Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെല്ലാം 20 ലക്ഷം പിഴയും 50,000 രൂപയും ശിക്ഷ; ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞു; കോടതിയില്‍ നടന്നത് ചൂടേറിയ വാക്‌പോര്; എല്ലാവര്‍ക്കും ഒരുപോലെ ശിക്ഷവേണമെന്ന വാദത്തിന് അംഗീകാരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പഴള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50,000 രൂപവീതം പിഴയും ശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

പ്രതികളെ രാവിലെ പതിനൊന്നോടെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു. തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വടിവാള്‍ സലിം പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയം താന്‍ മാത്രമാണെന്നും വടിവാള്‍ സലീം കോടതിയോട് പറഞ്ഞു. ഭാര്യയും മകളും ഉണ്ടെന്നും സലിം അറിയിച്ചു. പ്രദീപ് കോടതിയില്‍ കരഞ്ഞു.

Signature-ad

പ്രതികള്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ വാദവും പ്രതികളില്‍ ഓരോരുത്തരുടെയും അഭിഭാഷകരുടെ എതിര്‍വാദവും കേട്ട ശേഷം ആയിരുന്നു ശിക്ഷാവിധി മൂന്നരയ്ക്ക് പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ തന്നെ നല്‍കണമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ അങ്ങനെ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകരും ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തര്‍ക്കും ശിക്ഷ കൊടുക്കേണ്ടത് എന്ന് കോടതി ചോദിച്ചു. ഒന്നാംപ്രതി പള്‍സര്‍ സുനിയെ പോലെ രണ്ടു മുതല്‍ ആറു വരെയുള്ള പ്രതികളെ കാണാന്‍ പറ്റുമോ എന്നും കോടതി ചോദിച്ചു. രണ്ടു മുതല്‍ ആറു വരെയുള്ള കൃതികള്‍ക്ക് ഒന്നാം പ്രതിയുടെ അത്രതന്നെ വലിയ ശിക്ഷ കൊടുക്കണമോ എന്ന കാര്യം ബോധ്യപ്പെടുത്താനും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ഒന്നാംപ്രതി ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതിക്കൊപ്പം ചങ്ങലയിലെ കണ്ണികള്‍ പോലെ മറ്റു പ്രതികളും പ്രവര്‍ത്തിച്ചെന്നും അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വാദത്തിനിടെ സമൂഹത്തിനുവേണ്ടിയാണോ കോടതികള്‍ വിധി പറയേണ്ടതെന്നും അന്വേഷണം തീര്‍ന്നില്ലേയെന്നും കോടതി ചോദിച്ചു. അതിജീവിതയുടെ നിസ്സഹായ മനസ്സിലാക്കണം. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണ് ഇതെന്നും കോടതി പറഞ്ഞു. കേസിലെ മറ്റു പ്രതികളെ പോലെയല്ല പള്‍സര്‍ സുനി എന്നും കോടതി സുനിയുടെ അഭിഭാഷകനോട് പറഞ്ഞു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. ഒരു സ്ത്രീയുടെ നിസ്സഹായവസ്ഥ അയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് പള്‍സര്‍ സുനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

നിര്‍ഭയ സംഭവത്തിനുശേഷം ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നിര്‍ഭയ കേസുമായി ഇതിനെ താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു. അതിക്രൂര ബലാത്സംഗം നടന്നിട്ടില്ല എന്നായിരുന്നു സുനിയുടെ അഭിഭാഷകന്റെ വാദം. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച കോടതി സുനിയെ ശിക്ഷിച്ചതിന്റെ ഉത്തരവുകള്‍ എവിടെയെന്നും ചോദിച്ചു.

വിധി ന്യായം വായിക്കാതെ ആരും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കരുതെന്നും കോടതി പറഞ്ഞു. അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം വിധിന്യായം വായിക്കണം. പല സംശയങ്ങള്‍ക്കും ഉള്ള ഉത്തരം അതിലുണ്ട്. കോടതി വ്യക്തമാക്കി. നിങ്ങള്‍ ഹണി വര്‍ഗീസിന്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളൂ, പക്ഷേ കോടതിയുടെ വിശ്വാസ്യത തകര്‍ക്കരുത്, അങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരേ നിയമ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു.

