ശബരിമല വിവാദം കത്തുമ്പോള്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തെ ‘അയ്യപ്പ ജ്യോതി’ പ്രയാണവും ചര്‍ച്ചയാകുന്നു; കൊടിമരം സ്വര്‍ണം പൂശിയതും ബ്രാഹ്മണ സദ്യ സമൂഹ സദ്യയാക്കിയതും ഇടതു സര്‍ക്കാരുകള്‍; ദക്ഷിണേന്ത്യന്‍ പത്രങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ നല്കി; ശമ്പളം മുടങ്ങിയ കാലത്തുനിന്ന് സമ്പന്നതയിലേക്ക് ശബരിമല മാറിയ വഴികള്‍
ദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്ന സമയത്താണ് ഇ എം എസ് അധികാരത്തില്‍ വരുന്നത്. ഐക്യ കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നിട്ടും 1967ല്‍ ഇടതുപക്ഷക്കാര്‍ ഭരിച്ച ദേവസ്വം ബോര്‍ഡ് മുന്‍കൈയ്യെടുത്താണ് ശബരിമലയിലെ കൊടിമരം ആദ്യമായി സ്വര്‍ണ്ണം പൂശുന്നത്.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലൂടെയും സ്വര്‍ണക്കൊള്ളയിലൂടെയും സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആകെ രണ്ടുലക്ഷത്തോളംപേര്‍ മാത്രം ഒരു സീസണില്‍ എത്തിയതില്‍നിന്ന് ആന്ധ്രയും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകരുടെ ഒഴുക്കു തുടങ്ങിയതിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന 1967ല്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതി പ്രയാണത്തോടെയാണെന്നാണു പോസ്റ്റില്‍ പറയുന്നത്.
ചരിത്രത്തിലേക്കൊന്ന് ചികഞ്ഞ് നോക്കിയാല്‍ ഇ എം എസ് കേരളം ഭരിക്കുന്ന കാലത്താണ് ശബരിമലയുടെ വികസനത്തിന് വേണ്ടിയുള്ള ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. അത്രയധികം ശോചനീയാവസ്ഥയിലായിരുന്ന ശബരിമലയെ പിടിച്ചുയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ അയ്യപ്പ ജ്യോതി എന്ന പരിപാടി കൊണ്ടായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രയാണം കൊണ്ട് തെക്കേ ഇന്ത്യയില്‍ ശബരിമല എന്ന തീര്‍ഥാടന കേന്ദ്രത്തെക്കുറിച്ച് എല്ലാവരും അറിയാനിടയായി. അയ്യപ്പ ജ്യോതിക്ക് ശേഷമാണ് ശബരിമലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ്, കന്നട, ആന്ധ്ര പത്രങ്ങളില്‍ വരാനായി തുടങ്ങിയത്. പിന്നീട് ഭക്തര്‍ ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താനായി തുടങ്ങി.
ദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്ന സമയത്താണ് ഇ എം എസ് അധികാരത്തില്‍ വരുന്നത്. ഐക്യ കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നിട്ടും 1967ല്‍ ഇടതുപക്ഷക്കാര്‍ ഭരിച്ച ദേവസ്വം ബോര്‍ഡ് മുന്‍കൈയ്യെടുത്താണ് ശബരിമലയിലെ കൊടിമരം ആദ്യമായി സ്വര്‍ണ്ണം പൂശുന്നത്. പമ്പയില്‍ ഇന്ന് കാണുന്ന ഗണപതി ക്ഷേത്രം, ഹനുമാന് ക്ഷേത്രം, ശ്രീരാമ ക്ഷേത്രം എന്നിവയുടെ പ്രതിഷ്ഠ നടക്കുന്നതും കാടായിരുന്ന പമ്പയുടെ സമഗ്ര പുരോഗതിക്ക് തുടക്കം കുറിച്ചതും ഈ ഇടതുപക്ഷ ബോര്‍ഡാണ്. ശബരിമലയിലേക്ക് ആദ്യമായി കറന്റെത്തുന്നത് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയായ എം എന്‍ ഗോവിന്ദന് നായര്‍ കാരണമാണ്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ദിവസം സര്‍ക്കാര്‍ ചിലവില്‍ നടന്നിരുന്ന ബ്രാഹ്മണ സദ്യ നിര്‍ത്തലാക്കി സമൂഹ്യ സദ്യയാക്കി മാറ്റുന്നതും ഈ ബോര്‍ഡാണെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
1967-ല്‍ ഇഎംഎസ് കേരളം ഭരിക്കുമ്പോള്‍ ആണ് ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടി നടക്കുന്നത്. പുന്നപ്ര വയലാര്‍ സമരനായകനായ പി കെ ചന്ദ്രാനന്ദനും , അന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായ ആര്‍എസ്പി നേതാവ് പ്രാക്കുളം ഭാസിയും അടങ്ങുന്ന ദേവസ്വം ബോര്‍ഡ് ആണ് ‘അയ്യപ്പ ജ്യോതി’ എന്ന് പേരിട്ട ഈ പരിപാടിയുടെ മുഖ്യ നടത്തിപ്പുകാര്‍ .
