Breaking NewsKeralaLead NewsLIFEMovieNEWSNewsthen Special

സമ്മര്‍ ഇന്‍ ബേത്‌ലെഹേം മുതല്‍ അവതാര്‍വരെ; ഡിസംബറില്‍ തിയേറ്ററിലേക്ക് ഇരച്ചെത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍; കളങ്കാവലിനെ മറികടക്കുമോ മോഹന്‍ലാലിന്റെ വൃഷഭ? നിവന്‍ പോളിയുടെ ‘സര്‍വം മായ’ ക്രിസ്മസിന്

കൊച്ചി: സിനിമാ പ്രേമികള്‍ക്ക് ഇരട്ടി സന്തോഷവുമായി ഡിസംബറില്‍ എത്തുന്നത് ഒരുപറ്റം ചിത്രങ്ങള്‍. റിലീസിനൊപ്പം പഴയ പടങ്ങളുടെ റീ റിലീസുമുണ്ടാകും. ഹൊറര്‍, പ്രണയം, ത്രില്ലര്‍, കോമഡി തുടങ്ങി വിവിധ ജോണറിലുള്ള ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുന്നത്. സമ്മര്‍ ഇന്‍ ബെത്‌ലഹേം റീറിലീസടക്കം മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളും ക്രിസ്മസിനുണ്ട്.

പ്രീസെയില്‍ റെക്കോര്‍ഡുമായാണ് മമ്മൂട്ടി ചിത്രം കളങ്കാവല്‍ തിയറ്ററിലേക്ക് എത്തിയത്. ഒന്നേകാല്‍ കോടിയാണ് പ്രീസെയിലിലൂടെ സ്വന്തമാക്കിയതെന്ന് മമ്മൂട്ടി കമ്പനി തന്നെ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നുണ്ട്. കളം നിറഞ്ഞ് കളിക്കാന്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രമെത്തുമ്പോള്‍ നായകനായി എത്തുന്നത് വിനായകനാണ്. ജിതിന്‍ കെ.ജോസാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Signature-ad

ശ്രീനാഥ് ഭാസിയുടെ രണ്ട് ചിത്രങ്ങളും തിയേറ്ററുകളിലെത്തി. എ.ബി.ബിനില്‍ സംവിധാനം ചെയ്യുന്ന പൊങ്കാലും റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസുമാണ് ചിത്രങ്ങള്‍. വയലന്‍സ് അധികമായതിനെ തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് എട്ട് സീനുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച പൊങ്കാല എ സര്‍ട്ടിഫിക്കറ്റോടെയാണ് തിയറ്ററിലെത്തുന്നത്. യാത്രകളെയും സൗഹൃദത്തെയും ആഘോഷമാക്കുന്നവര്‍ക്കായി അണിയിച്ചൊരുക്കിയ റോഡ് മൂവിയാണ് ഖജുരാഹോ ഡ്രീംസ്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്കൊപ്പം അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ധ്രുവനും പ്രധാന കഥാപാത്രമാകുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍ പൊലീസ് വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ധീരവു തിയേറ്ററുകളിലുണ്ട്. ജിതിന്‍ ടി. സുരേഷ് ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദിവ്യ പിള്ള, നിശാന്ത് സാഗര്‍, രഞ്ജി പണിക്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സുധി കോപ്പ, ആന്‍ ശിതളും പ്രധാന വേഷത്തിലെത്തുന്ന ദി റൈഡും പ്രദര്‍ശനത്തില്‍ മത്സരിക്കുന്നു.

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ ഡിസംബര്‍ 12ന് തിയറ്ററിലെത്തും. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം ‘സമ്മര്‍ ഇന്‍ ബെത്ലഹേം’ റീറിലീസിന് എത്തുന്നത് ഡിസംബര്‍ 12 നാണ്. ദിലീപ് ചിത്രം ‘ഭ.ഭ.ബ’ ഡിസംബര്‍ 18ന് തിയറ്ററില്‍ എത്തും. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധാനം. മായക്കാഴ്ചകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് ഡിസംബര്‍ 19 ന് തിയറ്ററിലെത്തുകയാണ്.

ക്രിസ്മസ് ആഘോഷം കളര്‍ ആകാന്‍ ലാലേട്ടനും എത്തുന്നുണ്ട്. 2025 ലെ മോഹന്‍ലാലിന്റെ അവസാന റിലീസ് ആയി എത്തുന്നത് ബ്രഹ്‌മാണ്ഡ ചിത്രം വൃഷഭയാണ്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്.

അഖില്‍ സത്യന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം ‘സര്‍വ്വം മായ’ ക്രിസ്തുമസ് ദിന റിലീസ് ആയാകും എത്തുക. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’ക്കുണ്ട്. ബിജു മേനോന്‍ , ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളനും ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: