ഏത് പ്രതിസന്ധിയിലും കെ.കരുണാകരനെ കാത്തുരക്ഷിച്ച ഗുരുവായൂരപ്പന്റെ നാട്ടിലേക്ക് മകന്‍ മുരളീധരന്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ മുരളിയെത്തുമെന്ന് സൂചന; ആവേശത്തോടെ മുരളി പക്ഷം; ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രായശ്ചിത്തമായി വന്‍വിജയം നേടിക്കൊടുക്കാനുറച്ച് യുഡിഎഫ്

തൃശൂര്‍: ഏത് പ്രതിസന്ധിയിലും ഏത് ആപത്തിലും കേരളത്തിന്റെ ലീഡര്‍ കെ.കരുണാകരന്‍ ആദ്യം ഓടിയെത്തിയിരുന്നത് സാക്ഷാല്‍ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്കായിരുന്നു. ഗുരുവാായൂരുമായി കെ.കരുണാകരന് അത്രയും അടുപ്പവും സ്‌നേഹവുമായിരുന്നു.
അത് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പ്രസിദ്ധവുമാണ്.
കരുണാകരന്റെ തട്ടകം തൃശൂര്‍ മാത്രമായിരുന്നില്ല ഗുരുവായൂര്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ ആ ഗുരുവായൂരില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരു മത്സരിക്കണമെന്ന് ചിന്തിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേര് കരുണാകരന്റെ മകന്‍ കെ.മുരളീധരന്റേതാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്ന് മുരളിയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നേറ്റ പരാജയത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പു രംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് മുരളി പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛനു പ്രിയപ്പെട്ട നാട്ടിലേക്ക് മത്സരത്തിനിറങ്ങണമെന്ന് അണികളും ആവശ്യപ്പെടുന്നുണ്ട്.

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തൃശൂര്‍ സീറ്റിലേക്ക് അവസാനനിമിഷമെത്തിയ മുരളിക്ക് സുരേഷ്‌ഗോപിയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും അതിന്റെ പേരില്‍ മുരളി ഇടഞ്ഞതും അനുയായികള്‍ പ്രതിഷേധവുമായി ദിവസങ്ങളോളം തൃശൂര്‍ ഡിസിസിയില്‍ കയറിയിറങ്ങിയതും മുരളിയെ പിന്തുണയ്ക്കുന്നവര്‍ക്ക് അടികിട്ടിയതും ദിവസങ്ങള്‍ നീണ്ട പോസ്റ്റര്‍ യുദ്ധവും പരാജയത്തിന്റെ കാരണമറിയാന്‍ കമ്മീഷനെത്തിയതുമൊക്കെ മുരളി മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍.
ലോകസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പ്രായശ്ചിത്തമായി ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മുരളിയെ ഗുരുവായൂരപ്പന്റെ പുണ്യഭൂമിയില്‍ നിന്ന് നിയമസഭയിലേക്കയക്കുകയെന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുക്കാനൊരുങ്ങുന്നത്.
കരുണാകരനെ പോലെ തന്നെ മുരളിക്കും ഗുരുവായൂര്‍ അപരിചിതമായ സ്ഥലമല്ല. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കെ മുരളീധരന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം കിട്ടിക്കഴിഞ്ഞു.
ഗുരുവായൂര്‍ നിയോജകമണ്ഡലം സീറ്റ് സാധാരണ യുഡിഎഫില്‍ ലീഗിനാണ് കൊടുക്കാറുള്ളതെങ്കിലും അവരുടെ കൂടി സമ്മതത്തോടെയാണ് ഇത്തവണ ഗുരുപവനപുരിയിലേക്ക് മുരളിയെ കോണ്‍ഗ്രസ് കൊണ്ടുവരുന്നത്.
ലീഗിന്റെ സീറ്റായ ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നല്‍കും. സീറ്റ് വച്ചു മാറല്‍ സംബന്ധിച്ച് ഉഭയ കക്ഷി ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാക്കാനാണ് ആലോചന. ജനുവരി ആദ്യ വാരത്തോടെ ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനാണ് കെപിസിസി കെ.മുരളീധരന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നെങ്കിലും ഗുരുവായൂരില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. ഇതാണ് കെ.മുരളീധരനെ മത്സരിപ്പിക്കാനുള്ള അനുകൂല ഘടകം.
നിലവില്‍ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റാണിത്. പ്രാഥമിക ഘട്ടത്തില്‍ സീറ്റ് വെച്ച് മാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. അന്തിമ തീരുമാനമാണ് ഇനി വരാനുള്ളത്.
മുരളിക്കും ഗുരുവായൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. യുഡിഎഫിന് ശക്തമായ അടിവേരുകളുളള, ലീഗിന് വ്യക്തമായ ആധിപത്യമുള്ള ഗുരുവായൂര്‍ തന്നെ തുണയ്ക്കുമെന്നാണ് കരുണാകരപുത്രന്‍ വിശ്വസിക്കുന്നത്.
അച്ഛനേറെ ഇഷ്ടപ്പെട്ട ഗുരുവായൂരപ്പന്റെ മണ്ണില്‍ വിജയക്കൊടി പാറിക്കാന്‍ കഴിയുമെന്ന് മുരളിക്കുറപ്പുണ്ട്.