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട് , കര്‍ണ്ണാടക , ആന്ധ്ര എന്നിവടങ്ങളില്‍ അയ്യപ്പ ജ്യോതിപ്രയാണം നടത്തി . ഗ്രാമഗ്രാമന്തരങ്ങളിലൂടെ നടന്ന ഈ പ്രയാണമാണ് ശബരിമലയെ തെക്കേ ഇന്ത്യയില്‍ പ്രശസ്തമാക്കിയത്. ശബരിമല ക്ഷേത്രത്തെ പറ്റി നിരന്തരം വാര്‍ത്തകള്‍ തമിഴ് , കന്നട , ആന്ധ്ര പത്രങ്ങളില്‍ വന്ന് തുടങ്ങിയത് ഈ അയ്യപ്പ ജ്യോതി പരിപാടിക്ക് ശേഷമാണ് . ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ അന്യ സംസ്ഥാനത്തെ ഭക്തര്‍ കൂട്ടത്തോടെ പ്രവഹിക്കാന്‍ തുടങ്ങി. അതുവരെ രണ്ട് ലക്ഷം പേര് പ്രതിവര്‍ഷം തീര്‍ത്ഥാടനം നടത്തിയിരുന്ന ഈ കാനന ക്ഷേത്രത്തിന്റെ കീര്‍ത്തി തെക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ വരെ എത്തി . ഇതോടെ വന്‍ തോതില്‍ അന്യ സംസ്ഥാനക്കാരായ അയ്യപ്പന്മാര് കേരളത്തിലേക്ക് എത്തിതുടങ്ങി. സ്വാമി അയ്യപ്പന് സിനിമ എല്ലാം ഇറങ്ങുന്നതിനും മുന്‍പാണ് ഇതെല്ലാം നടന്നത്.
ദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളം പോലും മുടങ്ങുകയും അമ്പലത്തിലെ പൂജാരിമാര്‍ പോലും ചരിത്രത്തിലാദ്യമായി കൊടിപിടിച്ച് സമരം ചെയ്യുകയും ചെയ്ത ഘട്ടത്തിലാണ് 1967ല്‍ ഇഎംഎസ് അധികാരത്തില്‍ വരുന്നത് . ദേവസ്വം ജീവനക്കാര്‍ക്ക് കടം നല്‍കില്ല എന്ന് ചില കടകളില്‍ ബോര്‍ഡ് എഴുതി വെച്ചിരുന്ന കാലമാണ് അത്. 1949 മുതല്‍ പല കാലഘട്ടങ്ങളിലായി ഐക്യ കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായ ആര് ശങ്കര്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശുപാര്‍ശ ചെയ്യുന്ന അംഗങ്ങളോ ആണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് ഉണ്ടായിരുന്നത് എന്നോര്‍ക്കണം .
ഇടതുപക്ഷക്കാര്‍ ഭരിച്ച 1967 കാലത്തെ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്താണ് ശബരിമലയിലെ കൊടിമരം ആദ്യമായി സ്വര്‍ണ്ണം പൂശുന്നത്. അതുവരെ മണ്ഡല മകരവിളക്ക് എന്നീ രണ്ട് ഉല്സവങ്ങള് മാത്രമാണ് ഉണ്ടായിരുന്നത്. അയ്യപ്പന്റെ ജന്മനാളായ ഉത്രം നാളില്‍ അവസാനിക്കുന്ന വിധത്തില്‍ ആറാട്ടോട് കൂടിയ പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഉല്‍സവം ആദ്യമായി ആരംഭിക്കുന്നതും ആ ബോര്‍ഡ് അധികാരത്തിലിരിക്കുമ്പോള്‍ ആണ്. മല കയറാന്‍ കഴിയാത്ത സ്ത്രീകള്‍ പമ്പയില്‍ വന്ന് അയ്യപ്പവിഗ്രഹം തൊഴുന്ന ചടങ്ങ് തുടക്കം കുറിക്കപ്പെടുന്നതും ആ ഘട്ടത്തിലാണ് .
