മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും മത്സരിക്കണ്ട എന്നു പറഞ്ഞാല്‍ മത്സരിക്കില്ല; യുഡിഎഫിന് കരുത്തേകുമെന്ന് പി.വി.അന്‍വര്‍;പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന് യുഡിഎഫ് സീറ്റുകൊടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ യുഡിഎഫ് ഒന്നും പറഞ്ഞില്ലെങ്കിലും അന്‍വര്‍ ദാ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. യുഡിഎഫ് മത്സരിക്കാന്‍ പറയുന്ന ഇടങ്ങളില്‍ താന്‍ മത്സരിക്കുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് പറഞ്ഞാലും പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കുന്നു.
ജനുവരിയിലേ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയതിനു പിന്നാലെ തന്നെ അന്‍വറും നയം വ്യക്തമാക്കിയിരിക്കുകയാണ്. സീറ്റുണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് ശക്തിപകരാന്‍ താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് അന്‍വറിന്റെ തീരുമാനം. അതിന്റെ കൂട്ടത്തില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അതിനും തയ്യാര്‍.

എന്തുവന്നാലും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി.വി .അന്‍വര്‍ തറപ്പിച്ചു പറയുന്നു.
താന്‍ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിസത്തിനെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ട് ചെയ്യുമെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നെ പിന്തുണച്ച യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞ അന്‍വര്‍ തനിക്ക് വളരെ സന്തോഷമുള്ള ദിനമാണെന്നും കൂട്ടിച്ചേര്‍ത്തു.
പിണറായി വെള്ളാപ്പള്ളി നടേശനെ തോളിലേറ്റി നടക്കുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുന്നു. നിരീശ്വരവാദികളെ കുത്തിക്കയറ്റിയത് കൊണ്ടാണ് ശബരിമലയില്‍ കൊള്ള നടന്നത്. എല്ലാവരും കൈവിട്ട സര്‍ക്കാരും മുഖ്യമന്ത്രിയുമാണിത്. രണ്ടാം ടേമില്‍ മന്ത്രിമാരെ വെട്ടിയത് മുഖ്യന്‍ ഇടപ്പെട്ടാണ്. അത് മരുമകനെ മന്ത്രിയാക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു.






