ട്വിസ്റ്റും ക്ലൈമാക്സും വരാനിരിക്കുന്നതേയുള്ളൂ : നടിയെ ആക്രമിച്ച കേസിൽ വേറിട്ട വഴിത്തിരിവ് : വിചാരണ കോടതിക്കും ജഡ്ജിക്കും എതിരെ ഗുരുതര പരാമർശങ്ങൾ

കൊച്ചി: ചില കഥകൾ അങ്ങനെയാണ്, അവസാനിച്ചു എന്ന് കരുതുന്നിടത്താണ് അത് തുടങ്ങുന്നത്. അതുവരെ കണ്ട ക്ലൈമാക്സ് ആയിരിക്കില്ല പിന്നീടുള്ള ട്വിസ്റ്റും ക്ലൈമാക്സും നടിയെ ആക്രമിച്ച വിവാദമായ കേസിൽ ഇനിയാണ് യഥാർത്ഥ ട്വിസ്റ്റും ക്ലൈമാക്സും എന്ന സൂചന നൽകിക്കൊണ്ട് കേസിൽ വേറിട്ട വഴിത്തിരിവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം ലഭിച്ചതാണ് പുതിയ ടേണിംഗ് പോയിന്റ്. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പ് പുറത്തു വന്നിട്ടുണ്ട്.
സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.
ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്.
ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് എതിരെ അംഗീകരിച്ച തെളിവുകൾ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്ചക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.
കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടും.
പുറത്തുവരുന്ന ഈ വിവരങ്ങൾ വ്യക്തമാക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയാണ് വളരെ നിർണായകമായ ഘട്ടം എന്നാണ്. സർക്കാരും പ്രോസിക്യൂഷനും ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സ്ഥിതിക്ക് ഇനിയുള്ള ഓരോ നീക്കവും നിർണായകമായിരിക്കും.