ആദ്യ വര്‍ഷം ആറാട്ട് നടന്നത് ക്ഷേത്രത്തിനടുത്തെ ഭസ്മ കുളത്തിലായത് വിവാദം ആയതിനെ തുടര്‍ന്ന് പമ്പയില്‍ പ്രത്യേക കടവ് നിര്‍മ്മിച്ച് രണ്ടാം വര്‍ഷം മുതല്‍ ആറാട്ട് പമ്പയില്‍ നടത്തിയാല്‍ മതി എന്ന് തീരുമാനിക്കുന്നതും ഈ ഭരണസമിതിയാണ്.
പമ്പയില്‍ ഇന്ന് കാണുന്ന ഗണപതി ക്ഷേത്രം , ഹനുമാന് ക്ഷേത്രം , ശ്രീരാമ ക്ഷേത്രം എന്നീവയുടെ പ്രതിഷ്ഠ നടക്കുന്നതും കൊടുങ്കാട് ആയിരുന്ന പമ്പയുടെ സമഗ്ര പുരോഗതിക്ക് തുടക്കം കുറിച്ചതും ഈ ഇടതുപക്ഷ ബോര്‍ഡ് ആണ്. 1967 വരെ ചാലക്കയം വരെ മാത്രമേ കെ എസ് ആര്‍ടിസി ബസ് ചെല്ലുമായിരുന്നുള്ളു . അതിന് ശേഷം നടക്കണം, ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ രണ്ട് ബസുകള്‍ ദേവസ്വം ബോര്‍ഡ് വാങ്ങിയതും അതുവഴി സര്‍വ്വീസ് നടത്തിയതും ആ ഭരണസമിതിയാണ്. പമ്പയിലേക്ക് റോഡ് എന്ന ആവശ്യം അന്നേ ഉണ്ടെങ്കിലും വനം വകുപ്പിന്റെ കടുത്ത എതിര്‍പ്പ് അന്നേ ഉണ്ടായിരുന്നു.
ആദ്യം അവിടെ ടോള്‍ ഗേറ്റ് ആരംഭിക്കുകയും , പിന്നാലെ റോഡിന്റെ വീതി കൂട്ടി ഉമസ്ഥാവകാശം ദേവസ്വം ബോര്‍ഡിലേക്ക് ലഭിക്കുന്നതിനും ഇവര്‍ നടത്തിയ ശ്രമങ്ങള്‍ അന്യാദൃശ്യമാണ്. 1973-ല്‍ ശബരിമല ദര്‍ശനത്തിന് വന്ന ഇന്ത്യന്‍ പ്രസിഡന്റ് വിവി ഗിരിക്ക് വേണ്ടിയാണ് പമ്പ വരെ റോഡ് നിര്‍മ്മിച്ചത് എന്നും ഓര്‍ക്കണം.
പമ്പയില്‍ നിന്ന് മുകളിലേക്കുള്ള ദുര്‍ഘടമായ യാത്ര ആയാസരഹിതമാക്കാന്‍ ആലപ്പുഴയില്‍ നിന്ന് തൊഴിലാളികളെ കൊണ്ട് നിര്‍ത്തി മുകളിലേക്ക് റോഡ് വെട്ടിയത് ബോര്‍ഡ് അംഗമായ പി.കെ ചന്ദ്രാനന്ദന്റെ നേതൃത്വത്തിലാണ്. പുന്നപ്ര വയലാര്‍ സമര നായകനും കമ്മ്യൂണിസ്റ്റുകരനുമായ പി.കെ ചന്ദ്രാനന്ദന്റെ നാമധേയത്തിലാണ് ഇന്നും ആ റോഡ് അറിയപ്പെടുന്നതും. ഫാക്ടിന്റെ ചെയര്‍മാനായിരുന്ന എം കെ കെ നായരെ അധ്യക്ഷനാക്കി ആദ്യമായി ശബരിമല വികസന അതോറിറ്റി ഉണ്ടാക്കുന്നതും 1967 ലെ ആ ബോര്‍ഡിന്റെ കാലത്താണ്.
