LIFEMovie

‘കുറുപ്പി’ന്റെ തീയേറ്റര്‍ റിലീസില്‍ റിസ്‌ക്കുണ്ട്, പ്രേക്ഷകരിലാണ് പ്രതീക്ഷ. ‘മരക്കാറി’ന്റെ ഒടിടി റിലീസിന് പിന്നില്‍ അവരുടേതായ കാരണം ഉണ്ടാകും: ദുല്‍ഖര്‍ സല്‍മാന്‍

‘കുറുപ്പ്’ നവംബര്‍ 12ന് കേരളത്തിലെ തീയേറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലുമായി 450 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. നേരത്തെ ഒടിടി റിലീസിന് കരാറുണ്ടാക്കിയ ചിത്രം പിന്നീട് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം തീയേറ്റര്‍ റിലീസിന് തീരുമാനിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും ചെലവേറിയ സിനിമയായ കുറുപ്പ് ഇന്നത്തെ സാഹചര്യത്തില്‍ തീയേറ്റര്‍ റിലീസ് ചെയ്യുന്നതില്‍ വലിയ റിസ്‌ക്കുണ്ടെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ആ റിസ്‌ക് ഏറ്റെടുത്തിരിക്കുന്നതെന്ന് നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാണ പങ്കാളിയായ എം. സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സാരഥി അനീഷ് മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകരൊക്കെ ഒന്ന് അമ്പരന്നു. ഇത് മമ്മൂക്കയുടെ ഫോണില്‍ നിന്ന് ദുല്‍ഖര്‍ തന്നെ ചെയ്തതല്ലേ എന്ന് ട്രോളുകള്‍ വരെ ഇറങ്ങി. എന്നാല്‍ ട്രോളന്മാര്‍ വിചാരിച്ചത് ഒന്നും തെറ്റിയില്ല, അതു തന്നെയാണ് സത്യമെന്ന് തുറന്നു പറയുകയാണ് ദുല്‍ഖര്‍. ‘കുറുപ്പി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നല്‍കിയ അഭിമുഖത്തിനിടയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
‘പൊതുവെ കുടുംബത്തില്‍ ആരോടും എന്റെ സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രമോട്ട് ചെയ്യാന്‍ പറയാറില്ല, ഒറ്റയ്ക്ക് തന്നെയാണ് ഞാന്‍ അത് ചെയ്യാറുള്ളത്.

ഇത് പിന്നെ വലിയ സിനിമയാണ്, കോവിഡിന് ശേഷം തീയേറ്ററിലെത്തുന്ന ആദ്യസിനിമ. അതുകൊണ്ട് എല്ലാവരോടും ഞാന്‍ റിക്വസ്റ്റ് ചെയ്തു, നിങ്ങളെല്ലാവരും ഒന്ന് ഷെയര്‍ ചെയ്യണേ എന്ന്. കുടുംബക്കാരോടും വാപ്പച്ചിയോടും ഇത് പറഞ്ഞു. ഈ പടമെങ്കിലും എനിക്ക് വേണ്ടി ഒന്ന് പ്രൊമോട്ട് ചെയ്യണം എന്ന്. പിന്നീട് ഞാന്‍ ഫോണെടുക്കുകയാണെന്ന് പറഞ്ഞ് വാപ്പച്ചിയുടെ ഫോണില്‍നിന്ന് ഞാന്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്, ആ ട്രോളുകള്‍ എല്ലാം കറക്ടായിരുന്നു,’ ദുല്‍ഖര്‍ വെളിപ്പെടുത്തി.കുറുപ്പിന് തീയേറ്ററുകള്‍ രണ്ടാഴ്ച ഫ്രീ റണ്‍ ഉറപ്പു നല്കിയിട്ടുണ്ടെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

തീയേറ്റര്‍ റിലീസിന് വേണ്ടിയാണ് എല്ലാവരും വലിയ സിനിമകള്‍ ഒരുക്കുന്നത് ഒടിടി റിലീസ് ചെയ്യുന്നതിന് അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദുല്‍ഖര്‍ പറഞ്ഞു. ഭാവിയില്‍ ഒടിടി റിലീസുകള്‍ അനിവാര്യമാകുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
സിനിമയില്‍ സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തിട്ടില്ലെന്നും കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബവുമായി സിനിമയ്ക്ക് മുമ്പും ശേഷവും സംസാരിച്ച് അനുമതി വാങ്ങുകയും ചാക്കോയുടെ മകന്‍ സിനിമ കണ്ട് സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു. നടന്മാരായ ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഫിയോക് സെക്രട്ടറി സുമേഷ് ജോസഫ് എന്നിവരും സംസാരിച്ചു.

Back to top button
error: