Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ക്രിസ്ത്യാനികൾക്കറിയാം ആർക്കു വോട്ടു കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന്  : ആർക്കു വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭ നേതൃത്വം വിശ്വാസികൾക്ക് കൊടുക്കാറില്ല  : ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന്തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി: തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാൻ അച്ചൻ പറയേണ്ട കാര്യമില്ല:ബിജെപിയെ തൊട്ടുകൂടാനാവാത്ത പാർട്ടിയായി സഭ കണക്കാക്കിയിട്ടില്ല

 

 

Signature-ad

 

ക്രിസ്ത്യാനികൾക്കറി

 

 

കൊച്ചി: അണ്ണാൻ കുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കേണ്ട കാര്യമില്ല, അതുപോലെ ക്രിസ്ത്യാനികളെ ആർക്ക് വോട്ട് ചെയ്യണമെന്ന് പഠിപ്പിക്കേണ്ട കാര്യവുമില്ല.

ആർക്കു വോട്ട് കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന കാര്യം ക്രിസ്ത്യൻ വിശ്വാസികൾ നന്നായി അറിയാം.

ഇക്കാര്യമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശദീകരിച്ചത്.

ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകാറില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറയുന്നു. പക്ഷെ ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഇതാണെന്നും ആ പ്രതിസന്ധികളെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുകയും അതിന് അനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുമെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാൻ അച്ചൻ പറയേണ്ട കാര്യമില്ല. അവരത് പ്രതീക്ഷിക്കുന്നുമില്ല. ഞങ്ങൾ അവർക്ക് കൊടുത്ത പരിശീലനത്തിലൂടെ അവർക്കറിയാം ഈ സാഹചര്യത്തിൽ ഏത് മുന്നണിയാണ് ​ഗുണകരമായതെന്ന്. ആ രീതിയിൽ അവരുടേതായ തെരഞ്ഞെടുപ്പ് അവർ നടത്തുന്നതിനെ ഞങ്ങൾ വിലയിരുത്താറുണ്ട് എന്നത് സത്യമാണ്. അല്ലാതെ ഇത്തവണ ഇന്ന മുന്നണിക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞ് അങ്ങനെ വോട്ട് ചെയ്യാൻ പരിശീലിക്കപ്പെട്ടവരല്ല ക്രിസ്ത്യാനികൾ. വസ്തുതകൾ വിലയിരുത്താനും നിലപാടുകൾ സ്വീകരിക്കാനും അവകാശമുണ്ടെന്ന് കരുതുന്നവരാണ് സഭാ നേതൃത്വം. പണ്ട് കാലത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സഭാ നേതൃത്വം ഇന്നവർക്ക് വോട്ട് കൊടുക്കണമെന്ന് പറയാറില്ല’ എന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

സഭയുടെ നിലപാടുകൾ എവിടെ സ്വീകരിക്കപ്പെടുന്നു എവിടെ തിരസ്കരിക്കപ്പെടുന്നു എന്നത് വിലയിരുത്താൻ സമുദായത്തിന് കഴിവുണ്ടെന്നും പാംപ്ലാനി വ്യക്തമാക്കി. ‘വന്യമൃ​ഗശല്യം, റബ്ബറിൻ്റെ വിലയിടിവ്, കർഷകരുടെ വിഷയം തുടങ്ങിയ പലവിഷയങ്ങളിലും ഒബ്ജക്ടീവായ വിലയിരുത്തൽ സഭാ നേതൃത്വം നടത്താറുണ്ട്. വന്യമൃ​ഗ വിഷയത്തിൽ സഭ ഉന്നയിച്ച വാദങ്ങളിൽ പലതും സംസ്ഥാന സർക്കാർ വനംവന്യജീവി നിയന്ത്രണ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തത് സഭ ഉയർത്തുന്ന വിഷയങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ ​ഗൗരവമായി കാണുന്നു എന്നതിൻ്റെ സൂചനയാണ്. അതിൻ്റെ പേരിൽ എല്ലാവരും ആ മുന്നണിയ്ക്ക് വോട്ട് ചെയ്യണമെന്നൊന്നും ഞങ്ങൾ പറയില്ലെന്നും’ പാംപ്ലാനി ചൂണ്ടിക്കാണിച്ചു.

 

ജെ ബി കോശി കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതിനെ കുറിച്ചും പാംപ്ലാനി പ്രതികരിച്ചു. ‘ജെ ബി കോശി കമ്മിറ്റി റിപ്പോർട്ട് സർക്കാരിൻ്റെ കൈവശം കിട്ടിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. ഇതുവരെയും അത് വെളിച്ചത്ത് വന്നിട്ടില്ല. ക്രൈസ്തവർക്ക് അനുകൂലമായ കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകാം. അത് നടപ്പിലാക്കിയാൽ മറ്റേതെങ്കിലും സമുദായത്തിൻ്റെ വോട്ട് കുറഞ്ഞ് പോകുമോ എന്ന ഭയം കാരണമായിരിക്കാം റിപ്പോർട്ട് പുറത്ത് വിടാത്തത്. ഒബ്ജക്ടീവായി കാര്യങ്ങൾ മനസ്സിലാക്കുന്നതിന് പകരം തങ്ങൾക്ക് ​ഗുണപരമായ രീതിയിൽ മാത്രം തീരുമാനങ്ങൾ എടുക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇത്തരം കാര്യങ്ങൾ സമുദായത്തിലെ അം​ഗ​ങ്ങൾ കാണുകയും വിലയിരുത്തുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്യും. ഇത് സമുദായത്തിൻ്റെ പൊളിറ്റിക്കൽ ഫോർമേഷൻ്റെ ഭാ​ഗമാണെ’ന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു.

ബിജെപിയെ തൊട്ടുകൂടാനാവാത്ത പാർട്ടിയായി സഭ കണക്കാക്കിയിട്ടില്ലെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി .

എന്നാൽ ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷനറിമാർ അനുഭവിക്കുന്ന പീഢനങ്ങളിൽ സഭയ്ക്ക് ദുഃഖമുണ്ടെന്നും പാംപ്ലാനി തുറന്നു പറഞ്ഞു

ബിജെപിയോടുള്ള സഭയുടെ സമീപനത്തെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെക്കുന്നത്.

ക്രിസ്തുമതവുമായുള്ള സൗഹാർദ്ദമെന്നത് കേരളത്തിൽ മാത്രമെന്ന നിലയിൽ ബിജെപി ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്നും പാംപ്ലാനി വ്യക്തമാക്കി. ദേശീയ തലത്തിൽ തന്നെ ഈ പ്രതിസന്ധികളെ കാണണം, അതിന് പരിഹാരം ഉണ്ടാകണം. അങ്ങനെയെങ്കിൽ മറ്റേത് രാഷ്ട്രീയ പ്രസ്ഥാനത്തോടും കാണിക്കുന്ന തുറന്ന മനസ്സ് ഇവിടുത്തെ ബിജെപിയോടും കാണിക്കുന്നതിൽ എതിർപ്പില്ല. എല്ലാവർക്കും തുല്യനീതിയെന്ന ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറായാൽ അവർ ആ​ഗ്രഹിക്കുന്ന രീതിയിലുള്ള സമീപനങ്ങൾ ക്രൈസ്തവ പക്ഷത്ത് നിന്നും ഉണ്ടാകുമെന്നും പാംപ്ലാനി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥികളിൽ അഭൂതപൂർവ്വമായി ക്രൈസ്തവരുടെ എണ്ണം കൂടിയത് ഞങ്ങളും ശ്രദ്ധിച്ചിരുന്നു. സഭ ആവശ്യപ്പെട്ടത് കൊണ്ട് ബിജെപി അങ്ങനെ ചെയ്തു എന്ന് വിചാരിക്കുന്നില്ല. ബിജെപിയുടെ മേൽ ഉള്ള ചില ലേബലുകൾ മാറ്റിയെടുക്കാൻ ആവർ ആ​ഗ്രഹിക്കുന്നു. ബിജെപിയുടെ ഒരു രാഷ്ട്രീയ നീക്കത്തിൻ്റെ ഭാ​ഗമായാണ് അവർ ഇങ്ങനെ ചെയ്യുന്നത്. ബിജെപി ക്രിസ്ത്യൻ സഖ്യം ആ​ഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ പല പ്രസ്താവനകളിൽ നിന്നും നിലപാടുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്’ എന്ന് പാംപ്ലാനി ചൂണ്ടിക്കാണിച്ചു.

ഇന്ത്യയിൽ ക്രിസ്ത്യാനികൾ സുരക്ഷിതരല്ലായെന്ന പൊതുപ്രസ്താവനയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയ പാംപ്ലാനി പലസംഭവങ്ങളും ഇത്തരം സംശയങ്ങൾക്ക് ഇടവരുത്തുന്നു എന്നത് വസ്തുതയാണെന്നും ചൂണ്ടിക്കാണിച്ചു. വസ്തുതകൾ നമ്മൾ കണ്ടില്ലായെന്ന് നടിക്കുന്നതിൽ അർത്ഥമില്ല. ഇത് മതപരമായ വിവേചനമാണെങ്കിൽ വിവേചനമാണെന്ന് പറയാൻ ഞങ്ങൾ ആരെയും ഭയപ്പെടാറില്ല.

കോൺ​ഗ്രസ് ഭരിച്ചപ്പോൾ ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് പറയാനാവില്ലെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ‘മതപരിവർത്തന നിരോധന നിയമം പലതും സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. അത് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കാനും പീഡിപ്പിക്കാനും ഉപയോ​ഗിക്കപ്പെട്ടിട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ ഇപ്പോൾ ക്രമസമാധാന ചുമതല ചില തീവ്രവിഭാ​ഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിർബന്ധിതമായി മതപരിവർ‌ത്തനം നടത്തുന്നതിന് എതിരാണ് കത്തോലിക്ക സഭ. പല സംസ്ഥാനങ്ങളിലും അടുത്തകാലത്ത് നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. മതപരിവർത്തനം നിർബന്ധിതമാണോ എന്ന് തീരുമാനിക്കുന്നത് ആരാണെന്നതാണ് അടിസ്ഥാനപരമായ ചോദ്യം. നാട്ടിലെ സാമൂഹ്യവിരുദ്ധർ അത് തീരുമാനിക്കാൻ തുടങ്ങിയാൽ അത് അപകടമാണെ’ന്നും പാംപ്ലാനി അഭിപ്രായപ്പെട്ടു.

.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: