‘ഒരു കേസ്, ഒരു മൊഴി, ഒരു കഷ്ണം തെളിവ് വേണം’; കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി തൊടുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് കോടതിവിധി; രാഹുല്‍, സോണിയ ഗാന്ധിക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസുകാരും ലീഗുകാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?

കൊച്ചി: സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ നിര്‍ണായക നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. എഫ്ഐആര്‍ ഇല്ലാത്ത കേസുകളില്‍ ഇഡിക്കു നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും കേരളത്തിലടക്കം ഇത്തരം കേസുകളില്‍ ഇടപെടുന്നതിനെതിരേയുള്ള മുന്നറിയിപ്പായിട്ട് ഇതിനെ വിലയിരുത്തണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല എന്നതിന്റെ ഉത്തരംകൂടിയാണ് ഈ കേസ് എന്നും ഇവര്‍ പറയുന്നു. സുബ്രഹ്മണ്യം സ്വാമിയോ അണ്ടിമുക്ക് ശാഖാപ്രമുഖോ പറഞ്ഞെന്നു കരുതി ഇഡിക്ക് കേസെടുക്കാനാകില്ലെന്നും കെ.ജെ. ജേക്കബിന്റെ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസുകാരും ലീഗുകാരുമല്ലാത്ത വായനക്കാര്‍ക്കുവേണ്ടി എഴുതുന്നത്:
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കൊട്ടേഷന്‍ സംഘത്തിനു മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കുരുക്കാന്‍ ഈ ഡി യെ കൊട്ടേഷന്‍ പണിയേല്‍പ്പിച്ച പരിവാര സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെ കൊട്ടേഷന്‍ സംഘം സമര്‍പ്പിച്ച കുറ്റപത്രം കൊട്ടയിലിട്ട ഡല്‍ഹിയിലെ പി എം എല്‍ എ കോടതിയുടെ നടപടി. നിങ്ങള്‍ ചെയ്തത് നിയമത്തില്‍ അനുവദനീയമല്ല (impermissible in law) എന്നാണ് കോടതി കൊട്ടേഷന്‍ സംഘത്തോട് പറഞ്ഞത്. കൊട്ടേഷന്‍ സംഘത്തിന്റെ വക നിയമത്തിന്റെ ദുരുപയോഗം നമ്മള് പലപ്രാവശ്യം കണ്ടിട്ടുണ്ട്. ഇമ്മാതിരി ഇല്ലാത്ത നിയമം പ്രയോഗിക്കുന്നതും കോടതി അത് കയ്യോടെ പൊക്കുന്നതും ആദ്യമായിട്ടായിരിക്കും.
ഇനി കേസിലേക്ക്.
അടിസ്ഥാന വിവരങ്ങള്‍ ഇവയാണ്:
1937-ല്‍ ജവഹര്‍ലാല്‍ നെഹ്റു ‘ദ അസോസിയെറ്റഡ് ജേര്‍ണല്‍സ് ലിമിട്ടഡ്’ എന്ന പബ്ലിക് കമ്പനിയുണ്ടാക്കി നാഷണല്‍ ഹെറാള്‍ഡ് പത്രം തുടങ്ങുന്നു. അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം 5000 പേര് ഓഹരിയുടമകളായിരുന്നു. വളരെക്കാലം നന്നായി നടന്ന പത്രം അടിയന്തിരാവസ്ഥയ്ക്കുശേഷം കുറച്ചുകാലംപൂട്ടിക്കിടന്നു. പിന്നെ കുറച്ചുകാലം പതുക്കെ പതുക്കെ നടന്നു. 1999 ല്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായിരുന്ന ലളിത് സൂരി നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയ ഗാന്ധി എതിര്‍ക്കുന്നു; കച്ചവടക്കാര്‍ക്ക് വില്ക്കാന് പറ്റില്ല എന്ന നിലപാട് എടുക്കുന്നു. 2008-ല്‍ കടബാധ്യതകള്‍ കാരണം നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം നിലയ്ക്കുന്നു. അടുത്ത കൊല്ലം കമ്പനിയ്ക്ക് കോണ്‍ഗ്രസ് 90 കോടിയോളം രൂപ പലിശയില്ലാ വായ്പ കൊടുക്കുന്നു.
പിന്നെ സുമന് ദുബെ, സാം പിട്രോട, സത്യന് ഗംഗാറാം എന്നീ ഗാന്ധി കുടുംബത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യംഗ് ഇന്ത്യന്‍ എന്ന നോട്ട്-ഫോര്‍-പ്രോഫിറ്റ് കമ്പനി രൂപീകരിക്കുന്നു; ആദ്യം രാഹുലും പിന്നീട് സോണിയയും ഡയറക്ടര്‍മാരായി ചേരുന്നു. ഓസ്കാര്‍ ഫെര്നണ്ടാസും വരുന്നു. സോണിയയ്ക്കും രാഹുലിനും 36 ശതമാനം വച്ചു ഓഹരികള്‍ എന്ന് തീരുമാനിക്കുന്നു. അസോസിയെറ്റഡ് ജേര്‍ണല്‍സിന്റെ 99% ഓഹരി അതിന്റെ 90 കോടി കടത്തോടൊപ്പം 50 ലക്ഷം രൂപയ്ക്ക് യംഗ് ഇന്ത്യ ഏറ്റെടുക്കുന്നു. അസോസിയെറ്റഡ് ജേര്ണല്സിനു കൊടുത്ത കടം കോണ്‍ഗ്രസ് എഴുതിത്തള്ളുന്നു. അപ്പോള്‍ 50 ലക്ഷത്തിനു അസോസിയെറ്റഡ് ജേര്‍ണല്‍സ് കമ്പനി യംഗ് ഇന്ത്യന്‍ കമ്പനിയ്ക്ക് കിട്ടി. ഒപ്പം നാഷണല്‍ ഹെറാള്‍ഡ്, ക്വാമി ആസാദ് (ഉറുദു) നവജീവന്‍ (ഹിന്ദി), അവയുടെ ഡല്‍ഹിയിലുള്ള ആര് നിലക്കെട്ടിടം ( 60 ലക്ഷം രൂപ മാസ വാടക കിട്ടും), ദല്‍ഹി, ലക്നോ, ഭോപാല്‍, ഇന്‍ഡോര്‍, മുംബൈ, പഞ്ചകുള, പട്ന എന്നിവടങ്ങളിലുള്ള സ്ഥലം, കെട്ടിടങ്ങള്‍–മൊത്തം 1600 കോടി മുതല്‍ 5000 കോടി വരെ ഓരോരുത്തരും സൗകര്യം പോലെ വില മതിക്കുന്നു
ഇതില്‍ കേസുമായെത്തിയ സുബ്രമണ്യം സ്വാമിയുടെ വാദങ്ങള്‍ ഇവയാണ്:
- 50 ലക്ഷം രൂപയ്ക്ക് 5000 കോടിയുടെ സ്വത്ത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഫെര്നന്ദാസ്, ദുബെ, പിത്രോഡ എന്നിവര്‍ ഓഹരിയുടമകളായ യങ്ങ് ഇന്ത്യ എന്ന നോട്ട് ഫോര്‍ പ്രോഫിറ്റ് കമ്പനി സ്വന്തമാക്കി. ഇത് ചതിയാണ്.
- അസോസിയെറ്റഡ് ജേര്‍ണല്‍സ് എന്ന വ്യവസായ സ്ഥാപനത്തിനു പണം കടം കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കൊണ്ഗ്രസിനു അവകാശമില്ല; ഇത് ആദായനികുതി നിയമത്തിന്റെ ലംഘനമാണ്.
