പിന്തുണച്ചവന് പൂജപ്പുരയില്‍, കുറ്റാരോപിതന് റിസോര്‍ട്ടില്‍! മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ വീണ്ടും എയറില്‍; വീണ്ടും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; രേഖകള്‍ ഹാജരാക്കുംവരെ അകത്ത്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസമുണ്ടെങ്കിലും ശക്തമായി വാദിച്ചു സോഷ്യല്‍ മീഡിയയില്‍ എത്തയ രാഹുല്‍ ഈശ്വര്‍ അകത്തുതന്നെ. കുറ്റാരോപിതന്റെ അറസ്റ്റ് തടയുകയും പിന്തുണച്ചയാള് അകത്താകുകയും ചെയ്ത അപൂര്‍വ സാഹചര്യത്തിനാണ് ഇന്നു കേരളം സാക്ഷിയാകുന്നത്.
രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയായിരുന്നു. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന് ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്’ എന്നതു വരെയെത്തി. പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’.
ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരത്തിന്റെ വേലിയേറ്റമായിരുന്നു. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള് ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക് ജയിലിലൊരു മുപ്പത് സെക്കന്‍ഡ് തരുമോ’? എന്ന് ട്രോളുകയാണ് സോഷ്യല്‍ മീഡിയ.
ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ച രാഹുല്‍ ഈശ്വര്‍ കൂടുതല മണ്ടത്തരമാണു കാട്ടുന്നതെന്നും ആരോപിച്ചു സോഷ്യല്‍ മീഡിയ രംഗത്തുവന്നു. കേരള ജയില്‍, കറക്ഷണല്‍ സര്‍വീസ് (മാനേജ്മെന്റ്) നിയമം, 2010 ലെ വകുപ്പ് ജയില്‍ കുറ്റകൃത്യങ്ങളും ശിക്ഷകളും 81(31), (32) പ്രകാരം ജയിലില്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതോ, നിരാഹാര സമരം നടത്തുന്നത് ജയില്‍ കുറ്റകൃത്യമാണ്. അതായത് വകുപ്പ്(31) പ്രകാരം ഉപവാസം പോലുള്ള മതപരമായ ആചാരങ്ങള്‍ ഒഴികെയുള്ള ഭക്ഷണം ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ വകുപ്പ്(32) പ്രകാരം ഏതെങ്കിലും നിയമം, നിര്‍ദ്ദേശങ്ങള്‍ മുതലായവയ്ക്കെതിരെ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുകയോ ചെയ്യുന്നത് ജയില്‍ കുറ്റകൃത്യമാണ്. മാത്രവുമല്ല ജയിലില്‍ നിരാഹാരം നടത്തുന്ന തടവുകാരനെ കാണാന്‍ സന്ദര്‍ഷകരെ അനുവദിക്കില്ല എന്നുമാണ് നിയമം എന്ന് മിനിമം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും എന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ മുന്നറിയിപ്പ്.
രണ്ടു കോടതികളില്‍ ഒരേസമയം ജാമ്യ ഹര്‍ജി നല്‍കിയതോടെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സ കാതറിന് ജോര്‍ജ് വാദം മാറ്റിവച്ചതോടെ ഈശ്വറിന്റെ പുറത്തിറങ്ങല്‍ ഇനിയും വൈകും. പുറത്തിറങ്ങിയാല്‍ തന്നെ അധിക്ഷേപ പോസ്റ്റുകള്‍ ഇടരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്കാന് സാധ്യതയുണ്ട്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലുമാണ് രാഹുല്‍ രണ്ട് അഭിഭാഷകര്‍ മുഖേന ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുളള വെല്ലുവിളിയും നിയമ ലംഘനവുമാണെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ച കോടതി ജാമ്യഹര്‍ജി കേള്‍ക്കുന്നത് മാറ്റിവച്ചു. ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേസില്‍ വാദം കേള്‍ക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കേസുകളുടെ എഫ്ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കെ കീഴ്ക്കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതു നിയമവിരുദ്ധമാണെന്നു പ്രോസിക്യൂഷന് പറഞ്ഞു. എന്നാല്‍ ജില്ലാ കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പ്രതിഭാഗം അറിയിച്ചു.
പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടും രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന് വാദിച്ചു. കണ്ടെടുത്ത ലാപ് ടോപ്പിന്റെ പാസ്വേഡ് നല്കാന് പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കും.
നേരത്തേ ജാമ്യാപേക്ഷ തള്ളിയ ജില്ലാ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു. പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കുംവിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.






