നന്‍മനിറഞ്ഞവന്‍ ശ്രീനിവാസന്‍ ഒരു സിനിമാപ്പേരു മാത്രമല്ല; സത്യന്‍ അന്തിക്കാടെഴുതിയത് ശരിയാണ്; എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ; ശ്രീനിവാസന്റെ നന്‍മകള്‍ നാടറിയുന്നത് മരണശേഷം; ഹൃദയപൂര്‍വം ഡ്രൈവറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: നടന്‍ ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുന്‍പ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് മൃതദേഹത്തില്‍ വെച്ച കടലാസില്‍ കുറിച്ചത് സത്യമാണ് – എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ. ശ്രീനിവാസന്‍ എന്നും ആഗ്രഹിച്ചിരുന്നതും അതാണ്. ശ്രീനിവാസന്‍ ഒരിക്കലും താന്‍ ചെയ്തിരുന്ന നല്ലകാര്യങ്ങളും നന്‍മനിറഞ്ഞ കാര്യങ്ങളും ഒരിക്കലും മറ്റൊരാള്‍ അറിഞ്ഞിരുന്നില്ല. നന്‍മനിറഞ്ഞ ശ്രീനിവാസന്റെ നന്‍മയുള്ള ജീവിതകഥകള്‍ ഇപ്പോഴാണ് ഓരോന്നോരോന്നായി പുറത്തുവരുന്നത്.
അത്തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷിനോജിന്റെ എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി, ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തന്നോട് ശ്രീനിവാസന്‍ എപ്പോഴും പറയാറുണ്ടെന്ന് ഷിനോജ് ഓര്‍ക്കുന്നു.
നല്ല തിരക്കഥകളും സംവിധാനവും അഭിനയവും കൊണ്ട് ശ്രീനിവാസന്‍ മലയാളസിനിമാസ്വാദകരുടെ മനം കവര്‍ന്നപ്പോള്‍ നല്ല പെരുമാറ്റവും പ്രവൃത്തികളും കൊണ്ട് തനിക്കു ചുറ്റുമുള്ളവരുടെ മനസാണ് ശ്രീനിവാസന്‍ കവര്‍ന്നത്. സിനിമക്കകത്തുള്ളതുപോലെ തന്നെ പുറത്തും ശ്രീനിവാസന്‍ നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതിന്റെ തെളിവാണ് ഡ്രൈവര്‍ ഷിനോജിന്റെ കുറിപ്പ്…

തനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞാല്‍ മതിയെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നെന്നും ആവശ്യപ്പെട്ടില്ലെങ്കില്‍പ്പോലും സാഹചര്യം മനസിലാക്കി മക്കളോട് പറഞ്ഞ് അദ്ദേഹം വീട് വച്ച് തന്നുവെന്നും ഷിനോജ് കുറിക്കുന്നു. ഫേയ്‌സ്ബുക്കിലൂടെയാണ് ഷിനോജിന്റെ കുറിപ്പ്.
ഷിനോജ് പയ്യോളിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ശ്രീനി സര്‍.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകള്‍. ഇക്കാലമത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്‌നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി, ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സര്‍ ഇപ്പൊ കൂടെ ഇല്ല. ആവശ്യങ്ങള്‍ ഒന്നും തന്നെ ഒരിക്കലും ഞാന്‍ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയില്‍ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം. ദി ?ഗിഫ്റ്റ് ഓഫ് ലെജന്‍ഡ്. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാന്‍ കഴിയില്ല. ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുതേ സര്‍. എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.
ഇതാണ് ഷിനോജ് എഴുതിയ ഹൃദയപൂര്‍വമുള്ള കുറിപ്പ്. നന്മനിറഞ്ഞ ശ്രീനിവാസന്‍ എന്നല്ലാതെ വേറെന്തു വിശേഷമാണ് നമ്മെ വിട്ടുപോയ ഈ മനുഷ്യന്ററെ കൂടെ ചേര്‍ക്കുക….