കേസ് മുന്‍പോട്ടു കൊണ്ടുപോകാനാവശ്യമായ ചേരുവകളില്ല എന്ന് ഈ ഡി 2015-ലോ മറ്റോ പറഞ്ഞതാണ്. പക്ഷെ അത് ശരിയാവില്ലലോ. ഉടനെത്തന്നെ കേസ് വീണ്ടും തുറന്നു കൊട്ടേഷന്‍ സംഘം പ്രചണ്ഡമായ അന്വേഷണം തുടങ്ങി. രാഹുല്‍ ഗാന്ധിയെ പല പ്രാവശ്യം ചോദ്യം ചെയ്തു. അസുഖ ബാധിതയായ സോണിയ ഗാന്ധിയെയും പല പ്രാവശ്യം ചോദ്യം ചെയ്തു. ഗാന്ധിമാരെ ഈ ഡി മൂക്കില്‍ വലിക്കുമെന്നു മിത്രങ്ങള്‍ നാടുനീടെ പറഞ്ഞുനടന്നു.
ഇനി നിയമത്തിലേക്ക്.
നിങ്ങള്‍ ഒരു കുറ്റകൃത്യം നടത്തുന്നു; നിങ്ങള്‍ക്കുനേരെ കേസുണ്ടാകുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം നോക്കുമ്പോള്‍ നിങ്ങള്‍ അതില്‍നിന്നു പണം ഉണ്ടാക്കിയിട്ടുണ്ട് എന്ന് അന്വേഷണ ഏജന്‍സിയായ പോലീസിനോ വിജിലന്‍സിനോ എന്‍ ഐ എ യ്ക്കോ സി ബി ഐ യ്ക്കോ തോന്നുന്നു. എന്നാല്‍ ഈ പണം എവിടെപ്പോയി എന്ന് കണ്ടുപിടിക്കാന്‍ അവര്‍ക്കു മാര്‍ഗ്ഗങ്ങളില്ല. അങ്ങിനെവരുന്ന കേസുകളില്‍ കള്ളപ്പണം കണ്ടെത്താനും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാനും വേണ്ടി നിര്‍മ്മിച്ച നിയമമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം; ആ നിയമം നടപ്പാക്കാനുള്ള ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഒരാള്‍ കുറ്റകൃത്യത്തില്‍നിന്നു സമ്പാദിച്ച പണവുമായി അറിഞ്ഞോ അറിയാതെയോ ഇടപെടുകയോ, അത്തരം കാര്യത്തിന് അറിഞ്ഞുകൊണ്ട് സഹായം ചെയ്യുകയോ ചെയ്യുകയും അത്തരം പണം വെള്ളപ്പണമാണ് എന്ന മട്ടില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. ഇതാണ് നിയമം. (Section 3: Whosoever directly or indirectly attempts to indulge or knowingly assists or knowingly is a party or is actually involved in any process or activity connected with the proceeds of crime and projecting it as untainted property shall be guilty of offence of moneylaundering. ) ഏതൊക്കെ കുറ്റകൃത്യങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത് എന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ശ്രദ്ധിച്ചു വായിച്ച ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഇതിനകം മനസ്സിലായിക്കാണും. നിയമത്തിന്റെ പട്ടികയില്‍പ്പെട്ട ഒരു കുറ്റകൃത്യം നടക്കണം. അതിന്റെ മേല്‍ ഒരു കേസുണ്ടാവണം (എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണം). അതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടാവണം.
ഇത്രയുമുണ്ടെങ്കില്‍ ഈ ഡി യ്ക്ക് കേസെടുക്കാം.
ഇനിയീ കേസിലേക്കൊന്നു തിരിഞ്ഞുപോയി നോക്കൂ.
എന്താണ് ആരോപിക്കപ്പെട്ട കുറ്റകൃത്യം.
ചതി.
എന്നാരു പറഞ്ഞു?
സുബ്രമണ്യന്‍ സ്വാമി പറഞ്ഞു
ആരോട് പറഞ്ഞു?
ഈ ഡി യോട് പറഞ്ഞു.
അത് മതിയോ?
പോരാ.