അതിജീവിതയുടെ അഭിഭാഷ അഡ്വക്കേറ്റ് മിനി കോടതിയില്‍ ഉണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നില്ല. രാവിലെ അവര്‍ കോടതി വളപ്പില്‍ വച്ച് മാധ്യമങ്ങളെ കണ്ടുവെങ്കിലും കോടതി മുറിയിലേക്ക് കയറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിയലക്ഷ്യ കേസുകള്‍ പരിഗണിക്കാന്‍ പതിനെട്ടിലേക്കു മാറ്റി. ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും വിധിന്യായത്തിലുണ്ടാകും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം വിധിയില്‍ വ്യക്തമാകും. ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തില്‍വെച്ച് അതിക്രൂരമായ പീഡനം. ഇതിന് ശേഷം നടിയെ നടന്‍ ലാലിന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. നടന്‍ ലാല്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎല്‍എയും സംഭവം അറിഞ്ഞെത്തി. തുടര്‍ന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസിന് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.

ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2017 ഫെബ്രുവരി 19ന് കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയില്‍ വെച്ച് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ സൂചിപ്പിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട വടിവാള്‍ സലിം, പ്രദീപ് പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ എന്നിവരെ പൊലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനെത്തിയ പള്‍സര്‍ സുനി, വിജേഷ് എന്നിവരെ പൊലീസ് പിടികൂടി. 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. പിന്നാലെ റിമാന്‍ഡിലായ പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

2017 ഏപ്രില്‍ 18ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കേസില്‍ നടന്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. 2017 ജൂണ്‍ 23ന് കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പള്‍സര്‍ സുനി എഴുതിയ കത്ത് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത് കേസിലെ നിര്‍ണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

2017 ജൂണ്‍ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍വെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കപ്പെട്ട ദിലീപ് പിറ്റേന്ന് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവ് പൊലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

പിന്നീട് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിന് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. സുനില്‍ എന്‍ എസ്/ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച്/ വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍/ ദിലീപ്, സനില്‍ കുമാര്‍/ മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരായിരുന്നു കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.

 

2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ ആരംഭിച്ചു. കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ സാക്ഷികളെ അടക്കം കൂറ് മാറ്റി കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ അടക്കം നിരന്തരം സമീപിക്കുന്ന സാഹചര്യവുമുണ്ടായി.

ഇതിനിടയിലാണ് 2021 ഡിസംബര്‍ 25 സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ടറിലൂടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തുന്നത്. നടന്‍ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കി.

പിന്നാലെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള തുടരന്വേഷണത്തെ എതിര്‍ത്ത് ദിലീപ് രംഗത്തെത്തി. നീക്കത്തെ എതിര്‍ത്ത് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ 2022 ജനുവരി നാലിന് കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി. തുടര്‍ന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 2022 ജനുവരി 23ന് ദിലീപിനെ 33 മണിക്കൂര്‍ ചോദ്യം ചെയ്തു. പിന്നാലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിനെയും കൂട്ടുപ്രതികളെയും അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തിരുന്നു.

നടി കാവ്യാ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയയാക്കി. ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ, കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ തുറന്ന് പരിശോധിച്ചുവെന്ന പരാതിയും തുടര്‍നടപടികളും കേസിനെ വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി. മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ തുറന്നുവെന്ന വിഷയത്തില്‍ നിര്‍ണായകമായ നിരവധി തെളിവുകള്‍ ഇതിനകം പുറത്തുവന്നു.

ഇതിനിടെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 2024 സെപ്റ്റംബര്‍ 17ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2024 സെപ്റ്റംബര്‍ 24ന് കേസിന്റെ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. നീണ്ടുപേയ വിചാരണയില്‍ 2024 ഡിസംബര്‍ 11ന് കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2025 ഏപ്രില്‍ ഒന്‍പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. 2025 ഏപ്രില്‍ 11നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്.

 

 

Back to top button
error: