ഇനി സര്‍വം മായയല്ല; പൊളിറ്റിക്സിനെ പൊളിച്ചടുക്കാന്‍ നിവിന്‍ പോളി; കേരള പൊളിറ്റിക്സുമായി നിവിന്‍ പോളി; അണിയിച്ചൊരുക്കുന്നത് ബി.ഉണ്ണികൃഷ്ണന്; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം അടുത്തവര്‍ഷം ആദ്യമെത്തും

കൊച്ചി: പൊളിറ്റിക്കല്‍ ചിത്രങ്ങളില്‍ അധികം അഭിനയിച്ചിട്ടില്ലാത്ത നിവിന്‍ പോളിയുടെ പക്ക പൊളിറ്റിക്കല്‍ ചിത്രം അടുത്തവര്‍ഷം തീയറ്ററിലെത്തും. സര്‍വം മായയിലൂടെ തന്റെ താരസിംഹാസനം തിരിച്ചുപിടിച്ച നിവിന്റെ ആക്ഷന്‍ ത്രില്ലര്‍ പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രമെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ക്ക് ആവേശം കയറാന്‍ വേണ്ടതെല്ലാം പാകത്തിന് ചേര്‍ത്താണ് ബി.ഉണ്ണികൃഷ്ണന് നിവിന്‍ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.
സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐജി, പ്രമാണി, ദി ത്രില്ലര്‍, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, കോടതി സമക്ഷം ബാലന് വക്കീല്‍, ആറാട്ട്, ക്രിസ്റ്റഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബി.ഉണ്ണികൃഷ്ണന് സമകാലിക വിഷയങ്ങളെല്ലാം ചേര്‍ത്താണ് നിവിന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയതുകൊണ്ടു തന്നെ ആരാധകര്‍ക്ക് കയ്യടിക്കാന്‍ പാകത്തിലെല്ലാം ചിത്രത്തിലുണ്ട്. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗുകള്‍ സിനിമയിലുണ്ടെന്നാണ് സൂചന.
നിവിന്‍പോളിയുടെ കരിയറില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്നും പറയുന്നു.
കേരളത്തില്‍ ചര്‍ച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബി. ഉണ്ണികൃഷ്ണന് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

ശ്രീ ഗോകുലം മൂവീസ്, ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പി എന്നീ ബാനറുകളാണ് ചിത്രം നിര്‍മിക്കുന്നത്.
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് സിനിമയില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാജീവിതത്തില്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ബാലചന്ദ്രമേനോന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ഇത്.
കുടുംബചിത്രങ്ങളിലെ നായകനായാണ് ബാലചന്ദ്രമേനോനെ കണ്ടിട്ടുള്ളതെങ്കിലും ജനാധിപത്യം, സത്യമേവ ജയതേ പോലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ സിനിമകളില്‍ സൂപ്പര്‍ പെര്ഫോമെന്സോടെ ബാലചന്ദ്രമേനോന് പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. അത്തരത്തിലുള്ള കിടിലന്‍ പ്രകടനവുമായാണ് ബാലചന്ദ്രമേനോന് നിവിന്‍ പോളിക്കൊപ്പമെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വന്‍ താരനിരയാണ് ഉള്ളത്. ഷറഫുദ്ധീന്‍, ഹരിശ്രീ അശോകന്, മണിയന്‍പിള്ള രാജു, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗര്‍, ആര്‍ജെ വിജിത, സായ് കുമാര്‍, വൈശാഖ് ശങ്കര്‍, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാലായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിന്റെ ചിത്രീകരണം വലിയ വാര്‍ത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉള്‍പ്പെടുത്തി വലിയ സീക്വന്‍സ് മുമ്പ് മലയാളചിത്രത്തില്‍ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങള്‍ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.
ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസ്.
സര്‍വം മായ കേരളത്തിലെമ്പാടും മികച്ച അഭിപ്രായവും കളക്ഷനും നേടി കുതിക്കുമ്പോള്‍ നിവിന്‍ പോളിയുടെ അ്ടുത്ത മാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.






