വിമര്‍ശിക്കാന്‍ മാത്രം ഒരു സംഘടനയോ? ഭരണപരാജയം മറയ്ക്കാന്‍ എല്ലാം സിപിഎമ്മിന്റെ തലയില്‍ ചാരി സിപിഐ; കിട്ടിയ വകുപ്പുകളില്‍ കെ. രാജന്‍ ഒഴിച്ചുള്ളവര്‍ എല്ലാം പരാജയം; കാര്‍ഷിക രംഗവും നെല്ല് ഏറ്റെടുപ്പും കുളമാക്കി; പിഎം ശ്രീ വിവാദത്തിനു പിന്നിലും കടുത്ത വിഭാഗീയത; നേതാക്കള്‍ ‘ഇമേജ്’ തടവറയില്‍
സ്വന്തം മന്ത്രിമാരുടെ കഴിവുകേടുകള്‍ മറയ്ക്കാനാണ് സിപിഐയുടെ ശ്രമമെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം. റവന്യൂ മന്ത്രി കെ. രാജന്‍, കൃഷിമന്ത്രി പി. പ്രസാദ്, മൃഗസംരക്ഷണ വകുപ്പു മന്ത്രി ചിഞ്ചുറാണി, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവരില്‍ കെ. രാജന്‍ ഒഴിച്ചുള്ളവര്‍ അമ്പേ പരാജയമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സിപിഎമ്മിന്റെ തലയില്‍ കെട്ടിവച്ചു തടിയൂരാന്‍ സിപിഐയില്‍ കൊണ്ടുപിടിച്ച ശ്രമം. സിപിഐയിലെ നേതാക്കള്‍ക്കിടയിലുള്ള കടുത്ത വിഭാഗീയത മറച്ചു വയ്ക്കാനാണ് എല്ലാ കുറ്റവും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഉത്തരവാദിത്വമായി ചിത്രീകരിക്കാനുള്ള നീക്കം നടക്കുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തെയും പ്രമുഖ നേതാക്കള്‍ വിലയിരുത്തുന്നത്. സംഘടനാതലത്തില്‍ അടുത്തിടെ സിപിഐയില്‍ കടുത്ത പ്രതിന്ധിയാണ് ഉണ്ടായത്. നിരവധി നേതാക്കള്‍ പാര്‍ട്ടിവിട്ടു സിപിഎമ്മില്‍ ചേര്‍ന്നു. ബിനോയ് വിശ്വത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മാധ്യമ വിലയിരുത്തലുകള്‍ക്കനുസരിച്ച് പ്രതികരിക്കുകയും ആഴത്തിലുള്ള നിരീക്ഷണം ഉണ്ടാകുന്നില്ലെന്നും ജില്ലാ നേതാക്കള്‍ക്കിടയിലും വിമര്‍ശനമുണ്ട്. സ്വന്തം ഇമേജിന്റെ തടവറയിലാണെന്നും ആരോപിക്കുന്നു.
മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നെന്നും മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നുമാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. മുന്നണിയെ വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും സിപിഐ ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ സിപിഎമ്മുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പരസ്യ വിവാദങ്ങളില്‍നിന്നു വിട്ടു നില്‍ക്കാനുമാണ് സിപിഐ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങളില്‍ ഉണ്ടായ ധാരണ.
എതിര്‍പ്രചാരണങ്ങളെ മറികടക്കാന്‍ പോന്ന സംഘടനാ ശേഷി നേരത്തേ സിപിഎമ്മിനും സിപിഐക്കും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അക്കാര്യത്തില്‍ കുറവു വന്നു. മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വേണമെന്ന് സിപിഐ നേരത്തേ ആവശ്യപ്പെട്ടെങ്കിലും അത് ഗൗരവത്തിലെടുത്തില്ല. ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, സിവില്‍ സപ്ലൈസ്, കൃഷി എന്നിവയ്ക്കു മുന്‍ഗണന നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന ചിന്ത എല്‍ഡിഎഫിനെ അനുകൂലിക്കുന്നവരില്‍ തന്നെ ഉണ്ടായി. ‘ശബരിമല’ ദോഷകരമായെന്ന വികാരമാണ് ഉണ്ടായത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെ പാര്‍ട്ടി നടപടി സിപിഎം സ്വീകരിക്കാത്തത് വിമര്‍ശന വിധേയമായി. ന്യൂനപക്ഷ ഏകീകരണം സംഭവിച്ചെന്നും ഇതില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പങ്ക് ലീഗ് നിര്‍വഹിച്ചെന്നും സിപിഐ വിലയിരുത്തി. ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍നിന്ന് അകലുന്നതും ഗൗരവത്തിലെടുക്കണം.
എന്നാല്‍, സിപിഐ വിമര്‍ശിച്ചു കുളമാക്കിയ പിഎം ശ്രീ വലിയ പ്രശ്‌നമായെന്നു കരുതുന്നില്ലെന്നും ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നെന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍. തോല്‍വി പരിശോധിക്കാനായി ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഉടന്‍ ചേരും. 29,30 തീയതികളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം വിശദമായ അവലോകനം നടത്തുമെന്നും പറയുന്നു.
എന്നാല്‍, മന്ത്രിസഭയിലെ ഓരോ അംഗങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കിത്തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് സിപിഎം മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിനു പണം അനുവദിക്കുന്നില്‍ കുറവുണ്ടാകുന്നില്ലെന്നു മന്ത്രി കെ. രാജന്‍ തന്നെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയില്‍ ചൂണ്ടിക്കാട്ടി.
സ്വന്തം മന്ത്രിമാരുടെ കഴിവുകേടുകള്‍ മറയ്ക്കാനാണ് സിപിഐയുടെ ശ്രമമെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം. റവന്യൂ മന്ത്രി കെ. രാജന്‍, കൃഷിമന്ത്രി പി. പ്രസാദ്, മൃഗസംരക്ഷണ വകുപ്പു മന്ത്രി ചിഞ്ചുറാണി, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവരില്‍ കെ. രാജന്‍ ഒഴിച്ചുള്ളവര്‍ അമ്പേ പരാജയമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയില്‍ കെ. രാജന്‍ ഒഴിച്ചുള്ള മന്ത്രിമാര്‍ കാര്യമാത്ര നേട്ടങ്ങളുണ്ടാക്കിയില്ല. റവന്യൂ മന്ത്രിയെന്ന നിലയില്‍ ലക്ഷക്കണക്കിനു പട്ടയങ്ങളും മണ്ഡലത്തില്‍ വികസനവും എത്തിക്കാന്‍ കെ. രാജനു കഴിഞ്ഞിട്ടുണ്ട്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും കെ. രാജന്റെ നേട്ടമായി വിലയിരുത്തുന്നു. എന്നാല്‍, കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധി കൊണ്ടുവരാന്‍ സിപിഐക്കു കഴിഞ്ഞില്ല. നെല്ല് ഏറ്റെടുക്കല്‍ അടക്കം കുളമാക്കി. ചര്‍ച്ചകള്‍ പോലും കൃത്യമായി ക്രോഡീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു മുഖ്യമന്ത്രി ക്ഷോഭിക്കുന്ന സാഹചര്യം പോലുമുണ്ടായി.
അവരവരുടെ വകുപ്പുകള്‍ പോലും കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയാതെ കുഴപ്പങ്ങളെല്ലാം മറ്റുള്ളവരുടെ ചുമലിലേക്കു തള്ളുകയാണ് സിപിഐ ചെയ്യുന്നതെന്നും നിരീക്ഷകര്‍ പറയുന്നു. മന്ത്രിമാരായ പി. രാജീവ്, ബാലഗോപാല്‍, എം.ബി. രാജേഷ് എന്നിവര്‍ അതാതു മേഖലയില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതുമായി തട്ടിക്കാന്‍ പോലും സിപിഐ മന്ത്രിമാര്‍ക്കു കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്കുള്ള വളം, കളനാശിനി എന്നിവയും മുടങ്ങി. നെല്ല് ഏറ്റെടുപ്പും അവതാളത്തിലാക്കിയെന്നും വിമര്‍ശകര്‍ പറയുന്നു.






