കടലില്‍ കലങ്ങിയ കോടികളെത്ര; കൊച്ചി പുറംകടലിലെ കപ്പല്‍ അപകടം: 1200 കോടിയിലധികം രൂപ കെട്ടിവെച്ച് കപ്പല്‍ കമ്പനി; കേസില്‍ വാദം തുടരുന്നു

കൊച്ചി: കടലില്‍ കലങ്ങിയതെത്ര കോടികളെന്നറിയാന്‍ കാത്തിരിക്കണം ഇനിയും. ഒരു കപ്പല്‍ അപകടത്തിന്റെ കേസും കൂട്ടവും കോടികളുടെ കണക്കാണ് പറയുന്നത്.
കൊച്ചി പുറംകടലിലുണ്ടായ കപ്പല്‍ അപകടത്തില്‍ ബാങ്ക് ഗ്യാരന്റി തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1227.62 കോടി രൂപയാണ് എംഎസ്‌സി എല്‍സ3 എന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കെട്ടിവെച്ചത്. ഈ കേസിന്റെ വാദപ്രതിവാദം തുടരുകയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല വിധി വരികയാണെങ്കില്‍ പലിശ തുകയടക്കം കേരളത്തിന് കിട്ടും.
മെയ് മാസത്തില്‍ കൊച്ചിയുടെ പുറംകടലിലുണ്ടായ അപകടത്തില്‍ 9531 കോടി രൂപയുടെ നാശം പരിസ്ഥിതിക്ക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. 600 കണ്ടൈയ്‌നറുകളിലായി 60ഓളം മെട്രിക് ടണ്‍ രാസമാലിന്യമടങ്ങിയ വസ്തുക്കളാണ് കടലില്‍ ഒഴുകിയത്. മത്സ്യസമ്പത്തിനെ ബാധിച്ചതും, മീന്‍പിടുത്തക്കാരുടെ വല പൊട്ടുന്നതും ഉള്‍പ്പടെ സാരമായ പരുക്കുകളാണ് കടലിലെ ആവാസ വ്യവസ്ഥയ്ക്ക് അപകടത്തില്‍ സംഭവിച്ചത്. എന്നാല്‍ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് കമ്പനിയുടെ വാദം. അഡ്മിറ്റാലിറ്റി സ്യൂട്ടില്‍ വാദം വരും ദിവസങ്ങളില്‍ തുടരും.
നേരത്തെ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ് സി അകിറ്റേറ്റ – 2 കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ബാങ്ക് ഗാരന്റി കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ കപ്പല്‍ വിട്ടയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.






