വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് മന്ത്രി എം.ബി.രാജേഷ്; കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്നും മന്ത്രി; ബംഗ്ലാദേശിയാണെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നും ആരോപണം; മന്ത്രി രാജന്‍ ചര്‍ച്ച നടത്തി; രാം നാരായണന്റെ കുടുംബം പ്രതിഷേധം നിര്‍ത്തി

തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന ഗുരുതര ആരോപണമുന്നയിച്ച് മന്ത്രി എം.ബി.രാജേഷ്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് കൊലയ്ക്ക് പിന്നിലെന്നും ബംഗ്ലാദേശിയാണെന്നാരോപിച്ചാണ് ആക്രമണമുണ്ടായതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ മന്ത്രി കെ.രാജന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് എം.വി.ഗോവിന്ദനും; സിപിഎമ്മും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ്

വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നില്‍ ആര്‍എസ്എസ് നേതാക്കളെന്ന് കുറ്റപ്പെടുത്തിയ മന്ത്രി രാജേഷ് പ്രതികള്‍ക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നു ചോദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ആള്‍ക്കൂട്ടക്കൊലയില്‍ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉന്നയിച്ച ആര്‍എസ്എസിനെതിരായ ആരോപണമില്ല എന്നത് ശ്രദ്ദേയമാണ്.
അതേസമയം ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇന്നു രാവിലെ റവന്യൂമന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് ധാരണയായത്. രാംനാരായണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ജില്ലാ കളക്ടര്‍ ചെയ്യും. പത്തു ലക്ഷത്തില്‍ കുറയാത്ത സഹായ ധനം നല്‍കാന്‍ ക്യാബിനറ്റില്‍ തീരുമാനമെടുക്കും. കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കും. ചര്‍ച്ചയില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമായതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചത്. കുടുംബം ഉടനെ മൃതദേഹം ഏറ്റുവാങ്ങും. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലാണ് രാം നാരായണന്റെ മൃതദേഹമുള്ളത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നായിരുന്നു പാലക്കാട് വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ കുടുംബം വ്യക്തമാക്കിയിരുന്നത്. പട്ടികജാതി പട്ടിക വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. ഇന്നലെ രാത്രി വരെ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധം തുടര്‍ന്നിരുന്നു. ഇന്നലെ രാത്രിയിലെ ധാരണ പ്രകാരമാണ് ഇന്ന് വീണ്ടും ചര്‍ച്ച നടന്നത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ രാംനാരായണനെ സ്ത്രീകളും ക്രൂരമായി മര്‍ദിച്ചെന്നാണ് മൊഴി.
ആക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ 14 പേര്‍ ബിജെപി അനുഭാവികളും ഒരാള്‍ സിപിഎം അനുഭാവിയുമാണെന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് രാം നാരായണന്‍ എന്ന 31കാരന്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. നിലവില്‍ അഞ്ചുപേരാണ് പിടിയിലായത്.
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






