ഇടാൻ പറ്റിയ നല്ലൊരു പേര് പറയൂ : ആൺകുട്ടിക്കോ പെൺകുട്ടിക്കോ: കുട്ടിക്കല്ല കുപ്പിക്കാ

തിരുവനന്തപുരം: മൗനി – രണ്ടെണ്ണം അടിച്ചാൽ ഉടൻ മൗനിയാകും, കരിമ്പന ഫ്രം പാലക്കാട്, അടി പി കെ ഡി അടി, സർവ്വം മായ… പേരുകൾ അങ്ങനെ നീളുകയാണ്. മലയാളക്കരയിലെ മദ്യപാനികൾ നല്ലൊരു പേര് തപ്പി കൊണ്ടിരിക്കുകയാണ്.
തങ്ങളുടെ മെനുവിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിക്ക് വേണ്ടി..
നല്ല പേരിടുന്നവർക്ക് നല്ല സമ്മാനം ഉള്ളതുകൊണ്ട് അത് കിട്ടിയാൽ അടിച്ചു കീറാം എന്നാണ് കേരള മദ്യപാനികളുടെ ആഗ്രഹം.
പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ് വന്നതോടെയാണ് മദ്യപാനികൾ പുത്തൻ തപ്പി ഇറങ്ങിയിരിക്കുന്നത്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം എന്നു പറഞ്ഞതോടെ കൈ അല്പം വിറക്കുന്നുണ്ടെങ്കിലും ലോഗോ വരയ്ക്കാനും മദ്യപാനികൾ ശ്രമിക്കുന്നുണ്ട്. മദ്യം കൈകൊണ്ട് തൊടാത്തവരും പേരിടാനും ലോഗോ വരയ്ക്കാനും രംഗത്തുണ്ട്.
പേരും ലോഗോയും ഒന്നും ഒരു വിഷയമേയല്ല സാധനം കയ്യിൽ കിട്ടിയാൽ മതി എന്നാണ് മിക്കവരും പറയുന്നത്. പേരിടലും ചോറൂണും നൂലുകെട്ടുമൊക്കെ കഴിഞ്ഞ് എന്ന് എന്ന് സാധനം കൈകളിൽ എത്തും എന്നാണ് അവരുടെ ചോദ്യം.
പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ബ്രാൻഡിക്ക് നൽകുമെന്നാണ് ബെവ്കോ എംഡിയുടെ ഉറപ്പ്.
എനിക്ക് ഏറ്റവും ഇഷ്ടം എന്റെ ഭാര്യയെയാണ് അവളുടെ പേര് കൊടുത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു – വളരെ നിഷ്കളങ്കമായി പാലക്കാട്ടെ ഒരു മദ്യപാനി പറഞ്ഞു.
അമ്മിണി എന്ന പേരാണ് അദ്ദേഹത്തിന് നിർദ്ദേശിക്കാൻ ഉള്ളത്.
ഹെലികോപ്റ്റർ എന്ന പേര് പറഞ്ഞ മദ്യപാനിയും ഉണ്ടായിരുന്നു . രണ്ടെണ്ണം അടിച്ചാൽ ഹെലികോപ്റ്റർ പോലെ ഉയർന്നുപൊങ്ങി പറക്കും എന്ന ടാഗ് ലൈനോട് ഇറക്കിയാൽ സംഗതി കസറും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പാലക്കാട് ഡിസ്ലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി നിർമ്മിക്കുന്നത്. ഈ ബ്രാൻഡിക്കാണ് പേരും ലോഗോയും ആവശ്യപ്പെടുന്നത്. അടുത്ത മാസം 7 നകം ലോഗോയും പേരും നൽകണമെന്നും തെരെഞ്ഞെടുക്കുന്ന പേര് നിർദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി അറിയിച്ചു.
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. ഒരു പേരിൽ പതിനായിരം രൂപ ഇരിക്കുന്നുണ്ട്. ഒരു നല്ല പേരിട്ടു കൊടുത്താൽ ആ പതിനായിരം പോക്കറ്റിൽ എത്തും.
നിങ്ങളുടെ കൺമണിക്ക് നല്ലൊരു പേര് എന്ന പുസ്തകം പല മദ്യപാനികളും തപ്പുന്നുണ്ട്. അതിൽനിന്നെങ്ങാനും നല്ലൊരു പേര് കിട്ടിയാലോ എന്ന് കരുതിയാണ് അന്വേഷണം.
ജാതിമത ദേശഭേദമന്യേ ആർക്കും കുടിക്കാവുന്ന സർവ്വ, പാലക്കാട് നിന്നും വരുന്നതുകൊണ്ട് പാലരുവി, സൈലന്റ് വാലി…. പേരുകളങ്ങനെ പെരുകുകയാണ് .






