ജയം ദുഃഖമാണുണ്ണി തോൽവിയല്ലോ സുഖപ്രദം : തൃശൂരിലെ കോൺഗ്രസുകാർ വിലപിക്കുന്നു: ലാലിയുടെ പത്രസമ്മേളനം ആയുധമാക്കി സിപിഎം

ഇതിലും ഭേദം തോൽക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാക്കൾ തൃശൂരിൽ പറയുന്നു. പത്തു വർഷത്തിനുശേഷം കൈവന്ന കോർപ്പറേഷൻ ഭരണം ഇപ്പോൾ കുരങ്ങിന് പൂമാല കിട്ടിയത് പോലെയായി.
മേയർ ആരാകണം എന്ന തർക്കം പരസ്യമായി തെരുവിലേക്ക് എത്തുന്നു.
തൃശൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലൂർ ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പരസ്യമായി രംഗത്ത് വന്നുതോടെ കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർസ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നാണം കെടുകയാണ്.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉറഞ്ഞുതുള്ളുമ്പോൾ കോർപ്പറേഷനിലെ കൊട്ടിഘോഷിച്ച് വിജയം പോലും വിലയില്ലാതാവുകയാണ്.
നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് തുറന്നടിച്ചിട്ടുണ്ട്.

പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പലിനെ പോയി കണ്ടിരുന്നു. തന്റെ മകൾ തേറമ്പിലിനോട് വേദനയോടുകൂടി ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞു പോയി. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.
കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത വൈകാതെ തന്നെ മൂന്നുപരിധികളെ മൂന്നു ടേമുകളിൽ മേയർ ആക്കും എന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. ഇത് നടപടി ആകുമോ എന്ന് അന്നേ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
ആർക്കും തർക്കം ഇല്ലാതിരിക്കാൻ ആണ് മൂന്ന് ടേമുകളിൽ മേയർ പദവി വീതിച്ചു കൊടുക്കാൻ കോൺഗ്രസ് ഉദാരമനസ്കത കാണിച്ചത്.
അതാണിപ്പോൾ ബൂമറാങ് പോലെ തിരിച്ചടിച്ചിരിക്കുന്നത്.
അതേസമയം മേയർ പദവിയെ ചൊല്ലിയുള്ള വിവാദമൊന്നും കൂസാതെ ഭരിക്കാൻ ഉറപ്പിച്ച് തീരുമാനിച്ചിരിക്കുകയാണ് നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ.
പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിർവഹിക്കുമെന്ന് നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ ഉറപ്പുതരുന്നു.
തൃശൂർ നഗരത്തെ സ്ത്രീ-വയോജന സൗഹൃദമാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് നിയുക്ത മേയർ നിജി ജസ്റ്റിൻ പറയുമ്പോൾ ആക്കാം എന്ന് പറഞ്ഞു മോഹിപ്പിച്ച് ഒരു സ്ത്രീയെ നിങ്ങൾ വെട്ടി നിരത്തിയില്ലേ എന്ന് കോൺഗ്രസിലെ ലാലി അനുകൂല വിഭാഗം തിരിച്ചു ചോദിക്കുന്നുണ്ട്.
മേയറുടെ ചുമതലയ്ക്കിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യില്ലെന്നും അവർ പറഞ്ഞു. തൃശ്ശൂർ നഗരത്തെ സ്ത്രീ സൗഹൃദം ആക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനുമാണ് പ്രഥമ പരിഗണന. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി പിങ്ക് ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ലഹരിമുക്ത ഡിവിഷനുകളും ലക്ഷ്യം. പാർട്ടി ഏൽപ്പിച്ച ചുമതലകൾ നേതൃത്വവുമായി ആലോചിച്ച് ഭംഗിയായി നിറവേറ്റുമെന്നും നിജി ജസ്റ്റിൻ വാഗ്ദാനം ചെയ്യുന്നു.
പത്തു വർഷത്തിനുശേഷം കൈവിട്ടുപോയ തൃശൂർ കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ ഇരിക്കുമ്പോഴാണ് സിപിഎമ്മിന്റെ കൈകളിലേക്ക് കോൺഗ്രസ് തന്നെ ലാലി ജെയിംസ് എന്ന ആയുധത്തെ വെച്ചു കൊടുത്തിരിക്കുന്നത്.
ഭരണം നഷ്ടപ്പെട്ടതിന്റെ ചൊരുക്ക് സിപിഎം ലാലിയെ മുൻനിർത്തി തീർക്കുകയാണ് ഇപ്പോൾ.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ലാലി ജെയിംസിന്റെ ആരോപണങ്ങളെ മുൻനിർത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.
മേയർ ആക്കുന്നതിന് പണം ചോദിക്കുന്ന നേതാക്കൾ കോൺഗ്രസ് ചെന്നെത്തിയ
അധ:പതനത്തിന്റെ നേർചിത്രമാണ് എന്ന് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു.
സിപിഎം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
എന്താണ് കോൺഗ്രസ്സ് ?
മറുപടി ലാലി ജെയിംസിന്റെ
വാക്കുകളിൽ ഉണ്ട്.
കോൺഗ്രസ് ചെന്നെത്തിയ
അധ:പതനത്തിന്റെ നേർചിത്രമാണ്
കോൺഗ്രസ് കൗൺസിലറുടെ
ഈ വാക്കുകൾ.
തന്നോട് ഡിസിസി പ്രസിഡണ്ട്
കോഴ ചോദിച്ചു എന്നും
ഇവർ ആരോപിക്കുന്നു.
വഞ്ചനയും കുതികാൽ വെട്ടും
അഴിമതിയും കൊണ്ട് മുഖരിതമായ
ഒരു പാർട്ടി.
എങ്ങിനെയാണ് ഇവരെ വിശ്വസിക്കുക.?
വലതു രാഷ്ട്രീയത്തെ വെളുപ്പിച്ച്
എടുക്കുവാൻ പെടാ പാട് പെടുന്ന
ചിലർ നമ്മുടെ നാട്ടിൽ ഉണ്ടല്ലൊ.
കണ്ണ് തുറന്ന് കാണുക.
രണ്ട് കോർപ്പറേഷനിൽ ജയിച്ചപ്പോൾ
ഇതാണ് സ്ഥിതി.
എന്താണ് ഇവർ ഉയർത്തി പിടിക്കുന്ന
രാഷ്ട്രീയം.?
കർണ്ണാടകയിൽ ആയിരക്കണക്കിന്
നിസഹായരായ മനുഷ്യരുടെ
അഭയ കേന്ദ്രമായ വിടുകൾ
ബുൾഡോസർ കൊണ്ട് ഇടിച്ചു
നിരത്തിയ കോൺഗ്രസ് സർക്കാരിന്റെ
ജനവിരുദ്ധത നമ്മുടെ കൺമുന്നിൽ
ഉണ്ട്.
ഇവിടെ തൃശൂരിൽ ജയിച്ച കൗൺസിലറോട്
മേയറാക്കാൻ പണം ചോദിക്കുന്ന
നേതാക്കൾ.!
തിരിച്ചറിയുക ഈ കൂട്ടത്തെ






