‘കനഗോലുവിന്റെ കണക്കു ശരിയാകുന്നില്ലല്ലോ സതീശാ’ എന്നു സോഷ്യല്‍ മീഡിയ; സതീശന്‍ പറഞ്ഞ 300 വീടില്‍ 100 വീട് ഡിവൈഎഫ്‌ഐ നല്‍കിയ 20 കോടി കൊണ്ട് നിര്‍മിക്കുന്നത്! ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടി സ്വന്തം അക്കൗണ്ടിലാക്കി; ഇനി വീടുവച്ചാല്‍ ആര്‍ക്കു കൊടുക്കും? ഗുണഭോക്താക്കളുടെ പട്ടിക എവിടെ?
285 വീടുകളാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. പിന്നീടു 48 പേര്‍ക്കുകൂടി വീട് അനുവദിച്ചു. ഇതിനുശേഷം ലീഗിന്റെ വീടു ലഭിക്കുമെന്നു പ്രതീക്ഷിച്ച മൂന്നുപേര്‍കൂടി ടൗണ്‍ഷിപ്പില്‍ വീടുവേണമെന്ന് ആവശ്യപ്പെട്ടു അപേക്ഷ നല്‍കി. ബാക്കി 101 പേരും അപേക്ഷ നല്‍കുമെന്നു കരുതിയാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

തൃശൂര്‍: സര്‍ക്കാര്‍ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പില്‍ ടി. സിദ്ധിഖ് എംഎല്‍എയുടെ സന്ദര്‍ശനവും തൊട്ടുപിന്നാലെ മുന്നൂറു വീടുകള്‍ നിര്‍മിക്കുന്നതു കോണ്‍ഗ്രസ് ആണെന്നുമുളള വി.ഡി. സതീശന്റെയും പ്രസ്താവന ജനത്തെ കണക്കുകൊണ്ടു കബളിപ്പിക്കാനുള്ള കനഗോലു തന്ത്രം. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസ് എല്ലാ പ്രതിരോധങ്ങളും പാളിയതോടെയാണു ടൗണ്‍ഷിപ്പിലെ വീടുകള്‍ ഞങ്ങളുടേതാണെന്ന പരിഹാസ്യ നിലപാടുമായി രംഗത്തുവന്നത്.
വയനാട് ദുരിതബാധിതര്‍ കടുത്ത ദുരിതത്തില്‍ നില്‍ക്കുന്ന സമയത്ത് ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കിയ രമേശ് ചെന്നിത്തലയെ വിലക്കുകയായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ ആപ്പ് വഴി പണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളിയ രമേശ് ചെന്നിത്തല 2024 ഓഗസ്റ്റ് ആറിനു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. കഴിയാവുന്നവരെല്ലാം പണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നൂറുവീടുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ടി. സിദ്ധിഖ് അടക്കമുള്ളവര്‍ പണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസിലെ നാല് എംഎല്‍എമാര്‍ മാത്രമാണ് പണം കൊടുത്തത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയോ മുന്‍ എംപി രാഹുല്‍ ഗാന്ധിയോ നയാ പൈസ നല്‍കിയില്ല. രമേശ് ചെന്നിത്തല നല്‍കിയ പണം വയനാട് ടൗണ്‍ഷിപ്പില്‍ വീടായി മാറുന്നുണ്ട്. പക്ഷേ, കോണ്‍ഗ്രസിനു നല്‍കിയ പണം ഇപ്പോഴും എവിടെയൊക്കെയോ പേരറിയാത്ത അക്കൗണ്ടുകളില്‍ കിടക്കുകയാണ്.
അതിനുശേഷം ഷാഫി പറമ്പില്‍, രാഹും മാങ്കൂട്ടം എന്നിവര്‍ ചേര്‍ന്നു ദുരിതാശ്വാസ നിധിക്കെതിരേ വലിയ പ്രചാരണം നടത്തി. കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ സ്വന്തം നിലയ്ക്കും ലീഗ് അവരുടെ രീതിയിലും യൂത്ത് കോണ്‍ഗ്രസ് 30 വീടുകളും നിര്‍മിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ 25 വീടു നിര്‍മിക്കുമെന്നു പറഞ്ഞപ്പോഴായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രഖ്യാപനമായി 30 വീടുകളുടെ കണക്ക് വന്നത്. 2024 ഓഗസ്റ്റ് മൂന്നിനായിരുന്നു ഇത്.
പിന്നീടു വീടുകൊടുക്കാമെന്നു പറഞ്ഞവരെ വിളിച്ച് മുഖ്യമന്ത്രി യോഗം നടത്തിയപ്പോള്‍ അതില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തില്ല. 30 വീടുകള്‍ക്കു മുകളില്‍ 50 വീടുകള്‍ക്കുള്ളില്‍ സംഭാവന ചെയ്യാമെന്നു പറഞ്ഞവരെയായിരുന്നു വിളിച്ചത്. അന്നു 30 ലക്ഷം വീടിനു ചെലവാകുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതുവരെ എല്ലാവരും വിചാരിച്ചത് 4-5 ലക്ഷം രൂപയ്ക്കു വീടു നിര്‍മിക്കാമെന്നായിരുന്നു. അത് നിരവധി സംഘടനകളെ നിരാശരാക്കി. എങ്കിലും പറ്റുന്നതു കൊടുക്കുകയെന്ന നിലപാടിലേക്ക് അവര്‍ മാറി. അതിന്റെ ഭാഗമായി സ്വന്തമായി വീടു നിര്‍മാണത്തില്‍നിന്നു മാറി ഡിവൈഎഫ്‌ഐ 20 കോടി രൂപ കൊടുത്തു. ഇപ്പോള്‍ വി.ഡി. സതീശന്‍ പറയുന്ന 300 വീടുകളുടെ കണക്കില്‍പെടുന്ന 100 വീടുകള്‍ നിര്‍മിക്കുന്നത് ഡിവൈഎഫ്‌ഐ നല്‍കുന്ന പണം കൊണ്ടാണ്!
