‘ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറാതെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടെന്ന് പറയാന്‍ കഴിയില്ല, ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍’; ഗാസ കരാര്‍ പ്രതിസന്ധിയിലെന്ന സൂചനയുമായി ഖത്തര്‍ പ്രധാനമന്ത്രി; അടുത്തയാഴ്ച രണ്ടാം ഘട്ടത്തിലേക്കു കടക്കുമെന്ന് അമേരിക്ക; ഹമാസിനും നിര്‍ണായകം

ദോഹ: ഗാസയിലെ ഇപ്പോഴത്തെ സ്ഥിതി വെടിനിര്‍ത്തലായി പരിഗണിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലി സൈന്യം പൂര്‍ണമായും പിന്മാറണമെന്നും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ കരാര്‍ നിര്‍ണായക ഘട്ടത്തിലാണ്. അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ശനിയാഴ്ച മാത്രം പത്തുപേര്‍ കൊല്ലപ്പെട്ടെന്നും അല്‍-താനി പഞ്ഞു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാന്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ദോഹ ഫോറം പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അല്‍-താനി.
ഇപ്പോള്‍ ചര്‍ച്ചകള്‍ നിലച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാസയില്‍ വെടിനിര്‍ത്തലെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണം. അതല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും അല്‍താനി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഒക്ടോബര്‍ പത്തിനു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം കരാറില്‍ പറഞ്ഞ മേഖലയിലേക്കു പിന്മാറിയിരുന്നു. ഗാസയെ കിഴക്കന്‍-പടിഞ്ഞാറന്‍ മേഖലകളാക്കി വിഭജിക്കുന്നയിടമാണിത്. 20 ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടു നല്‍കിയെങ്കിലും ഇപ്പോഴും കൊല്ലപ്പെട്ട പോലീസ് ഉദേ്യാഗസ്ഥന്റെ മൃതദേഹം കൈമാറിയിട്ടില്ല.
ഈ ആഴ്ച റഫ അതിര്‍ത്തി തുറന്ന ഇസ്രമേല്‍, പലസ്തീനികള്‍ക്ക് ഗാസയില്‍നിന്നു പുറത്തേക്കു പോകാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാല്‍, ഈജിപ്റ്റ് ഇതിനെ എതിര്‍ത്തു. പലസ്തീനികള്‍ക്കു ഗാസ മുനമ്പിലേക്കു പോകാനുള്ള അനുമതിയും നല്‍കണമെന്നായിരുന്നു ആവശ്യം.
അടുത്താഴ്ച തന്നെ കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. നിലവില്‍ ഖത്തര്‍, തുര്‍ക്കി, ഈജിപ്റ്റ്, യുഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടമായി രാജ്യാന്തര സൈന്യവും പിന്നാലെ പലസ്തീന് സര്‍ക്കാരിനെ ഭരണം ഏല്‍പ്പിക്കുകയുമാണ് ലക്ഷ്യം. എന്നാല്‍, ഇതിനെയും അല്‍-താനി തള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിന്റെ വേരുകളിലേക്ക് ഇറങ്ങാതെ പരിഹാരം അസാധ്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘ഗാസയില്‍ മാത്രമല്ല പ്രശ്ങ്ങള്‍. വെസ്റ്റ് ബാങ്കിലും അനിശ്ചിതാവസ്ഥ തുടരുകയാണ്. പലസ്തീനികള്‍ക്ക് അവരുടെ രാജ്യത്ത് അവകാശങ്ങള്‍ പൂര്‍ണതോതില്‍ പുനസ്ഥാപിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി യുഎസുമായി ചേര്‍ന്നു പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നെന്നും അല്‍-താനി പറയുന്നു.






