Breaking NewsKeralaLead NewsNEWSpoliticsReligion

‘ക്രിസ്ത്യാനിയെ മേയറാക്കണം’; സഭയുടെ നിര്‍ദേശത്തില്‍ ഉടക്കി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്; വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സാമുദായിക സമവാക്യത്തില്‍ മുടന്തി കോണ്‍ഗ്രസ്; അഡ്വ. വില്ലി ജിജോയ്ക്കു മുന്‍ഗണന; ലാലി ജെയിംസിന് തിരിച്ചടി; നിയസഭ കുപ്പായം തുന്നിയവര്‍ക്കും തലവേദന

നേരത്തേ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസില്‍ അടക്കം ഭരണത്തിന്റെ മുഖ്യധാരയിലേക്കു ചെറുപ്പക്കാരെ എത്തിക്കണമെന്ന പരസ്യമായ ആഹ്വാനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കിയിരുന്നു. അധ്യാപക നിയമനങ്ങളിലെ അംഗീകാരം വൈകുന്നതു ചൂണ്ടിക്കാട്ടി, ഇക്കാര്യം വോട്ടെടുപ്പില്‍ ഓര്‍മിക്കണമെന്ന സൂചനയും മാര്‍ ആഡ്രൂസ് താഴത്ത് അടക്കമുള്ളവര്‍ നല്‍കി

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ വമ്പന്‍ വിജയത്തിനു പിന്നാലെ മേയര്‍ സ്ഥാനം നിശ്ചയിക്കല്‍ കോണ്‍ഗ്രസിനു മുന്നില്‍ പ്രതിസന്ധിയാകും. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സന്തുലനം പാലിക്കുകയെന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇക്കുറി മേയര്‍ സീറ്റ് വനിതാ സംവരണമാണ്. 19 വനിതകളാണ് കോണ്‍ഗ്രസില്‍നിന്നു വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സമവാക്യംകൂടി നോക്കിയായിരിക്കും തീരുമാനമെന്ന് ഏറെക്കുറെ ഉറപ്പായി.

കോര്‍പറേഷന്‍ ഭരണ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളവര്‍ വേണമെന്നു കത്തോലിക്കാ സഭ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണു വിവരം. ചേറൂരില്‍നിന്ന് ജനറല്‍ സീറ്റില്‍ വിജയിച്ച അഡ്വ. വില്ലി ജിയോയുടെ പേരുമാത്രമാണ് സഭ മുന്നോട്ടുവച്ചത്. ഡെപ്യൂട്ടി മേയര്‍ പദവി ജനറല്‍ വിഭാഗമായതിനാല്‍ ഹിന്ദു/നായര്‍ സമുദായത്തില്‍നിന്നുള്ളവരെ പരിഗണിക്കേണ്ടിവരും.

Signature-ad

നേരത്തേ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസില്‍ അടക്കം ഭരണത്തിന്റെ മുഖ്യധാരയിലേക്കു ചെറുപ്പക്കാരെ എത്തിക്കണമെന്ന പരസ്യമായ ആഹ്വാനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കിയിരുന്നു. അധ്യാപക നിയമനങ്ങളിലെ അംഗീകാരം വൈകുന്നതു ചൂണ്ടിക്കാട്ടി, ഇക്കാര്യം വോട്ടെടുപ്പില്‍ ഓര്‍മിക്കണമെന്ന സൂചനയും മാര്‍ ആഡ്രൂസ് താഴത്ത് അടക്കമുള്ളവര്‍ നല്‍കി.

ഈ സാഹചര്യത്തിലാണ് മറ്റു ക്രിസ്ത്യാനികള്‍ ഉണ്ടായിട്ടും ചെറുപ്പക്കാരിയും മുന്‍ കൗണ്‍സിലറുമായ വില്ലി ജിജോയുടെ പേര് ഉയര്‍ത്തിയതെന്നാണു വിവരം. നിലവിലെ കൗണ്‍സിലറും ലാലൂരില്‍നിന്ന് 2483 വോട്ടുകള്‍ നേടി വന്‍ വിജയം നേടിയ ലാലി ജെയിംസ്, മുക്കാട്ടുകരയില്‍നിന്നു വിജയിച്ച ശ്യാമള മുരളീധരന്‍, ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ. സുബി ബാബു, ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന്‍ എന്നിവരും രംഗത്തുണ്ട്.