യൂത്ത് കോണ്‍ഗ്രസ് എത്ര പിരിച്ചെന്നതിന് ഇപ്പോഴും കൃത്യമായ കണക്കില്ല. പിടിപ്പു കേടില്‍നിന്ന് രക്ഷപ്പെടാന്‍ പിന്നീടു കോണ്‍ഗ്രസ് നേതാക്കള്‍ നുണകളുടെ പ്രളയമാണു കെട്ടഴിച്ചുവിട്ടത്. സര്‍ക്കാരിനോടു ഭൂമി ചോദിച്ചിട്ടു നല്‍കിയില്ലെന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്. എന്നാല്‍, ഭൂമി ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാരിനു നല്‍കിയ കത്ത് എവിടെ എന്നു മന്ത്രി കെ. രാജന്‍ ചോദിച്ചതോടെ ആ വാദം പൊളിഞ്ഞു. സര്‍ക്കാര്‍തന്നെ പണം കൊടുത്താണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് വാങ്ങിയത്, പിന്നെങ്ങനെ മറ്റുള്ളവര്‍ക്കു സൗജന്യമായി നല്‍കാന്‍ കഴിയുമെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
ഭൂമി കിട്ടില്ലെന്ന വിവരം മൂന്നുമാസം മുമ്പാണ് സര്‍ക്കാര്‍ പറഞ്ഞതെന്ന മറ്റൊരു കള്ളമാണ് ഇപ്പോള്‍ സതീശന്‍ ആവര്‍ത്തിക്കുന്നത്. ഭൂമി കിട്ടില്ലെന്ന വിവരം സര്‍ക്കാരിന്റെ ആദ്യഘട്ട ചര്‍ച്ചകളില്‍തന്നെ എല്ലാ സംഘടനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വ്യക്തമായതാണ്. 480 ഗുണഭോക്താക്കളെ സര്‍ക്കാര്‍ കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലേക്കു വേഗത്തില്‍ കടന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൂറു വീടുകള്‍ നല്‍കുമെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനെ അഭിനന്ദിക്കുകയാണു രാഹുല്‍ ഗാന്ധി ചെയ്തത്.
285 വീടുകളാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. പിന്നീടു 48 പേര്‍ക്കുകൂടി വീട് അനുവദിച്ചു. ഇതിനുശേഷം ലീഗിന്റെ വീടു ലഭിക്കുമെന്നു പ്രതീക്ഷിച്ച മൂന്നുപേര്‍കൂടി ടൗണ്‍ഷിപ്പില്‍ വീടുവേണമെന്ന് ആവശ്യപ്പെട്ടു അപേക്ഷ നല്‍കി. ബാക്കി 101 പേരും അപേക്ഷ നല്‍കുമെന്നു കരുതിയാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നിലവില്‍ സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് കല്‍പറ്റ ടൗണിന്റെ ഹൃദയഭാഗത്താണ്. ലീഗിന്റെയും മറ്റു വീടുകള്‍ വളരെ അകലെയാണ്. ചിലര്‍ അകലെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ പരിപാടിയിലേക്കു പോകേണ്ടതില്ലെന്നു പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസിലേക്കു ഫണ്ടുവരും. അതുവച്ചു കോണ്‍ഗ്രസ് വീടുവയ്ക്കുമെന്നും സര്‍ക്കാര്‍ വഞ്ചിക്കുമെന്നുമായിരുന്നു വ്യാപക പ്രചാരണം. പിന്നീടു 2025 മാര്‍ച്ച് 27ന് സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പിനൊപ്പം കോണ്‍ഗ്രസിന്റെ വീടുകളും ഉയരുമെന്നു വി.ഡി. സതീശന്‍ തന്നെ പറഞ്ഞു.
തമിഴ്‌നാട് ജമാഅത്ത് ഉലമ 14 വീടുകളും പോലീസ് യൂണിയന്‍ മൂന്നു വീടുകളും വര്‍ക്ക്‌ഷോപ്പ് യൂണിയന്‍ ആറു വീടുകളും ഫിലോകാലിയ പത്തുവീടുകള്‍ കൈമാറി. ലീഗിന്റെ വീടുകള്‍ പണി നടക്കുന്നെന്നു പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വീടുകള്‍ എവിടെയന്നു പറയാന്‍ കഴിയാതെ തടിതപ്പുകയാണ് സതീശന്‍ ചെയ്തത്. സര്‍ക്കാര്‍ വീടുകള്‍ നിശ്ചയിച്ചത് ദുരന്ത ബാധിതരുടെ പട്ടിക തയാറാക്കിയാണ്. നിലവില്‍ വീട് ആവശ്യപ്പെടാന്‍ സാധ്യതയുള്ളവരെകൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന 100 വീട് ആര്‍ക്കു കൈമാറുമെന്ന ചോദ്യവും ബാക്കിയാകുന്നു. ആരാണ് ഗുണഭോക്താക്കളെന്ന് അറിയാതെ കെട്ടിപ്പൊക്കുന്ന വീടുകള്‍ അനാഥപ്രേതങ്ങളായി മാറിയേക്കാമെന്ന ആശങ്കയും ചിലര്‍ മുന്നോട്ടു വയ്ക്കുന്നു.






