Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തിരുവനന്തപുരം കോര്‍പറേഷന്‍: കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയതില്‍ വന്‍ ക്രമക്കേടെന്നു കണ്ടെത്തല്‍; മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്കു നിര്‍ദേശം; കടമുറികള്‍ കൈമാറി ഉപയോഗിക്കുന്നു; വിവാദം പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. വി.കെ. പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം. വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

Signature-ad

ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.

പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. മാസത്തില്‍ 250 രൂപ വാടകക്ക് വരെ കടകള്‍ കൈമാറിയിട്ടുണ്ട്. ഇവയെല്ലാം വന്‍ തുകക്ക് മറിച്ചു നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തല്‍.കുറഞ്ഞ വാടകക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണം.

വി.കെ. പ്രശാന്തുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വാടകക്ക് കെട്ടിടങ്ങള്‍ നല്‍കുന്നതില്‍ ആവശ്യമായ പരിശോധന നടത്തുമെന്നും അന്വേഷിക്കുമെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതിന്റെ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞിരുന്നു.

അതേസമയം, എംഎല്‍എയുടെയും കൗണ്‍സിലറുടെയും ഓഫീസ് കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാടക കരാറിന്റെ മറവില്‍ നേടിയതാണെന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ സര്‍ക്കാരിന് ഇന്നലെ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെയും ശാസ്തമംഗലം വാര്‍ഡ് കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെയും ഓഫീസുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ മറവില്‍ നേടിയെടുത്തതാണെന്നും അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്നുമാണ് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.

 

മറുപടിയുമായി വി.കെ. പ്രശാന്ത്‌

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടെന്ന കവടിയാർ കൗൺസിലർ കെ എസ് ശബരിനാഥന്‍റെ പരാമർശത്തിന് മറുപടിയുമായി വി കെ പ്രശാന്ത്. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി കെ പ്രശാന്ത് പറഞ്ഞു. ഇത്തരം തിട്ടൂരങ്ങൾക്ക് ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്‍റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്‍റെ സൗകര്യത്തിനല്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.

“എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്‍റെ മണ്ഡലത്തിലെ ആളുകൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൌകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വർഷക്കാലമായി സുഗമമായി അവിടെ പ്രവർത്തിക്കുകയാണ്. ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജണ്ടയുടെ ഭാഗമായി എംഎൽഎയെ അവിടെ നിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആൾ അതിന് കൂട്ടുനിൽക്കുന്നത് എന്ത് അർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ അത് പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്‍റെ നിയോജക മണ്ഡലത്തിലെ മുഴവൻ പേർക്കും വന്നുചേരാൻ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സൌകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥിന്‍റെ സൌകര്യത്തിനല്ല. നൂറു കണക്കിന് സാധാരണക്കാർ അവിടെ എന്നും വരുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിൽ എല്ലാ എംഎൽഎമാരെയും പോലെ എനിക്കും മുറിയുണ്ട്. എന്നാൽ സാധാരണക്കാർക്ക് ഏത് സമയത്തും അനുവാദത്തിന് കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്”- വി കെ പ്രശാന്ത് പറഞ്ഞു. മാർച്ച് 31 വരെയുള്ള വാടക തുക അടച്ചിട്ടുണ്ട്, ആ കാലാവധി കഴിഞ്ഞ് ആലോചിക്കാമെന്ന നിലപാട് വി കെ പ്രശാന്ത് ആവർത്തിച്ചു.

ശബരിനാഥൻ പറഞ്ഞത്

“ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും വി കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്. പക്ഷേ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎൽഎ ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: