Breaking NewsKeralaLead NewsNEWSpolitics

വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള വീടു പണി തുടങ്ങുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ച തീയതി ഇന്ന്; രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊള്ളയായ വാഗ്ദാനമെന്ന് പരിഹാസം; അഡ്വാന്‍സ് കൈമാറിയ സ്ഥലം എവിടെയെന്നതും അജ്ഞാതം; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

കല്‍പ്പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്‍മദിനമായ 28ന് വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണത്തിനു തുടക്കം കുറിക്കുമെന്ന ടി. സിദ്ദിഖ് എംഎല്‍എയുടെ വാക്കും പഴയചാക്ക്. ‘ഈമാസം പണി തുടങ്ങു’മെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചു രംഗത്തുവന്നവര്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് സിദ്ദിഖിന്റെ പ്രസ്താവനകളെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയും.

വയനാട് ദുരന്തബാധിതര്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഡിസംബറില്‍ നടത്തുമെന്നും അഡ്വാന്‍സ് കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്റെ അവകാശവാദം. എന്നാല്‍, എവിടെയാണു സ്ഥലം വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ട ഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

Signature-ad

നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തും എന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. നിലവില്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്ളവര്‍ക്കു പ്രിയങ്കയുടെ ചിത്രം പതിപ്പിച്ച കലണ്ടര്‍ നല്‍കുന്നതും ട്രോളന്‍മാര്‍ ആയുധമാക്കിയിട്ടുണ്ട്.

എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ ഒരടിപോലും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല എന്നതാണു വസ്തുത. ഇക്കാര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും നിലവിലെ വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുള്‍പ്പെടെ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് ദുരന്തബാധിതരെ സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും പ്രിയങ്ക ഗാന്ധി ഇക്കാര്യത്തില്‍ യാതൊരു പ്രഖ്യാപനത്തിനും മുതിര്‍ന്നില്ല.

എന്നാല്‍, പ്രഖ്യാപനം പാഴാകില്ലെന്ന് വയനാട് ജില്ലാ അധ്യക്ഷനും ഉറപ്പു പറഞ്ഞിരുന്നു. പദ്ധതിക്കുള്ള സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. സമാനമായ പ്രഖ്യാപനം നടത്തുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത മുസ്ലീം ലീഗ് നേരിട്ട പ്രതിസന്ധികളും ടി.ജെ. ഐസക് അന്നു ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ മേപ്പാടിയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ അംഗീകാരത്തിന് ശേഷം ഗുണഭോക്താക്കളെ കണ്ടെത്തും. ഈ പട്ടിക അനുസരിച്ച് ഗുണഭോക്താക്കളുടെ എണ്ണത്തില്‍ ഉള്‍പ്പെടെ മാറ്റം ഉണ്ടായേക്കാം എന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു.

അതേസമയം, പ്രാദേശിക നേതൃത്വത്തെ ഇത്രയും വലിയ ഒരു പദ്ധതി ഏല്‍പ്പിക്കാന്‍ ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ലാത്തതാണ് പദ്ധതി വൈകാന്‍ കാരണം എന്നാണ് പാര്‍ട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ നിലപാട്. പ്രാദേശിക നേതൃത്വത്തിന് കാര്യക്ഷമായി ഇടപെടാനാകുമോ എന്നതില്‍ പ്രിയങ്ക ഗാന്ധി സംശയാലുവാണെന്നും മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടുന്നു. നിര്‍ജീവമായ ജില്ലാ കമ്മിറ്റിയോട് നേരത്തെ തന്നെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അടുത്തിടെ ഡിസിസി പ്രസിഡന്റിനെ പോലും മാറ്റിയത്. സമീപകാലത്തെ വയനാട് സന്ദര്‍ശനത്തില്‍ പോലും ഇരുനേതാക്കളും ജില്ലാ നേതാക്കളുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ പദ്ധതി നടപ്പാകുമെന്നും, ഇതില്‍ പ്രാദേശിക നേതൃത്വത്തിന് വലിയ പങ്കുണ്ടാകില്ലെന്നുമാണ് നേതാവ് നല്‍കുന്ന സൂചന.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ യൂത്ത് കോണ്‍ഗ്രസ് ഇതിനോടകം തന്നെ ആരോപണ മുനയിലാണ്. പുനരധിവാസത്തിന്റെ പേരില്‍ പിരിച്ച 88 ലക്ഷം രൂപ വെട്ടിച്ചെന്നാണ് ആരോപണങ്ങള്‍. എന്നാല്‍ ഭൂമി ലഭ്യമല്ലാത്തതിനാലാണ് പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. വീട് നിര്‍മാണത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പുതിയ സംസ്ഥാന പ്രസിഡന്റ് വന്നാല്‍, പ്രഥമ പരിഗണന ചൂരല്‍മല പുനരധിവാസമായിരിക്കും. 30 വീടുകള്‍ക്കെങ്കിലും പണം കണ്ടെത്താന്‍ കഴിയുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: