Breaking NewsKeralaNEWS

റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി

ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്

കൊച്ചി: റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, റിലയന്‍സ് ഫൗണ്ടേഷന്‍ 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി യുവപ്രതിഭകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഈ വര്‍ഷം 5,100 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഫൗണ്ടേഷന്റെ വിശാലമായ ദൗത്യം ഊട്ടിയുറപ്പിക്കുന്നതാണ് വാര്‍ഷിക പ്രഖ്യാപനം.

Signature-ad

ഒരു വലിയ, ദീര്‍ഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍. 2022ല്‍, ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി, 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടുള്ള പ്രതിബദ്ധതയുടെ സമര്‍പ്പണത്തിന്റെ ഭാഗമായി, ഫൗണ്ടേഷന്‍ ഇന്നുവരെ 33,471 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. 2025-26 വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ മത്സരാധിഷ്ഠിതമായിരുന്നു; രാജ്യത്തെ 15,544 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ലഭിച്ച 1,25,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് ഏറ്റവും യോഗ്യരായ 5,100 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. 28 സംസ്ഥാനങ്ങളില്‍ നിന്നും 4 കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പദ്ധതിയുടെ ദേശീയ വ്യാപ്തിക്ക് അടിവരയിടുന്നു.

‘ഇന്ത്യയിലെ യുവാക്കള്‍ അവിശ്വസനീയമായ പ്രചോദനവും കഠിനാധ്വാനവും കഴിവും പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്‌കോളര്‍ഷിപ്പുകള്‍ സാമ്പത്തിക സഹായത്തിന് പുറമെ, അവരുടെ യാത്രയെ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സമാനചിന്താഗതിക്കാരായവരുടെ ഒരു മികച്ച ശൃംഖലയും മറ്റും നല്‍കാന്‍ ലക്ഷ്യമിടുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍മാര്‍ അവര്‍ തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മികവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു, ശ്രദ്ധേയമായ പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ പിന്തുടരുന്നു, അവരുടെ യാത്രയില്‍ അവരെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. 5,100 അസാധാരണരായ ബിരുദ, ബിരുദാനന്തര സ്‌കോളര്‍മാരുടെ പുതിയ സംഘത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍, അതിരുകള്‍ ഭേദിക്കാനും, വലുതായി ചിന്തിക്കാനും, ഒരു വികസിത ഭാരതത്തിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താനും ഞങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു,’ റിലയന്‍സ് ഫൗണ്ടേഷന്‍ വക്താവ് വ്യക്തമാക്കി.

സാമൂഹിക പ്രതിബദ്ധതയും വൈവിധ്യവും

വെറും സംഖ്യകള്‍ക്കപ്പുറം, 2025-26 ലെ സ്‌കോളര്‍ഷിപ്പ് ജേതാക്കളുടെ വിവിധ സാമൂഹ്യ മാനദണ്ഡങ്ങളിലുള്ള റിലയന്‍സ് ഫൗണ്ടേഷന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. സ്‌കോളര്‍ഷിപ്പ് ലഭിച്ചവരില്‍ 83% പേര്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബിരുദ വിദ്യാര്‍ത്ഥികളില്‍ 97% പേരും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരാണ്. 5000 ബിരുദ വിദ്യാര്‍ത്ഥികളില്‍ 48% പെണ്‍കുട്ടികളും 52% ആണ്‍കുട്ടികളുമാണ്. ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളാണ്.

ഈ വൈവിധ്യമാര്‍ന്ന കൂട്ടായ്മയുടെ അടിത്തറയില്‍ നിന്നുകൊണ്ട്, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകളിലൂടെ രാജ്യത്തിന് ആവശ്യമുള്ള ഭാവിയുടെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ ഫൗണ്ടേഷന്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകള്‍ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ‘ഭാവിക്കായി സജ്ജമായ’ മേഖലകളിലെ ഇന്ത്യയിലെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 100 ബിരുദാനന്തര സ്‌കോളര്‍മാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, പുനരുപയോഗ ഊര്‍ജ്ജം, ലൈഫ് സയന്‍സസ് തുടങ്ങിയ പ്രധാന മേഖലകളില്‍ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും.

അംഗീകാരത്തിന്റെ ഭാഗമായി സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്ക് ഒരു ആഗോള പൂര്‍വ്വ വിദ്യാര്‍ത്ഥി ശൃംഖലയിലേക്കും ഭാവിയിലെ നേതൃത്വത്തെ വളര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വികസന പരിപാടികളിലേക്കും പ്രവേശനം ലഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകര്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.

എങ്ങനെ പരിശോധിക്കാം

അപേക്ഷകര്‍ക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ സ്‌കോളര്‍ഷിപ്പ് ഫലം പരിശോധിക്കാവുന്നതാണ്:
1. scholarships.reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. നിങ്ങളുടെ 17 അക്ക അപേക്ഷാ നമ്പര്‍ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി നല്‍കുക.
3. ഫലം കാണുന്നതിന് ‘Submit’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി, ഈ ലിങ്ക് സന്ദര്‍ശിക്കുക: https://reliancefoundation.org/reliance-foundation-scholarships-2025-26-results

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന്‍, നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങളിലൂടെ ഇന്ത്യയുടെ വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനിയുടെ നേതൃത്വത്തില്‍, ഗ്രാമീണ പരിവര്‍ത്തനം, വിദ്യാഭ്യാസം, ആരോഗ്യം, കായികം, ദുരന്തനിവാരണം, സ്ത്രീ ശാക്തീകരണം, നഗര നവീകരണം, കല, സംസ്‌കാരം, പൈതൃകം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സമഗ്രമായ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 91,500ല്‍ അധികം ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലുമായി 88 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ഫൗണ്ടേഷന്‍ ഇതിനോടകം സ്വാധീനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: