മുഖ്യമന്ത്രിക്കുപ്പായം മോഹക്കുപ്പായം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രി; ഉറക്കെയല്ലെങ്കിലും രഹസ്യനീക്കങ്ങള്‍ തകൃതി; മൂന്നുപേരുകള്‍ കോണ്‍ഗ്രസില്‍ അലയടിക്കുന്നു

തിരുവനന്തപുരം; ഇനി കേരളം തങ്ങള്‍ ഭരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതിനു കൊടുത്ത ഷോക്കിന്റെ തുടര്‍ച്ച നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നവര്‍ തറപ്പിച്ചു പറയുന്നു. അതിനുള്ള പടയൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും പിണറായിയും കൂട്ടരും പടിയിറങ്ങാന്‍ ഒരുങ്ങിക്കോട്ടെയെന്നുമാണ് യുഡിഎഫ് നേതാക്കള്‍ ഇന്നേവരെയില്ലാത്ത വര്‍ധിതവീര്യത്തോടെ പറയുന്നത്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും അടുത്ത കേരള മുഖ്യമന്ത്രി എന്ന ചോദ്യവും ഇതോടൊപ്പം യുഡിഎഫില്‍ അലയടിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുപ്പായം ചേരുന്ന മൂന്നുപേരുടെ പേരുകള്‍ കോണ്‍ഗ്രസിനകത്ത് കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്നതിന് ഇപ്പോള്‍ ശക്തി കൂടിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഷ്ട്രീയ പടനിലം കേരളമാക്കാന്‍ തീരുമാനിച്ചെത്തുന്ന കെ.സി.വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി കസേരയിലേക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭരണത്തില്‍ യുഡിഎഫ് എത്തുകയാണെങ്കില്‍ ഈ മൂവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും മുഖ്യമന്ത്രി പദമെന്ന കാര്യത്തില്‍ ഏതാണ്ടുറപ്പായിട്ടുണ്ട്. ഇവര്‍ക്ക് മത്സരിച്ചു ജയിക്കാന്‍ ഏറ്റവും സുരക്ഷിത മണ്ഡലം തന്നെ തെരഞ്ഞെടുത്തു നല്‍കും.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി.വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്കും പാര്‍ട്ടിക്കുള്ളില്‍ തങ്ങളുടേതായ സ്ഥാനവും ആള്‍ബലവുമുണ്ട്. അതുകൊണ്ടുതന്നെ മൂവരില്‍ ആര്‍ക്ക് എന്ന കാര്യത്തിലേക്ക് അടുക്കുമ്പോള്‍ ഒരു തീരുമാനം ഐക്യകണ്‌ഠേന ആകുമോ എന്ന ആശങ്കയും യുഡിഎഫിനകത്തുണ്ട്.
എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന ഒരു തീരുമാനം യുഡിഎഫിന് കൈക്കൊള്ളുക എളുപ്പമായിരിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ ടേമില്‍ സതീശന്‍ പരമാവധി സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ അല്ലെങ്കില്‍ ഒപ്പത്തിനൊപ്പം രമേശ് ചെന്നിത്തലയുമുണ്ട്. ഇവര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചപോലെ കെ.സി.വേണുഗോപാല്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്നതാണ് വേണുഗോപാലിനുള്ള ചെറിയ പ്രശ്്‌നം. എന്നാല്‍ കേരളത്തിലെ ഏതു കാര്യത്തിനും വേണുഗോപാലുണ്ടായിരുന്നുവെന്നതും മറക്കാനാകില്ല. തന്റേതായ ഒരു ഗ്രൂപ്പിനെ വേണുഗോപാലും ഒരുക്കിയെടുത്തിട്ടുണ്ടെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മികച്ച മുന്നേറ്റം കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. 2026 ല്‍ എന്തായാലും ഭരണം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. 89 സീറ്റില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് ഏറ്റവും അവസാനം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തിയത്.
ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ലമെന്ററി പാര്‍ട്ടി ഒരു നേതാവിനെ തെരഞ്ഞെടുക്കും. എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ആയിരിക്കും.
കഴിഞ്ഞതവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും രമേശ് ചെന്നിത്തലയെ പിന്തുണച്ചപ്പോള്‍ ഹൈക്കമാന്‍ഡ് വി.ഡി. സതീശന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
ഏതായാലും നിയമസഭ തെരഞ്ഞെടുപ്പിന് ഇനി അധികം മാസങ്ങളില്ല എന്നതുകൊണ്ടുതന്നെ യുഡിഎഫിന്റെ തട്ടകത്ത് കരുനീക്കങ്ങളും സ്വപ്‌നപദ്ധതികളുടെ കൂട്ടിക്കിഴിക്കലുകളും കണക്കുകൂട്ടലുകളും സജീവമാണ്.






