സംഭാഷണങ്ങള്‍ പോലും മറന്നുപോകുന്നു; മലയാളത്തിന്റെ പ്രിയനടി ഭാനുപ്രിയയ്ക്കു മറവിരോഗം? ദൈനംദിന ജീവിതത്തെയും ബാധിക്കുന്നെന്ന് റിപ്പോര്‍ട്ട്; രാജശില്‍പിയും അഴകിയ രാവണനും എങ്ങനെ മറക്കും; നൃത്തത്തില്‍ തുടങ്ങിയ അഭിനയജീവിതം
അന്നും ഓടി നടന്ന് അഭിനയിക്കുന്നതായിരുന്നില്ല ഭാനുപ്രിയയുടെ രീതി. മനസ്സിന് ഇണങ്ങുന്ന കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിച്ചുളളു. പ്രത്യേകതയുളള കഥാപാത്രങ്ങളില്‍ മാത്രം അവരെ കാസ്റ്റ് ചെയ്യാന്‍ സംവിധായകരും ശ്രദ്ധിച്ചു.

തൊണ്ണൂറുകളിലെ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ഭാനുപ്രിയയ്ക്കു മറവിരോഗമെന്നും ഡയലോഗുകള്‍ മറന്നുപോകുന്നെന്നും റിപ്പോര്‍ട്ട്. കൊച്ചുകൊച്ചു സന്തോഷങ്ങള്‍, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലൂടെയും മോഹന്‍ലാലിന്റെ രാജശില്‍പിയിലും അഴകിന്റെ നിറകുടമായി എത്തിയ താരമാണ് ഭാനുപ്രിയ. മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഇന്ന് മറവി രോഗത്തിന്റെ പിടിയിലാണ്.
സൂപ്പര്‍ താരങ്ങളുടെ നായിക
ആന്ധ്ര സ്വദേശിയാണെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. 1992-ല്‍ രാജശില്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഭാനുപ്രിയ മലയാളത്തില്‍ തുടക്കം കുറിച്ചു. ഇതിനൊപ്പം തമിഴും തെലുങ്കും കന്നടയിലും അവസരങ്ങള്‍ തേടിയെത്തിയ ഭാനുപ്രിയ പിന്നീട് മലയാളത്തിലേക്ക് എത്തിയത് 1995 ല്‍ സുരേഷ് ഗോപിയുടെ ഹൈവേ എന്ന ചിത്രത്തില്‍.
തൊട്ടടുത്ത വര്‍ഷം ഭാനുപ്രിയ മമ്മൂട്ടിയുടെ നായികയായി നായകനാക്കി കമല്‍ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ലും അഭിനയിച്ചു. കുട്ടിശങ്കരന്‍ എന്ന നായക കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിന്ന അനുരാധ എന്ന കഥാപാത്രം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ‘കുല’ത്തിലും സുരേഷ് ഗോപിയുടെ നായികയായി. 2000 ത്തില്‍ കൊച്ചുകൊച്ചു സന്തോഷങ്ങളിലെ മായ വര്‍ഷഎന്ന കഥാപത്രം ജയറാമിനൊപ്പം അവതരിപ്പിച്ചു. മഞ്ഞുപോലൊരു പെണ്‍കുട്ടി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, രാത്രി മഴ എന്നിവയാണ് ഭാനുപ്രിയ പിന്നീട് മലയാളത്തില്‍ ചെയ്ത ചിത്രങ്ങള്‍.