പിന്നെന്തുവേണം?
പോലീസ് കേസെടുക്കണം. അതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ട് എന്ന ആരോപണം ഉണ്ടെങ്കില്‍ ഈ ഡി യ്ക്ക് കേസെടുക്കാം.
ഇവിടെ അങ്ങിനെയൊരു കേസുണ്ടോ?
ഇല്ല.
അതാണ് കോടതി പറഞ്ഞത്. ആരെങ്കിലും ഒരു സ്വകാര്യ പരാതി കൊടുത്താല്‍ ഉടനെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ അധികാരമുള്ള ഏജന്‍സിയല്ല ഈ ഡി. അതെപ്പോള്‍ എന്തന്വേഷിക്കണമെന്നു നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. സുബ്രമണ്യന്‍ സ്വാമി പറഞ്ഞു, ആണ്ടിമുക്ക് ശാഖാ പ്രമുഖ് ആരോപിച്ചു എന്നൊന്നും പറഞ്ഞു കേസെടുക്കാന്‍ ഈ ഡി യ്ക്ക് അധികാരമില്ല. ടാസ്കി വിളിയെടോ എന്നുകുതിരവട്ടം പപ്പു പറയുന്നപോലെ ഈഡിയെ വിളിയെടോ എന്ന് ഇതിലെ പറഞ്ഞനടക്കുന്നത് ചുമ്മാതാണ് എന്നര്‍ത്ഥം. ഈ ഇല്ലാത്ത അധികാരം പ്രയോഗിച്ചു പത്തുകൊല്ലം അന്വേഷിച്ചു കണ്ടുപിടിച്ച കൊടുംകൃത്യങ്ങള്‍ എഴുതിച്ചേര്‍ത്ത കടലാസുകള്‍ തുന്നിക്കൂട്ടിക്കൊണ്ടുപോയി കൊടുത്ത കുറ്റപത്രമാണ് താനെവിടത്തെ ഈഡിയാടോ എന്ന് ചോദിച്ചു കോടതി കീറിക്കളഞ്ഞത്. ദല്‍ഹി പോലീസ് പിന്നീട് കേസെടുത്തിട്ടുണ്ട്. അത് പിറകെ വരും. അതിന്റെ പേരിലുള്ള ഈ ഡി കേസും വരും.
അതൊക്കെ വരട്ടെ.
ചെറിയ നിയമലംഘനങ്ങള്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാകും. എങ്കിലും ഒരു നോട്ട് ഫോര്‍ പ്രോഫിറ്റ് കമ്പനിയുണ്ടാക്കി അതിലേക്കാണ് ഷെയര്‍ ട്രാന്‍സ്ഫര്‍ ചെയ്തതെന്ന ഒറ്റ കാര്യം കൊണ്ട് ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടില്ല എന്നാണ് എന്റെ അനുമാനം. അത് പോട്ടെ. ഇത്രകാലം ഈ ഡി എന്ന കൊട്ടേഷന്‍ സംഘം രാജ്യത്തെ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവിനെയും വേട്ടയാടിയത് നിയമത്തില്‍ നിലനിപ്പില്ലാത്ത കാര്യത്തിനുവേണ്ടിയായിരുന്നു എന്ന കാര്യം കോടതി പറഞ്ഞു എന്നതാണ് പ്രധാനം.
********* ******** ********
കോണ്‍ഗ്രസുകാരും ലീഗുകാരും ഇത് വായിക്കേണ്ടതില്ല എന്ന് പറഞ്ഞതിന് കാരണമുണ്ട്. എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നു, ചോദ്യം ചെയ്യുന്നു, പീഡിപ്പിക്കുന്നു എന്നാല്‍ കേരള മുഖ്യമന്ത്രിയെ തൊടുന്നില്ല എന്ന് പറഞ്ഞു നടക്കുന്ന പാര്‍ട്ടികളാണ് ഇവര്‍.
എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ തൊടുന്നില്ല എന്നതിന് കൂടിയുള്ള ഉത്തരം കൂടിയാണ് ഈ കേസിലെ കോടതി വിധി. ഒരു കേസ്, ഒരു മൊഴി, ഒരു കഷ്ണം തെളിവ് വേണം. ചുമ്മാതെ ആരെയും, മുഖ്യമന്ത്രി എന്ന് വേണമെന്നില്ല, എന്നെയും നിങ്ങളെയും, കേസില്‍ക്കുടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അധികാരം ദുരുപയോഗിക്കാന്‍ നോക്കിയതാണ് ഡോ. തോമസ് ഐസക്കിന് കൊടുത്ത നോട്ടീസ്. അതിന്റെ കോലം എന്തായി എന്ന് നിങ്ങള്‍ക്കറിയാം. ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് കൊടുത്ത നോട്ടീസിന്റെ ഗതി എന്താകും എന്ന് അധികം താമസിയാതെ അറിയാം.
അതുകൊണ്ട് ഇപ്പോള്‍ മുകളിലെഴുതിയ കാര്യങ്ങള്‍ അവര്‍ക്കു മനസിലാകില്ല, മനസിലാകുമായിരുന്നെങ്കില്‍ എന്തുകൊണ്ട് പിണറായിയെ വെറുതെവിടുന്നു എന്ന ചോദ്യം അവര്‍ ചോദിക്കില്ല; ദല്‍ഹി കോടതി വിധി വന്നപ്പോള്‍ ഞാന്‍ പറയാതെ അതാഘോഷിച്ചേനെ, കേരളത്തില്‍ എമ്പാടും മാലപ്പടക്കം പൊട്ടിയേനെ.
അവര്‍ക്കറിയേണ്ടത് പിണറായിയെ എപ്പോള്‍ ഈ ഡി ചോദ്യം ചെയ്യും എന്നത് മാത്രമാണ്. അല്ലെങ്കില്‍ മറ്റൊരു കാരണമാണ്. ഇഡി യ്ക്കുണ്ടാകുന്ന ഏതു തിരിച്ചടിയും അവര്‍ക്കു സങ്കടമാണ്. ഇഡിയെ വച്ച് കേരളത്തിലെ സി പി എം നേതാക്കളെ മൂക്കില്വലിക്കാന് തുടങ്ങിയിട്ട് കുറച്ചു കാലമായി. അസംബ്ലിയില്‍ സംസാരിക്കുമ്പോഴും ചായക്കടയില്‍ രാഷ്ട്രീയം പറയുമ്പോഴും അവര്‍ക്കൊരേ പതം പറച്ചിലാണ്: സി പി എം-ബി ജെ പി ഡീലിന്റെ ഭാഗമാണ് മുഖ്യമന്ത്രിയെ വെറുതെ വിടുന്നത്. അതില്‍ കൂടുതലുമില്ല, കുറവുമില്ല. കുറച്ചു മാറ്റി നിര്‍ത്തി ശബ്ദം കുറച്ചു ഈ ഡി യ്ക്കുണ്ടായ ഈ തിരിച്ചടിയെപ്പറ്റി ചോദിച്ചാല്‍ അവര്‍ ആത്മാര്‍ത്ഥമായി പറയും, ‘സോണിയയും രാഹുലും ജയിലില്‍ പോയാലും വേണ്ടില്ല, പിണറായിയെ ഒന്ന് ചോദ്യം ചെയ്യാനെങ്കിലും പറ്റുമോ’
അവരിതെന്തിന് വായിക്കണം?
പക്ഷെ ജനാധിപത്യത്തിലും ഭരണഘടനയിലും ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും വിശ്വാസത്തിന്റെ കണിക ബാക്കിയുള്ളവര്‍ ഈ കോടതിവിധി ആഘോഷിക്കണം. അത്രയെളുപ്പമൊന്നും കൊഴിഞ്ഞുപോകുന്നതല്ല നാടിന്റെ അടിക്കല്ലുകള്‍.






