ജനങ്ങളോട് തര്‍ക്കിക്കരുത്; അവര്‍ പറയുന്നത് കേള്‍ക്കുക; ഇടയില്‍ കയറി ഉടക്കരുത്; ക്ഷമയോടെ മറുപടി പറയുക; സഖാക്കളുടെ ഗൃഹസന്ദര്‍ശനത്തിന് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനം

തിരുവനന്തപുരം: ജനമാണ് രാജാവെന്നോര്‍മ്മ വേണം, എല്ലായ്‌പ്പോഴും. അവര്‍ വിചാരിച്ചാല്‍ മറ്റവരെ പത്തുകൊല്ലം അപ്പുറത്തിരുത്തിയ പോലെ വേണമെങ്കില്‍ നമ്മളേയും അപ്പുറത്തിരുത്താം. അതുകൊണ്ട് ജനങ്ങളെ കേള്‍ക്കുക – ഗൃഹസന്ദര്‍ശനത്തിനിറങ്ങുന്ന സകല നേതാക്കളോടും അണികളോടും സിപിഎമ്മിന്റെ ഉപദേശമാണിത്.
വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ സകല സഖാക്കള്‍ക്കും സിപിഎം കൊടുത്തുകഴിഞ്ഞു.
പാര്‍ട്ടിക്കെതിരെ ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാലുടന്‍ ചൂടായി പൊട്ടിത്തെറിക്കുന്ന സഖാക്കളെ ഗൃഹസന്ദര്‍ശനത്തില്‍ നിന്ന് പരമാവധി മാറ്റി നിര്‍ത്താന്‍ രഹസ്യനിര്‍ദ്ദേശമുള്ളതായി സൂചനയുണ്ട്.
ജനങ്ങള്‍ നിശ്ചയമായും സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്കെതിരെയും പ്രമുഖ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ച് എതിര്‍ത്ത് രോഷാകുലരായി സംസാരിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ ഒരു കാരണവശാലും അത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും പെരുമാറ്റച്ചട്ടങ്ങളില്‍ തുടക്കത്തിലേ പറയുന്നു. കീഴ്ഘടകങ്ങള്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
വിമര്‍ശനങ്ങളേയും ജനങ്ങളുടെ കുറ്റപ്പെടുത്തലുകളേയും എതിര്‍പ്പുകളേയും സമചിത്തതയോടെ മാത്രം കേള്‍ക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം. എതിര്‍ക്കാനോ തര്‍ക്കിക്കാനോ പോയാല്‍ അത് മറ്റു പാര്‍ട്ടിക്കാര്‍ക്കുള്ള ആയുധമാകുമെന്ന് സഖാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട് നേതൃത്വം.
ഗൃഹസന്ദര്‍ശനത്തിന് പോകുമ്പോള്‍ വനിതാസഖാക്കളെയും പ്രവര്‍ത്തകരേയും യുവതലമുറയില്‍ പെട്ടവരെയും കൂടെ കൂട്ടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ പറയുമ്പോള്‍ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂര്‍വ്വം മറുപടി നല്‍കണം. വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസും കരുവന്നൂര്‍ കേസും ഉള്‍പ്പടെ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ പല ആരോപണങ്ങളും വോട്ടര്‍മാര്‍ ഉന്നയിക്കാനും ചോദ്യം ചെയ്യാനും ഇടയുണ്ട്. അവരെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലുള്ള മറുപടി വേണം നല്‍കാനെന്നും പ്രത്യേക കര്‍ശന നിര്‍ദ്ദേശമുണ്ട്.
ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാര്‍ട്ടി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ അല്ലെന്ന് പറയണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്‍ ലീഗിനെതിരെ ഉന്നയിച്ച വിഷയങ്ങള്‍, പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിവാദം തുടങ്ങി പല കാര്യങ്ങളിലും ഗൃഹസന്ദര്‍ശനത്തിന് പോകുന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉത്തരം പറയേണ്ടി വരുമെന്നും സൂക്ഷിച്ചും കണ്ടും വേണം എല്ലാം കൈകാര്യം ചെയ്യാനെന്നും ബിജെപി സുരേഷ്‌ഗോപിയെ വെച്ചു നടത്തിയ കലുങ്കുസംവാദം വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയപോലെ ആകരുത് ഗൃഹസന്ദര്‍ശനമെന്നും സിപിഎം നേതൃത്വം ഗൃഹസന്ദര്‍ശന സ്‌ക്വാഡുകളിലുള്ളവരെ ഓര്‍മിപ്പിക്കുന്നു.






