Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കത്തിപ്പടര്‍ന്ന് മറ്റത്തൂരിലെ ബിജെപി ബന്ധം: വിപ്പ് നല്‍കിയില്ല, ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം: ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നു പുറത്തായവര്‍

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളാരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയെന്നു ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളമാണെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനും കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിലെ ഭരണമാറ്റം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് അംഗങ്ങള്‍ക്കുള്ളതെന്നും ഇതുവരെ ആരും വിശദീകരണം ചേദിച്ചിട്ടില്ലെന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു.

ഇതോടൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. മറ്റത്തൂരില്‍ പാര്‍ട്ടിയും കെപിസിസി നേതൃത്വവും ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം (വെള്ളിക്കുളങ്ങര ഡിവിഷന്‍) പ്രവീണ്‍ എം. കുമാര്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ്, അംഗം ഷിന്റോ പള്ളിപ്പറമ്പന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Signature-ad

മറ്റത്തൂരിലെ പ്രാദേശിക രാഷ്ട്രീയവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരവും പരിഗണിച്ചാണ് സ്വതന്ത്രയെ പ്രസിഡന്റാക്കിയത്. പ്രത്യാഘാതം പഠിക്കാതെ സ്ഥാനങ്ങള്‍ രാജിവയ്ക്കില്ല. മുന്‍ ഭരണസമിതികളിലൂടെ സിപിഎം നടത്തിയ അഴിമതികള്‍ മൂടിവയ്ക്കാനുള്ള ഗൂഢതന്ത്രത്തിന്റെ പരിണിത ഫലമാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇതിനായി കോണ്‍ഗ്രസ് അംഗമായ കെ.പി. ഔസേപ്പിനെ സിപിഎം വിലയ്‌ക്കെടുത്തു. പഞ്ചായത്തില്‍ 24 സ്ഥാനാര്‍ഥികളാണ് യുഡിഎഫിനായി മത്സരിച്ചത്. ഇവരുടെ പേരും ചിത്രവും ഉള്‍ക്കൊള്ളിച്ച് നോട്ടിസ് പ്രസിദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. ഇതില്‍ ഔസേപ്പിന്റെയും ടെസി ജോസിന്റെയും പേരുകളുണ്ട്.

10 അംഗങ്ങള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളപ്പോള്‍ നറുക്കെടുപ്പിലൂടെ ഔസേപ്പ് പ്രസിഡന്റാകുമായിരുന്നു. അല്ലെങ്കില്‍ സിപിഎം അംഗം പ്രസിഡന്റാകും. 50 ശതമാനം സാധ്യത നിലനില്‍ക്കുമ്പോള്‍ അതു പോലും ഇല്ലാതാക്കാന്‍ സിപിഎം ഔസേപ്പിനെ വിലയ്‌ക്കെടുക്കുകയായിരുന്നു. 20 വര്‍ഷത്തിലേറെയായുള്ള പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതതയും മൂടിവയ്ക്കാനാണ് സിപിഎം ശ്രമിച്ചത്. അധ്യക്ഷ തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ ഔസേപ്പിന്റെ പേര് സിപിഎം നിര്‍ദേശിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ടെസിയുടെ പേരു പറഞ്ഞു. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തത്. ടെസിക്ക് 12 വോട്ടും ഔസേപ്പിന് 11 വേട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: