സിപിഎമ്മിന് ഭയം പിണറായി ഇല്ലാതെ കളത്തിൽ ഇറങ്ങാൻ :ഇത്തവണയും നയിക്കാൻ പിണറായി തന്നെ വേണമെന്ന് ആവശ്യം :പകരംവെക്കാനും ചൂണ്ടിക്കാട്ടാനും മറ്റൊരാളില്ല സിപിഎമ്മിൽ: കെ കെ ശൈലജയെ രംഗത്തിറക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റും :പുതുമുഖങ്ങൾക്ക് അവസരം കുറയും :ഹാട്രിക് അടിക്കണമെങ്കിൽ ക്യാപ്റ്റൻ പിണറായി ആവണമെന്ന് വലിയൊരു വിഭാഗം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഉള്ളിലെ ഭയം പതിയെ പുറത്തുവരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിച്ചില്ലെങ്കിൽ ഹാട്രിക് അടിച്ച് ഭരണത്തുടർച്ച പിടിച്ചെടുക്കാൻ പാർട്ടിക്ക് സാധിക്കുമോ എന്ന ആശങ്കയും ഭയവുമാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്. അടുത്തിടെ നടന്ന പല തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിലും ഇക്കാര്യം പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുതവണ സിപിഎമ്മിനെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരു ക്യാപ്റ്റനെ പോലെ നിന്ന് നയിച്ച പിണറായി വിജയൻ തന്നെ ഇത്തവണയും ആ ദൗത്യം ഏറ്റെടുക്കണം എന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. പിണറായി വിജയൻ പിന്നോട്ട് പോയാൽ അത്തരത്തിലുള്ള ഒരു നേതാവിനെ ചൂണ്ടിക്കാട്ടുക എളുപ്പമല്ലെന്നും അവർ പറയുന്നു.
പണ്ടത്തെപ്പോലെ സിപിഎമ്മിനുള്ളിൽ പക്ഷങ്ങൾ ശക്തമല്ലാത്തതുകൊണ്ട് പിണറായി പക്ഷക്കാർ ഉന്നയിക്കുന്ന ആവശ്യം നടപ്പാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
പിണറായി വിജയൻ തന്നെ മത്സരരംഗത്ത് ഇറങ്ങുകയാണെങ്കിൽ സിപിഎം പിന്തുടർന്ന് വന്ന രണ്ട് ടേം വ്യവസ്ഥകൾ മാറ്റേണ്ടിവരും. ഏത് ചട്ടക്കൂട് വേണമെങ്കിലും ചട്ടങ്ങൾ വേണമെങ്കിലും പൊളിക്കാം എന്ന നിലപാടാണ് ഇപ്പോൾ സിപിഎം കൈക്കൊള്ളുന്നത്.
പിണറായി വിജയനെ വീണ്ടും മത്സരിപ്പിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഇത്തരം വിട്ടുവീഴ്ചകളുടെ സിപിഎം ഉദ്ദേശിക്കുന്നത്.
ജയിച്ചാൽ വീണ്ടും പിണറായി തന്നെ മുഖ്യമന്ത്രി ആകുമോ എന്ന കാര്യം പാർട്ടി വ്യക്തമാക്കുന്നില്ല.
മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയെ ഇത്തവണ മത്സര രംഗത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഹാപ്പി ഭരണം കിട്ടുകയാണെങ്കിൽ കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കുമോ കെ കെ ശൈലജ എന്ന ചോദ്യവും ഉയരുന്നുണ്ട്.
രണ്ട് ടേം പൂർത്തിയാക്കിയ പകുതിയോളം എംഎൽഎമാരെ മൂന്നാമതും മത്സരിപ്പിച്ചില്ലെങ്കിൽ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടൽ. അതുകൊണ്ടുതന്നെ പുതുമുഖങ്ങൾക്ക് ഇത്തവണ കാര്യമായ അവസരം കിട്ടുമെന്ന് ഉറപ്പില്ല.
ഒരു പരീക്ഷണത്തിന് സിപിഎം തയ്യാറാവില്ലെന്ന് ചുരുക്കം.
കഴിഞ്ഞ തദ്ദേശഭരണം തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടികൾ നികത്താനും തിരുത്താനും സമയം തീരെ ഇല്ലാത്തതുകൊണ്ട് തന്നെ പരീക്ഷണങ്ങൾക്കോ പുതിയ മാറ്റങ്ങൾക്കോ തൽക്കാലം മുതിരേണ്ട എന്നാണ് പാർട്ടിയുടെ മൊത്തത്തിലുള്ള തീരുമാനം. ഇപ്പോഴത്തെ സർക്കാരിലുള്ള മന്ത്രിമാരും എംഎൽഎമാരും തന്നെ പരമാവധി മത്സരിക്കട്ടെ എന്നാണ് സിപിഎമ്മിന്റെ ആലോചന.
ഒരു സെൽഫ് പ്രോഗ്രസ് കാർഡ് തയ്യാറാക്കി ഒഴിവാക്കേണ്ടവരെ മാത്രം ഒഴിവാക്കിക്കൊണ്ട് കാര്യമായ മാറ്റങ്ങൾ ഇല്ലാതെ കെ കെ ശൈലജയെപ്പോലെ പരിചയ സമ്പന്നതയുള്ള നേതാക്കളെ ഉൾപ്പെടുത്തി ഒന്നോ രണ്ടോ പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.
ഇതിന് ഇനി പതിവ് നടപടിക്രമങ്ങളും അനുമതി ലഭിക്കലും ആവശ്യമാണ്.

പിണറായി വിജയൻ മത്സരത്തിൽ നിന്ന് വിട്ടു നിന്ന് ക്യാപ്റ്റൻ പദവി കൈകാര്യം ചെയ്താൽ മതിയോ എന്ന ചർച്ചയും സജീവമാണ്. എന്നാൽ അത് കാര്യമായ ഗുണം ചെയ്യില്ല എന്നാണ് പ്രാഥമിക റൗണ്ട് ചർച്ചയിൽ തന്നെ അഭിപ്രായം ഉയർന്നത്. വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായി വിജയനെ ചൂണ്ടിക്കാട്ടുന്നതിൽ ചെറിയൊരു വിഭാഗം ആശങ്കയും എതിർക്കും ഉന്നയിച്ചു എന്നാണ് സൂചന. തദ്ദേശഭരണം തെരഞ്ഞെടുപ്പിലെ തിരിച്ചടി മനസ്സിലാക്കി തന്ത്രം മാറ്റണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെ കെ ശൈലജയെ ഉയർത്തിക്കാട്ടുക എന്ന തന്ത്രം വിജയിക്കുമെന്നും അവർ പറയുന്നു.
പിണറായി വിജയൻ മത്സരരംഗത്തില്ലെങ്കിൽ സിപിഎം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാണിക്കുക ആരെയാകും എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പിണറായി സ്ഥാനം വച്ചൊഴിയുകയാണെങ്കിൽ തൽസ്ഥാനത്തേക്ക് താല്പര്യമുള്ള നിരവധി നേതാക്കൾ സിപിഎം കേരള ഘടകത്തിൽ ഉണ്ട്.
സംസ്ഥാനത്ത് മൂന്നാമൂഴം ലക്ഷ്യമിടുന്ന സിപിഎം ജനപ്രിയരായ നേതാക്കളെ തന്നെയാണ് ഇത്തവണ മത്സരരംഗത്തേയ്ക്ക് പരിഗണിക്കുക. അതിനുവേണ്ടിയാണ് സിപിഎം തന്നെ നടപ്പാക്കിയ രണ്ട് ടേം നിബന്ധന അവർ കാറ്റിൽ പറത്താൻ ഒരുങ്ങുന്നത്.
2021ൽ കർശനമായി നടപ്പിലാക്കിയ രണ്ട് ടേം വ്യവസ്ഥ ഇത്തവണ സിപിഎം വേണ്ടെന്ന് വെച്ചേക്കും. 2021ൽ സിപിഎം വിജയിച്ച 62 സീറ്റുകളിൽ 23 എണ്ണത്തിലും രണ്ടാം തവണയും മത്സരിച്ചവരായിരുന്നു. രണ്ട് ടേം നിബന്ധന കർശനമാക്കിയാൽ ഈ 23 പേർക്കും സിപിഎമ്മിന് ഇത്തവണ സീറ്റ് നിഷേധിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഇവരില്‍ പകുതിയിലേറെ എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചില്ലെങ്കിൽ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടൽ. അതിനാൽ തന്നെയാണ് രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കാൻ ഇത്തവണ സിപിഎമ്മിൽ തത്വത്തിൽ ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് ടേം വ്യവസ്ഥ കർശനമാക്കിയതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയ തോമസ് ഐസക്ക് ഉൾപ്പെടെയുള്ള ഏതാനും നേതാക്കളെ 2026ൽ മത്സരിപ്പിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.
രണ്ട് ടേം ഒഴിവാക്കാൻ തീരുമാനിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ, മന്ത്രിമാരായ വീണാ ജോർജ്ജ്, ഒ ആർ കേളു എന്നിവർക്ക് അവസരം ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ഏഴ് എംഎൽഎമാരാണ് രണ്ടാമൂഴം പൂർത്തിയാക്കിയത്. ഇതിൽ വർക്കലയിൽ നിന്ന് വിജയിച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ഒഴികേയുള്ള ആറ് പേർക്കും വിജയസാധ്യത പരിഗണിച്ച് മൂന്നാമൂഴം നൽകിയേക്കും. അങ്ങനെയെങ്കിൽ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്, പാറശാലയിൽ സി കെ ഹരീന്ദ്രൻ, വാമനപുരത്ത് ഡി കെ മുരളി, നെയ്യാറ്റിൻകര കെ ആൻസലൻ, കാട്ടാക്കടയിൽ ഐ.ബി സതീഷ് എന്നിവർ വീണ്ടും മത്സരിച്ചേക്കും.