എന്നാല്‍, മുന്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ മുന്‍ ഡെപ്യൂട്ടി മേയര്‍കൂടിയായ ശ്യാമള മുരളീധരനെയാണു പിന്തുണയ്ക്കുന്നത്. ഇവര്‍ക്ക് ഇനിയും അവസരം നല്‍കാത്തത് അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അനുഭവ പരിചയം, പാര്‍ട്ടി സ്ഥാനം എന്നിവ നോക്കുമ്പോള്‍ ലാലി ജെയിംസിനെയും ഡോ. നിജി ജസ്റ്റിനെയും പരിഗണിക്കേണ്ടിവരും.

മേയറായി ക്രിസ്ത്യാനിയെ തെരഞ്ഞെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റു സമുദായത്തില്‍നിന്നുള്ള ആളെ പരിഗണിക്കേണ്ടിവരും എന്നതും കോണ്‍ഗ്രസിനു തലവേദനയാണ്. നിലവില്‍ മുന്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായ രാജന്‍ ജെ. പല്ലനാണു കുപ്പായം തയ്പിച്ചിട്ടുള്ളത്. ഇദ്ദേഹം ക്രിസ്ത്യാനിയാണ്.
നിലവിലെ സിപിഐ എംഎല്‍എ പി. ബാലചന്ദ്രന്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്ന വിലയിരുത്തല്‍ ഉള്ളതിനാല്‍ ജയം എളുപ്പമാകും. ഏതാണ്ട് തൊള്ളായിരം വോട്ടുകള്‍ മാത്രമാണ് ബാലചന്ദ്രന് ഭൂരിപക്ഷമായി ലഭിച്ചത്. ഇതു മറികടക്കാനും കഴിയും.

മേയര്‍ ക്രിസ്ത്യാനിയായാല്‍ മറ്റൊരു ക്രിസ്ത്യാനിയെ നിയമസഭയിലേക്കു സ്ഥാനാര്‍ഥിയാക്കുന്നത് മണ്ഡലത്തിലെ പ്രബല വിഭാഗമായ നായര്‍ സമുദായം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ട്. ഈ അപകടം മുന്നില്‍കണ്ട് ഊഴമിട്ട് മേയര്‍ സ്ഥാനം വീതിക്കുക എന്നതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന സാധ്യത. ഇക്കാര്യത്തില്‍ കെപിസിസിയുടെ തീരുമാനവും നിര്‍ണായകമാകും. നിലവില്‍ നേതാക്കളെല്ലാം ഡല്‍ഹിയിലാണ്. ഇവര്‍ തിരിച്ചെത്തിയ ശേഷം കോര്‍ കമ്മിറ്റി ചേര്‍ന്നശേഷം ആരെന്ന പ്രഖ്യാപനം ഉണ്ടായേക്കും.

കേവല ഭൂരിപക്ഷമായ 29 സീറ്റിനേക്കാളും നാലുസീറ്റിന്റെ മുന്‍തൂക്കമുള്ളതിനാല്‍ സമ്മര്‍ദങ്ങളില്ലാതെ ഭരിക്കാന്‍ കഴിയുമെന്നത് കോര്‍പറേഷനിലെ അനുകൂല ഘടകം. ഘടകകക്ഷികളായി മത്സരിച്ചവര്‍ പരാജയപ്പെട്ടതിനാല്‍ ഡെപ്യൂട്ടി മേയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പും സുഗമമാകും. ഡെപ്യൂട്ടി മേയറായി പരിഗണിക്കുന്നത് സിവില്‍ സ്‌റ്റേഷന്‍ ഡിവിഷനില്‍നിന്ന് വിജയിച്ച എ. പ്രസാദിനെയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: