1904 ല്‍ തിരുവനന്തപുരം വെങ്ങാനൂരില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കുടിപ്പള്ളികൂടം സ്ഥാപിച്ചത് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു. അവര്‍ണര്‍ക്കായി സ്ഥാപിക്കപ്പെട്ട ആ സ്‌കൂള്‍ ആദ്യ ദിവസം തന്നെ സവര്‍ണ്ണർ തീ വെച്ചത് ചരിത്രം. അവിടെ നിന്നും കേരളം ദീര്‍ഘദൂരം സഞ്ചരിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍, വീണ്ടുമൊരു അയ്യങ്കാളിയെ കേരളം ആഗ്രഹിക്കുന്നുവെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അന്ന് അയ്യങ്കാളി അവര്‍ണര്‍ക്ക് വേണ്ടി കുടിപ്പള്ളികൂടമാണ് സ്ഥാപിച്ചതെങ്കില്‍ ഇന്ന് വേണ്ടത് സര്‍വകലാശാലയാണ്.
ദളിതര്‍ക്ക് വേണ്ടി, ദളിതര്‍ നേതൃത്വം നല്‍കുന്ന സര്‍വകലാശാല വേണമെന്ന് പറയേണ്ടി വരുന്നത് എം.ജി.സര്‍വകശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹന്റ അവസ്ഥ മനസിലാക്കുമ്പോഴാണ്. കവാടത്തിന് മുന്നില്‍ നടത്തി വരുന്ന നിരാഹാര സത്യാഗ്രഹത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റ കവര്‍ സ്റ്റോറിയില്‍ സിന്ധു സൂര്യകുമാര്‍ ഇത് വിവരിക്കുന്നു. പത്ത് വര്‍ഷമായി ജാതിയുടെ പേരില്‍ പീഡനം അനുഭവിക്കുന്നത് കേരളത്തിലാണ് എന്നറിയുക.
യഥാര്‍ത്ഥത്തില്‍ കേരളം എങ്ങോട്ടാണ് നടക്കുന്നത്? മുന്നോേട്ടാ പിന്നോട്ടോ? ഏതാനം വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ നിയമിക്കപ്പെട്ട ദളിത് സ്ത്രീക്ക് മേശ നല്‍കാതിരുന്നതും ജാതീയമായി പീഡിപ്പിക്കപ്പെട്ടതും പിന്നിട് അവരുടെ വകുപ്പ് മേധാവിയായുള്ള സ്ഥാനക്കയറ്റം തടഞ്ഞ് വെച്ചതും വാര്‍ത്തയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ മൂടിവെച്ച വാര്‍ത്ത. ഇതിന് സമാനമാണ് എം. ജി. സര്‍വകശാലയില്‍ നിന്നും പുറത്ത് വരുന്ന വിവരം. പത്ത് വര്‍ഷമായി ആ കുട്ടിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അതിന് തടസം നില്‍ക്കുന്നവരെ എന്താണ് ചെയ്യേണ്ടത്? ദീപ അനുഭവിച്ച ജാതി പീഡനം വിശദമായി പറഞ്ഞ കവര്‍സ്റ്റോറി അക്കാര്യം കൂടി ചര്‍ച്ച ചെയ്യുമെന്ന് കരുതാം.
ഇന്ധന വിലവര്‍ദ്ധനയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പും വ്യക്തതയോടെയാണ് കവര്‍സ്റ്റോറി അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ സംസ്ഥാന നികുതി കുറക്കണമെന്ന് കേരളം ഭരിക്കുന്ന സി പി എം ആവശ്യപ്പെടുന്നു. കേരളത്തില്‍ നികുതി കുറക്കണമെന്ന് കോണ്‍ഗ്രസും. വില കുട്ടിയവര്‍ കുറക്കെട്ടയെന്നാണ് സംസ്ഥാനം ഭരിക്കുന്ന സി പി എമ്മും ധനമന്ത്രിയും പറയുന്നത്. ഇതേസമയം, കേരളം കുറച്ചുവെന്ന് സിപിഎം മുഖപത്രവും. സിന്ധു സൂര്യകുമാര്‍ പറഞ്ഞത് പോലെ, നികുതി കുറക്കണമെന്ന് വോട്ടര്‍മാര്‍ ആരോട് ആവശ്യപ്പെടും? കേരളത്തിലും കുറച്ചുവെന്ന പാര്‍ട്ടി പത്രത്തിന്റെ പ്രധാന വാര്‍ത്തയാണ് രസകരം. ഇന്ധന നികുതി വര്‍ദ്ധന സംബന്ധിച്ച് ഒരു കേന്ദ്ര സഹമന്ത്രി പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റ മാജിക്കും കവര്‍സ്റ്റോറി വിശദീകരിക്കുന്നുണ്ട്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കാലത്ത് 19 ദിവസം വില വര്‍ദ്ധനയെ കുറിച്ച് മിണ്ടാട്ടമുണ്ടായിരുന്നില്ലെന്നതും ഏഷ്യാനെറ്റ് ന്യൂസ് ഓര്‍മ്മിപ്പിക്കുന്നു. ഇത്തവണ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പി തോറ്റതാണോ ഇപ്പോഴത്തെ ഇളവിന് കാരണം? പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചത് വരാനിരിക്കുന്ന വിലവര്‍ദ്ധനവിന്റ സൂചനയാണോ?
ഇല്ലാത്ത വിഷയത്തെ കുറിച്ചുള്ള ചര്‍ച്ച, അതാണ് സില്‍വര്‍ ലൈനിനെ കുറിച്ചുള്ള ചര്‍ച്ചയെന്നാണ് കവര്‍സ്റ്റോറി പറഞ്ഞത്. എത്രയോ സത്യം. സില്‍വര്‍ ലൈന്‍ പദ്ധതി എന്താണെന്ന് സി പി എം സൈബര്‍ സഖാക്കള്‍ക്ക് അറിയില്ലെങ്കിലും ന്യായികരിക്കാന്‍ മുന്നിലുണ്ടെന്ന വിവരവും സിന്ധു സൂര്യകുമാര്‍ നല്‍കുന്നു. പണ്ടൊരു തെക്ക് വടക്ക് പാതക്ക് എതിരെ നടത്തിയ സമരം കൂടി ഓര്‍മ്മിപ്പിക്കണമായിരുന്നു. എങ്കിൽ മാത്രമേ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് പൂര്‍ത്തിയാകുകയുള്ളു. കവര്‍സ്റ്റോറി അധികാര വികേന്ദ്രികരണത്തെ കുറിച്ച് പറഞ്ഞു. എന്നാല്‍, അധികാര വികേന്ദ്രികരണം നടപ്പാക്കിയതിനാല്‍ മന്ത്രിമാരുടെ എണ്ണം 14 ആയി കുറച്ച 1996ലെ ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ചും പിന്നിട് മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും ജനങ്ങള്‍ക്ക് വേണ്ടിയാണെന്നത് മറക്കില്ലല്ലോ…
സീത ഇരുന്ന പാറയെ വരെ കണ്ടെത്തി. ഇനി ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴെക്കും എന്തൊക്കെ വരാനിരിക്കുന്നു? കവര്‍ സ്റ്റോറിക്ക് വിഷയ ദാരിദ്ര്യമുണ്ടാകില്ല…