കൊല്ലത്ത് രണ്ട് ടേം പൂർത്തിയാക്കിയ മുകേഷിനെ വീണ്ടും മത്സരിപ്പിച്ചേക്കില്ല. എന്നാൽ ഇരവിപുരത്ത് എം നൗഷാദിന് മൂന്നാം ഊഴം ലഭിച്ചേക്കും. പത്തനംതിട്ടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് ആറന്മുളയിൽ മൂന്നാമൂഴത്തിന് ഇറങ്ങുമെന്ന് ഉറപ്പാണ്. കോന്നിയിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് 2021ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ യു ജനീഷ് കുമാറിന് ഒരിക്കല്‍ കൂടി അവസരം ഉറപ്പാണ്. ആലപ്പുഴയിലെ ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനും സമാനപരിഗണന ലഭിച്ചേക്കും. രണ്ട് ടേം പൂർത്തിയാക്കിയ പ്രതിഭ ഹരിയെ കായംകുളത്ത് മൂന്നാമൂഴത്തിന് പരിഗണിച്ചേക്കില്ല. ഇടുക്കിയിൽ മുൻ മന്ത്രി എം എം മണിക്ക് മൂന്നാമൂഴം ലഭിച്ചേക്കില്ല. ഉടുമ്പൻചോലയിൽ രണ്ട് ടേം പൂർത്തിയാക്കിയ എം എം മണിയ്ക്ക് അനാരോഗ്യം മൂന്നാമൂഴത്തിന് തടസ്സമാകും.
എറണാകുളം ജില്ലയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാർക്ക് സിപിഎം മൂന്നാമൂഴം നൽകും. കോതമംഗലത്ത് അൻ്റണി ജോണും കൊച്ചിയിൽ കെ ജെ മാക്സിയും വീണ്ടും മത്സരത്തിനിറങ്ങും. തൃശ്ശൂർ മണലൂരിൽ മുരളി പെരുനെല്ലി, പാലക്കാട് നെന്മാറയിൽ കെ ബാബു, ആലത്തൂരിൽ കെ ഡി പ്രസന്നൻ എന്നിവരും വീണ്ടും മണ്ഡലം നിലനിർത്താൻ രംഗത്തിറങ്ങും. മലപ്പുറത്ത് തവനൂരിൽ കെ ടി ജലീലിനും രണ്ടാമൂഴം നൽകാൻ ആലോചനയുണ്ടെങ്കിലും തീരുമാനം ജലീലിന് വിട്ടേക്കും. കോഴിക്കോട് പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണന് മൂന്നാമൂഴം നൽകാൻ ആലോചനയുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കൂടി പരിഗണിച്ചാവും തീരുമാനം. വയനാട്ടിൽ സിപിഐഎമ്മിൻ്റെ ഏക സിറ്റിഗ് സീറ്റായ മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവിനും മൂന്നാമൂഴം ഉറപ്പാണ്. കണ്ണൂരിൽ മൂന്നാം ഊഴത്തിനായി ധർമ്മടത്ത് പിണറായി വിജയനെയും മട്ടന്നൂരിൽ കെ കെ ശൈലജയെയും തലശ്ശേരിയിൽ എ എൻ ഷംസീറിനെയും പരിഗണിക്കാനാണ് ആലോചന.
മത്സരിക്കുന്നില്ലെന്ന് പിണറായി വിജയൻ തീരുമാനിച്ചാൽ മാത്രമേ പിണറായിയിൽ മറ്റൊരാളെ സിപിഎം ആലോചിക്കുകയുള്ളു. കാസർകോട് തൃക്കരിപ്പൂരിൽ എം രാജഗോപാൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നാമൂഴത്തിന് പരിഗണിക്കില്ലെന്ന് ഉറപ്പാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനെ കൈപ്പിടിയിൽ ഒതുക്കാൻ സിപിഎമ്മിൽ അണിയക്കങ്ങളും ചർച്ചകളും സജീവമാണ്.
എന്തു വില കടുത്തും മൂന്നാമതും ഭരണം നേടുന്നതിന് ഏതു വിട്ടുവീഴ്ചയും ഏതു നിലപാട് മാറ്റവും സ്വീകരിക്കാമെന്ന കാഴ്ചപ്പാടാണ് ഇത്തവണ സിപിഎമ്മിന്.






