വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍; 25.20 കോടിക്കു കൊല്‍ക്കത്തയ്ക്കു സ്വന്തം; അണ്‍കാപ്ഡ് താരങ്ങള്‍ക്കും ലേലത്തില്‍ തീവില; പതിരാനയ്ക്കും പിടിവലി; കഴിഞ്ഞ സീസണില്‍ തിളങ്ങിയില്ല, എന്നിട്ടും ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ടാത്ത ലിവിങ്‌സ്റ്റണ് രണ്ടാം റൗണ്ടില്‍ 13 കോടി!

അബുദാബി: ഐപിഎല്‍ മിനി ലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നത്. ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ വിദേശ താരമാണ് കാമറൂണ്‍ ഗ്രീന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്ത ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയ്ക്ക് 18 കോടിയാണു വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പതിരാനയെയും സ്വന്തമാക്കിയത്.
അതേസമയം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത യുവതാരങ്ങളായ കാര്‍ത്തിക്ക് ശര്‍മയും പ്രശാന്ത് വീറും കോടിക്കിലുക്കത്തിലെ അപ്രതീക്ഷിത എന്‍ട്രിയായി. 14.20 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇരുവരെയും സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റന്‍ രണ്ടാം റൗണ്ടില്‍ ഞെട്ടിച്ചു. രണ്ടാം റൗണ്ടില്‍ ആവശ്യക്കാരേറിയപ്പോള്‍ 13 കോടിയാണു താരത്തിന് അടുത്ത സീസണില്‍ ലഭിക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്.
ജമ്മു കശ്മീരില്‍നിന്നുള്ള ഓള്‍ റൗണ്ടര്‍ അകിബ് ധറിന് ലഭിച്ചത് വലിയ തുക. ഡല്‍ഹി ക്യാപിറ്റല്‍സില്‍ 8.40 കോടി രൂപയ്ക്ക് താരം അടുത്ത സീസണില്‍ കളിക്കും. താരത്തിന്റെ ആദ്യ ഐപിഎല്‍ സീസണാണ് 2026ലേത്. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഏഴുകോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ ചേര്‍ന്നു. ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ 9.20 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനും താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ഒടുവില്‍ കൊല്‍ക്കത്ത വാങ്ങുകയായിരുന്നു. വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ഏഴു കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍ ചേരും. ഇന്ത്യന്‍ താരം പൃഥ്വി ഷാ ഐപിഎലിന്റെ അടുത്ത സീസണില്‍ കളിക്കും. കഴിഞ്ഞ മെഗാലേലത്തില്‍ ആരും വാങ്ങാതിരുന്ന താരത്തെ, ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 75 ലക്ഷത്തിനാണ് പൃഥ്വിയെ താരത്തിന്റെ പഴയ ടീം തന്നെ വാങ്ങിയത്.
മിനിലേലത്തിന്റെ ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ടാതിരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റനെ സ്വന്തമാക്കാന്‍ രണ്ടാം റൗണ്ടില്‍ ടീമുകളുടെ ‘പിടിവലി’. 13 കോടി രൂപയ്ക്കാണ് ലിയാം ലിവിങ്സ്റ്റനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയത്. ആദ്യ റൗണ്ടില്‍ ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തില്‍ വിളിച്ചപ്പോള്‍ താരത്തെ ആരും വാങ്ങിയിരുന്നില്ല. എന്നാല്‍ രണ്ടാം റൗണ്ടില്‍ കളി മാറി.
ലിയാം ലിവിങ്സ്റ്റണിന്റെ പേര് വീണ്ടും വിളിച്ചപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും വാങ്ങാന്‍ തയാറായി മുന്നോട്ടുവന്നു. കൊല്‍ക്കത്തയും ഗുജറാത്തും താരത്തിനായി ആദ്യം ശ്രമിച്ചിരുന്നെങ്കിലും പിന്നീടു പിന്‍മാറി. കാവ്യ മാരനും സഞ്ജീവ് ഗോയങ്കയും താരത്തിനായി വിട്ടുകൊടുക്കാതെ പോരാടിയപ്പോള്‍ ലിവിങ്സ്റ്റന്റെ വില 10 കോടിയും കടന്നു കുതിച്ചുകയറി.
ലക്‌നൗവിന്റെ പഴ്‌സ് പരിധി കഴിഞ്ഞതോടെയാണ് ഗോയങ്ക ലിയാം ലിവിങ്സ്റ്റനെ വിട്ടുകൊടുത്തത്. ഈ സമയത്ത് സണ്‍റൈസേഴ്‌സിന് 22 കോടിയോളം രൂപ കയ്യിലുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ 8.75 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലായിരുന്നു ലിവിങ്സ്റ്റന്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ ഒരു അര്‍ധ സെഞ്ചറിയും രണ്ടു വിക്കറ്റുകളുമാണ് ലിവിങ്സ്റ്റന്‍ ആകെ നേടിയത്. 2025 ഐപിഎലില്‍ 10 മത്സരങ്ങളില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 112 റണ്‍സാണു താരം നേടിയത്.






