലും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ, ഫോണ്‍ തുറന്ന് നല്‍കാതെ, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ആളാണെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞത്. അതും ന്യായാധിപ അംഗീകരിച്ചു. അകത്തായ പ്രതിക്ക് വേണ്ടി പുറത്തുള്ള ഫെന്നിയും രഞ്ജിതയും രാഹുല്‍ ഈശ്വരും ഒക്കെ നടത്തിയ സാമൂഹിക മാധ്യമ വ്യവഹാരങ്ങള്‍ ഇയാള്‍ പുറത്തിറങ്ങിയാല്‍ ഇതിലുമേറെ ഇരട്ടി അധിക്ഷേപം പരാതിക്കാര്‍ക്ക് നേരിടേണ്ടിവരുമെന്ന വാദത്തിന് ബലം പകര്‍ന്നു.
മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി ആയതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒപ്പ് വാങ്ങണമെന്ന ഒരു വാദം പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭാരതീയ ന്യായസംഹിതയില്‍ അങ്ങനെയൊരു കാര്യം പറയുന്നില്ലെന്നും ഡിജിറ്റല്‍ സിഗ്നേച്ചര്‍ മതിയാകുമെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. അറസ്റ്റിനുള്ള കാരണം അറസ്റ്റ് സമയത്ത് കൃത്യമായി അറിയിച്ചില്ലെന്ന വാദം ഗൗരവമായ കുറ്റകൃത്യങ്ങളില്‍ അങ്ങനെ വേണമെന്നില്ലെന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് മജിസ്ട്രേറ്റ് ഖണ്ഡിക്കുന്നത്. ഈ വിധിയില്‍ കൗതുകം ഉയര്‍ത്തിയ മറ്റൊരു കാര്യം കണ്ടെത്തലിന് അടിവരയിടാന്‍ ഉദ്ധരിക്കുന്ന രണ്ട് സുപ്രീം കോടതി വിധികളാണ്. രണ്ടും 2025 ലെ വിധികള്‍. അതായത് പഴയ വീക്ഷണത്തില്‍ എഴുതിയ വിധികള്‍ ഒക്കെ മാറ്റിവച്ച് ആധുനിക നീതിശാസ്ത്ര പരിപ്രേക്ഷ്യത്തിലുള്ള വിധികള്‍ കണ്ടെത്തി തന്നെയാണ് ജാമ്യം നിഷേധിക്കുന്ന ഉത്തരവിനെ അവര്‍ ആധികാരികമാക്കുന്നത്.
രേണുകസ്വാമി കൊലക്കേസില്‍ കന്നഡ നടന് ശ്രീദര്ശന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നടത്തുന്ന ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ ഉദ്ധരിച്ചാണ് വിധി ഉപസംഹരിക്കുന്നത്: ”ഒരു സംസ്കൃത സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് പവിത്രവും പരമപ്രധാനവുമാണ്. സ്വാതന്ത്ര്യ നിഷേധം ഒരു മനുഷ്യനെ മാനസികമായി തളര്‍ത്തും. എന്നിരുന്നാലും നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു വ്യക്തി, നിയമം അനുശാസിക്കുന്ന സാമൂഹികമായ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ തന്റെ പ്രവര്‍ത്തികള്‍ ഒതുക്കണം’. ഈ വിധി നീതിന്യായ വ്യവസ്ഥയിലെ കീഴ് ശ്രേണിയിലുള്ള ഒരു കോടതിയില്‍ നിന്ന് വന്നുവെന്നത് ശ്ലാഘനീയമാണ്. മേല്‍ക്കോടതികളില്‍ കേസ് എത്തുമ്പോള്‍ ഈ വീക്ഷണം പിന്തുടരണമെന്ന് നിര്‍ബന്ധവുമില്ല. എന്നാല്‍, ലൈംഗിക കുറ്റകൃത്യങ്ങളുടെ രീതിയില്‍ കാലാനുസൃതമായി ഉണ്ടായ മാറ്റം മനസിലാക്കി തെളിവുകള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച രീതി പുതിയൊരു കീഴ്വഴക്കമാകും എന്നതില്‍ സംശയമില്ല.