ചെറുപ്പത്തില്‍ തന്നെ നൃത്തത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഭാനുപ്രിയ 7 -ാം വയസ് മുതല്‍ നൃത്തപഠനം തുടങ്ങി. കൗമാരത്തിലെത്തിയപ്പോള്‍ സ്‌കൂളിലെ ഒരു ചടങ്ങില്‍ ചീഫ് ഗസ്റ്റായി എത്തിയ നടനും സംവിധായകനുമായ ഭാഗ്യരാജ് ഭാനുപ്രിയയെ കണ്ട് ഇഷ്ടപ്പെട്ട് ‘തൂരല്‍ നിന്തു പോച്ച്’ എന്ന പടത്തിലേക്ക് നായികയായി തെരഞ്ഞെടുത്തു. ഭാഗ്യരാജ് അന്ന് തമിഴ് സിനിമയിലെ മുടിചൂടാമന്നനാണ്. അദ്ദേഹത്തിന്റെ സിനിമയിലേക്ക് പരിഗണിക്കപ്പെടാനായി വലിയ താരങ്ങള്‍ കാത്തു നില്‍ക്കുന്ന കാലം. ഉടന്‍ തന്നെ അദ്ദേഹം ഭാനുപ്രിയയുടെ ഒരു ഫോട്ടോഷൂട്ട് വച്ചു. അതില്‍ പങ്കെടുത്ത് മടങ്ങിയ ഭാനുവിന് നിരാശാജനകമായിരുന്നു അനുഭവം. ആ സിനിമയില്‍ അവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു. ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഭാനുപ്രിയ തന്റെ കഥാപാത്രത്തിന് അനുയോജ്യയല്ലെന്നും അവര്‍ നേരില്‍ കാണുന്നതിലും ചെറുപ്പമായി ഫോട്ടോയില്‍ തോന്നുന്നുവെന്നും ഭാഗ്യരാജ് അഭിപ്രായപ്പെട്ടു. ഭാനുവിന് പകരം സുലക്ഷണ എന്ന നടി ആ റോളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇത് ഭാനുവിനെ മാനസികമായി തളര്‍ത്തി. അഭിനയിക്കുന്നു എന്ന് പറഞ്ഞ് പോയിട്ട് ചാന്‍സില്ലാതെ തിരിച്ചു ചെല്ലൂമ്പോഴുളള നാണക്കേട് ഓര്‍ത്ത് ഇനി സ്‌കൂളിലേക്കില്ല എന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി. അമ്മ വഴക്ക് പറഞ്ഞും നിര്‍ബന്ധിച്ചും വീണ്ടും സ്‌കൂളിലേക്ക് അയച്ചു. എന്നാല്‍ നടിയാകണം എന്ന നിയോഗം ഭാനുപ്രിയയ്ക്കുളളതു കൊണ്ട് ഒരു വഴി അടഞ്ഞപ്പോള്‍ മറ്റൊരു വഴി തുറന്നു. 1983ല്‍ ‘മെല്ലെ പേസുങ്കല്‍’ എന്ന തമിഴ് ചിത്രത്തിലുടെ അവര്‍ സിനിമയില്‍ വന്നു. തൊട്ടടുത്ത വര്‍ഷം ‘സീതാര’ എന്ന തെലുങ്ക് പടത്തിലും അഭിനയിച്ചു. അത് വന്‍ഹിറ്റായതോടെ ഭാനുപ്രിയ എന്ന പേര് മുന്‍നിര താരങ്ങളുടെ പട്ടികയില്‍ എഴുതി ചേര്‍ക്കപ്പെട്ടു. ‘ദോസ്തി ദുഷ്മന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ‘സ്വര്‍ണ്ണകമലം’ എന്ന തെലുങ്ക് സിനിമ ഭാനുപ്രിയയുടെ കരിയര്‍ മാറ്റി മറിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയ സിനിമ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി.
മികച്ച നടിക്കുളള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ്, ഇന്ത്യന്‍ എക്സ്പ്രസ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ‘അഴകന്‍’ എന്ന പടത്തിലെ അഭിനയത്തിന് തമിഴ്നാട് സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. അന്നും ഓടി നടന്ന് അഭിനയിക്കുന്നതായിരുന്നില്ല ഭാനുപ്രിയയുടെ രീതി. മനസ്സിന് ഇണങ്ങുന്ന കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിച്ചുളളു. പ്രത്യേകതയുളള കഥാപാത്രങ്ങളില്‍ മാത്രം അവരെ കാസ്റ്റ് ചെയ്യാന്‍ സംവിധായകരും ശ്രദ്ധിച്ചു. നായകന്റെ വാലായി നടക്കുന്ന നായികമായിരുന്നില്ല ഒരു കാലത്തും ഭാനു. ഒട്ടും ഈഗോയില്ലാത്ത കലാകാരിയായിരുന്നു. നായികയായി കത്തി നില്‍ക്കുന്ന കാലത്ത് പോലും മറ്റ് നായികമാര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ അവര്‍ തയ്യാറായി. ‘ഇന്ത്യന്‍’ എന്ന പടത്തില്‍ ഊര്‍മ്മിള മണ്ഡോദ്കറിനും ‘അരുണാചല’ത്തില്‍ രംഭയ്ക്കും ‘സൂര്യവംശ’ത്തില്‍ പ്രിയാ രാമനും ശബ്ദം നല്‍കിയിരിക്കുന്നത് ഭാനുപ്രിയയാണ്. വൈകിയാണ് ഭാനുപ്രിയ മലയാളത്തിലെത്തുന്നത്. പക്ഷേ, അത് അവരുടെ കരിയറില്‍ നിര്‍ണ്ണായകമായി.
വിവാഹ ജീവിതം
1998 ല്‍ ആദര്‍ശ് കൗശാലുമായി ഭാനുപ്രിയ വിവാഹം നടന്നു. വിവാഹ ശേഷവും ഭാനുപ്രിയ അഭിനയം തുടര്‍ന്നു. മഞ്ഞുപോലൊരു പെണ്‍കുട്ടി, തെലുങ്ക് ചിത്രമായ ‘ലഹരി ലഹരി ലഹരിലോ’, തമിഴില്‍ ‘നൈന’, കന്നഡയില്‍ ‘കദംബ’ എന്നി ചിത്രങ്ങളില്‍ ഇക്കാലയളവില്‍ ഭാനുപ്രിയ അഭിനയിച്ചവയാണ്. 2005 ല്‍ ഭാനുപ്രിയ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ അഭിനയ എന്നൊരു മകളുണ്ട്. 2018 ല്‍ മുന്‍ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതോടെ ഭാനുപ്രിയയുടെ ജീവിതത്തില്‍ പ്രതിസന്ധികളും ആരംഭിച്ചു.
മറവിയിലേക്ക്
താമസിയാതെ, ഭാനുപ്രിയ ഓര്‍മ്മക്കുറവിലേക്ക് എത്തി. ദൈനംദിന ജീവിതത്തെയും ഇഷ്ടങ്ങളെയും ബാധിക്കാന്‍ തുടങ്ങി. ചെറുപ്പം മുതല്‍ നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചലച്ചിത്രമേഖലയിലും പൊതുജീവിതത്തിലും സ്വന്തമായി ഒരിടം കണ്ടെത്തിയ ഭാനുപ്രിയയ്ക്ക് പിന്നീട് ഇവയില്‍ താത്പര്യം നഷ്ടപ്പെട്ടു.
‘എനിക്ക് സുഖം തോന്നുന്നില്ല. മറവിയുടെ പ്രശ്‌നമുണ്ട്. പഠിച്ച കാര്യങ്ങള്‍ മറുന്നു പോകുന്നു. ഡാന്‍സില്‍ താല്‍പര്യമില്ല. വീട്ടില്‍ പോലും ഇപ്പോള്‍ നൃത്തം പരിശീലിക്കാറില്ല’. രണ്ടു വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞു. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങള്‍ പോലും മറന്നുപോകുന്ന അവസ്ഥയുണ്ടായതായും ഭാനുമതി പറയുന്നു. ‘സില നേരങ്ങളില്‍ സില മനിതര്‍കള്‍’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഡയറക്ടര്‍ ‘ആക്ഷന്‍’ എന്ന് പറയുമ്പോള്‍ എന്റെ സംഭാഷണങ്ങള്‍ ഞാന്‍ മറന്നുപോയി’ ഭാനുപ്രിയ വെളിപ്പെടുത്തി. അവസാനമായി ശിവകാര്‍ത്തികേയന്റെ ‘അയലാന്‍’ (2024) എന്ന സിനിമയിലാണ് ഭാനുപ്രിയ അഭിനയിച്ചത്.






