ലക്ഷം ലക്ഷം പിന്നാലെ വേണം ഒരു പവന്‍ പൊന്നുവാങ്ങാന്‍; ഇതാണ് ഗോള്‍ഡന്‍ ഷോക്ക്; ഒരു പവന് ഒരു ലക്ഷം കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: വിചാരിച്ച പോലെ തന്നെ സംഭവിച്ചു. വിടപറയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ 2025 സ്വര്‍ണലിപികളില്‍ ഇടം പിടിച്ചു. ചരിത്രത്തിലേക്കാണ് 2025 ഡിസംബര്‍ 23 സ്വര്‍ണത്തിളക്കത്തോടെ കയറി നില്‍ക്കുന്നത്. ഇതാദ്യമായി പവന് വില ഒരു ലക്ഷം കടന്നു. ലക്ഷദീപം തെളിഞ്ഞപോലെ ലക്ഷ്വറിയുടെ അവസാന വാക്കാകുന്നു ഇന്നത്തെ സ്വര്‍ണവില!!
ഒരുലക്ഷത്തിലധികം രൂപയുമായി പോയാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാം. പൊന്നിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്കാണ് കുതിച്ചുകയറിയത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നിപ്പോള്‍ വേണ്ടത് 1,01,600 രൂപയാണ്. പവന്‍ ലക്ഷം തൊട്ടതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം.
കോവിഡിന്റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബര്‍ 15 നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 99,000 കടന്നത്.
അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കാരണമായത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്.






