പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യന്‍ ടീം കൈ കൊടുക്കാതിരുന്നതുപോലെത്തന്നെ; ഹസ്തദാനത്തിന് മുതിര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ മൈന്‍ഡ് ചെയ്യാതെ ചെന്നിത്തല; ഹു കെയേഴ്‌സ് എന്ന് രാഹുലിന് മാത്രമല്ല ചെന്നിത്തലയ്ക്കും പറയാം; ദൃശ്യങ്ങള്‍ വൈറല്‍; പെരുന്നയിലെ നാടകീയ രംഗങ്ങളില്‍ ചമ്മലുമായി രാഹുല്‍

ചങ്ങനാശേരി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കൈ കൊടുക്കാതിരുന്ന ഇന്ത്യന്‍ ടീമിനെ ഓര്‍മയില്ലേ. അതുപോലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് കൈ കൊടുക്കാതെ നിന്ന രമേശ് ചെന്നിത്തല.
മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുള്ള ചെന്നിത്തലയ്ക്ക് കൈ കൊടുക്കാന്‍ യാതൊരു ചമ്മലുമില്ലാതെ ഞാന്‍ വളരെ കൂളാണ് ഹു കെയേഴ്‌സ് എന്ന രീതിയില്‍ ചെന്നപ്പോഴാണ് കൈ കൊടുക്കാനോ എന്തിന് മൈന്‍ഡ് ചെയ്യാനോ നില്‍ക്കാതെ ചെന്നിത്തല മാറിപ്പോയത്. ശരിക്കും ചമ്മി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുഖത്തെ ചിരി വാര്‍ന്നുപോവുകയും ചെയ്തു.
കോട്ടയം ചങ്ങനാശേരി പെരുന്നയിലാണ് രാഹുലിനെതിരെ ചെന്നിത്തലയുടെ ഹു കെയേഴ്‌സ് നിലപാടുണ്ടായത്.
മന്നം ജയന്തി ആഘോഷത്തിന് പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ അവഗണിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മുഖം കൊടുക്കാതെ നടന്നുനീങ്ങി ഹു കെയേഴ്‌സ് എന്ന് കാണിച്ചുകൊടുത്തത്.

ചെന്നിത്തലയോട് സംസാരിക്കാനായി രാഹുല്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ നടന്നുനീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. നിര്‍ബന്ധിത ഗര്‍ഭഛിദ്രമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.മുരളീധരനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ രാഹുല്‍, അറസ്റ്റ് കോടതി തടഞ്ഞതോടെയാണ് വീണ്ടും മണ്ഡലത്തില്‍ സജീവമായത്.
അതിനിടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാലക്കാട് രാഹുലിന് മത്സരിക്കാന്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് പി.ജെ. കുര്യനും രംഗത്തെത്തി. പാലക്കാട് മികച്ച നേതാക്കള്‍ വേറെയുമുണ്ടെന്നും രാഹുലിനെപ്പോലെ ആരോപണവിധേയനായ ഒരാള്‍ക്ക് സീറ്റ് നല്‍കുന്നത് ഉചിതമല്ലെന്നുമായിരുന്നു കുര്യന്റെ പ്രസ്താവന. പിന്നാലെ, പിജെ കുര്യന്റെ പ്രസ്താവനയില്‍, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് സീറ്റില്‍ ഇപ്പോഴും നോട്ടമിട്ടിരിക്കുന്ന രാഹുലിനെ കോണ്‍ഗ്രസ് വളപ്പില്‍ കയറ്റില്ലെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍ കച്ചകെട്ടിയിരിക്കുമ്പോള്‍ തനിക്ക് കുടപിടിക്കുന്ന നേതാക്കള്‍ തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് മാങ്കൂട്ടത്തില്‍. എന്തായാലും പരിചയമില്ലാത്തവരോടു പോലും പുഞ്ചിരിച്ച് കൈ കൊടുക്കുന്ന ചെന്നിത്തല മാങ്കൂട്ടത്തിലിന് ഒരു നറുചിരി പോലും നല്‍കാതെ കടന്നുപോകുമ്പോള്‍ രാഹുലിന്റെ സീറ്റ് സ്വപ്‌നങ്ങള്‍ വെറും സ്വപ്‌നങ്ങളായി അവശേഷിക്കുമെന്നാണ് സൂചന.