ഘോരവനമായിരുന്ന ശബരിമലയിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതും , ശബരിമലയില്‍ വെളിച്ചം എത്തുന്നതും ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി കാരണമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും , പില്ക്കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രിയായ സഖാവ് എം എന്‍ ഗോവിന്ദന് നായര്‍ വിദ്യുച്ഛക്തി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം താല്പര്യമെടുത്താണ് ശബരിമലയില്‍ കറന്റ് എത്തുന്നത്. ഈ ബോര്‍ഡിന്റെ കാലത്താണ് സര്‍ക്കാര്‍ പണം ചിലവഴിക്കാതെ ഡോണര്‍ ഹൗസുകള്‍ നിര്‍മ്മിക്കുക എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നത്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ദിവസം സര്‍ക്കാര്‍ ചിലവില്‍ നടന്നിരുന്ന ബ്രാഹ്മണ സദ്യ നിര്‍ത്തലാക്കി സമൂഹ്യ സദ്യയാക്കി മാറ്റുന്നതും ഈ ബോര്‍ഡ് ആണ്. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്കൂള്‍ ഫൈനല്‍ പരീക്ഷ പാസായ ഹിന്ദുമതത്തിലെ എല്ലാ ജാതിയിലുംപ്പെട്ടവര് പൂജ വിധികള്‍ പഠിക്കാന്‍ തന്ത്ര വിദ്യാലയം തുടങ്ങിയതും ഈ ബോര്‍ഡ് ആണ്. ഇടതുപക്ഷ ബോര്‍ഡ് അധികാരത്തിലിരിക്കുമ്പോള്‍ ആണ് പരുമല കോളേജ് , ഇടുക്കി ശബരിഗിരി കോളേജ് എന്നീവ ആരംഭിക്കുന്നത്. 1977 ല്‍ ഇത് അടച്ചുപൂട്ടി സര്‍ക്കാര്‍ ഏറ്റെടുത്തു. അതാണ് ഇന്നത്തെ കട്ടപ്പന ഗവണ്മെന്റ് കോളേജ് തുടങ്ങിയത്. എല്‍ഡിഎഫ് ബോര്‍ഡ് തുടങ്ങിയത് യുഡിഎഫ് ബോര്‍ഡ് പൂട്ടി എന്ന് ചുരുക്കം. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്.
ആഗോള അയ്യപ്പ സംഗമം എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വോട്ട് നേടാനും , ശബരിമല കലാപ കാലത്തെ മുറിവ് ഉണക്കാനും വേണ്ടി നടത്തുന്നതെന്നാണ് ചിലര്‍ പറയുന്നത്. സത്യത്തില്‍ ശബരിമലയുടെ വികസനത്തിന് വേണ്ടി ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്ത നന്മകളും ക്ഷേമ പ്രവര്‍ത്തനങ്ങളും തിരസ്കരിക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന ഒരു നുണയാണിത്. ഈ ഫോട്ടോയില്‍ ഉള്ള വ്യക്തിയുടെ പേര് കൃഷ്ണ സ്വാമി എന്നാണ്. 1965 -ല്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി ശബരിമലയില്‍ വന്നതാണ് ഇദ്ദേഹം. പിന്നീട് കൂലിപണിയായി , കഴിഞ്ഞ 60 വര്‍ഷമായി ഇദ്ദേഹം ശബരിമലയില്‍ ഉണ്ട്.
കഴിഞ്ഞ 30 വര്‍ഷമായി ഫോറസ്റ്റ് വാച്ചര്‍ ആണ്. ശബരിമലയുടെ ഭാഗമായി ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പഴക്കമേറിയ വ്യക്തിയാണ് കൊല്ലം കടയ്ക്കല്‍ ചിതറ സ്വദേശിയായ കൃഷ്ണ സ്വാമി . അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിന്റെ വരാന്തയില്‍ വെച്ച് ഞാന്‍ ഇദ്ദേഹത്തെ ഇന്റവ്യു ചെയ്തിരുന്നു.







