രാഷ്ട്രീയ വനവാസത്തിന് പോയവർ തിരിച്ചു വരുന്നു : പാർലമെന്ററി മോഹങ്ങളിൽ നിന്ന് പിന്മാറിയ അനിൽ അക്കര സ്ഥാനാർത്ഥിയാകുമെന്ന് സൂചന

തൃശൂര്‍: രാഷ്ട്രീയ വനവാസത്തിന് പോയവർ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരിച്ചുവരുന്നു.ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇല്ല എന്ന് പ്രഖ്യാപിച്ച് പാർലമെന്ററി മോഹങ്ങളിൽ നിന്ന് പിൻവാങ്ങിയ മുൻ എംഎൽഎ അനിൽ ആക്കരയാണ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ച മുറുക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ സിപിഎമ്മിന്റെ സേവിയർ ചിറ്റിലപ്പിള്ളിയോട് പരാജയപ്പെട്ട അനിൽ താനിനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല എന്ന് പറഞ്ഞിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുമെന്ന് സൂചനയും നൽകിയിരുന്നു. എന്തുതന്നെയായാലും ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അടാട്ട് നിന്ന് മത്സരിച്ച് ജയിച്ചു.അനിലിന്റെ സ്വന്തം തട്ടകമാണ് അടാട്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അനിൽ അക്കരെയുടെ പേര് വീണ്ടും സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു കേട്ടു തുടങ്ങി. അനിൽ അക്കര തിരിച്ചുവരുന്നു എന്ന പ്രചരണത്തോടെയാണ് അനിലിന്റെ പേര് സജീവമായിരിക്കുന്നത്.
2016ൽ അക്കര 43 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ 2021ൽ പരാജയപ്പെട്ടു.
വടക്കാഞ്ചേരി ലൈഫ് മിഷൻ വീട് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ തളച്ചെങ്കിലും വീട് മുടക്കിയെന്ന പേര് ചാർത്തി കിട്ടിയെങ്കിലും അനിൽ പോരാട്ടം അവസാനിപ്പിച്ചില്ല.
സിപിഎം ജില്ലയിൽ ഇറക്കാൻ സാധ്യതയുള്ള തുറുപ്പ് ചീട്ടുകളെ വെട്ടാനുള്ള നിയോഗമാകും ഇത്തവണ അനിൽ അക്കരക്ക്. ഇരിങ്ങാലക്കുടയിൽ നിന്ന് ആർ ബിന്ദു മാറിനിന്നാൽ ഭർത്താവ് എ വിജയരാഘവൻ കുന്നംകുളത്ത് മത്സരിച്ചേക്കും. അങ്ങനെയെങ്കിൽ വിജയരാഘവനെ തളയ്ക്കാനുള്ള നിയോഗം അനിൽ അക്കരക്ക് വന്നേക്കാം. മണലൂരിൽ പ്രൊഫ. സി. രവീന്ദ്രനാഥിനെ സിപിഎം ഇറക്കുമെന്ന ചർച്ചകൾ സജീവമാണ്. ടി എൻ പ്രതാപൻ മണലൂരിൽ മത്സരിച്ചില്ലെങ്കിൽ രവീന്ദ്രനാഥിനെ നേരിടാനും കോൺഗ്രസ് പരിഗണിക്കുന്നത് അനിൽ അക്കരയെയാണ്.






